Tuesday, February 7, 2017

വെളിച്ചം



വരണ്ടുണങ്ങുന്ന ഭൂമിയെ കണ്ടാ
കുലാർദ്രം നിറയുന്നു മിഴികൾ
വളരുന്നനുദിനവും ഹൃത്തടത്തിൽ
ഇരുൾ മൂടിയ ചിതൽ തിന്ന സ്വപ്നങ്ങളും
ഇടക്കെത്തിനോക്കുന്നു,ഇരുളിൽ
വെളിച്ചമെന്നപോലൊരു കാട്ടുപ്പൂവിൻ
ദൈന്യതയേറിയ മന്ദഹാസവും!
ചിരി തൻ നേർത്ത പ്രകാശത്തെ
തല്ലിക്കെടുത്താൻ വെമ്പൽപൂണ്ടരികെ
നിൽപ്പൂ ധാർഷ്ട്യത്തിൻ മുള്ളിൻപൂക്കളും
അഹങ്കാരധാടിയിൽ നിന്നാക്രോശിപ്പൂയവ
അന്ധത വരിക്കട്ടെ ഹൃദയസരസ്സുകൾ
അരുതിവിടെ ചിരിതൻ നേർത്ത പ്രകാശവും
ചെറു തിരി തെളിക്കും ചിരാതിൻ വെളിച്ചവും
ഉയരുന്നു വെൺവാക്കുകളെ തകർക്കും
വിലക്കിൻ കനത്ത മതിലുകൾ!
ഭൂമി തൻ ചലനങ്ങൾ നോക്കി മാറിയിരിപ്പൂ
നീലാകാശക്കോണിലൊരു താരകയും!
കനലിൽ വീണുടഞ്ഞുപൊള്ളിയ സ്വപ്നങ്ങൾ
പുനർജ്ജനിച്ചുരുവിടുന്നു...ഒഴുക്കുമിവിടെ
നറും വെളിച്ചത്തിൻ വാക്കിൻ വീചികൾ
പ്രകാശധോരണികളായി അലയടിക്കും
ഞങ്ങൾ ദിങ്മുഖങ്ങളിലാകവെ.....
നിറയട്ടെ ഉൺമ തൻ അരുണോദയങ്ങൾ
അറിവിൻ പൊന്നൊളി വീശും കതിരുകളായി..
തല്ലിക്കെടുത്താനകില്ലീയനന്തമാം
വെളിച്ചത്തിൻ കൽവിളക്കുകളെ...!
അറിയുക ഇരുൾ മാത്രമല്ലീ ജീവിതം
ഇരുളിൽ കലർന്നുയിർക്കൊണ്ടു വരുന്നു
വെളിച്ചത്തിൻ ദീപ്തമാം നവകേസരങ്ങളും! 

1 comment:

സുധി അറയ്ക്കൽ said...

ഇരുളിൽ മറവിൽ നിന്നും വെളിച്ചം തലനീട്ടട്ടെ!!!