Tuesday, February 7, 2017

കണ്ണുകൾ


ഇരുട്ടിന്റെ മൂടുപടം
വകഞ്ഞുമാറ്റി
വെള്ളിവെളിച്ചത്തിന്റെ
ലോകത്തേക്ക്
ചേക്കേറിയത് നാമൊരുമിച്ചായിരുന്നു
മേഘക്കീറുകൾക്കിടയിലെ
ആകാശച്ചിന്തയെ കണ്ടതും
മണ്ണടരുകൾക്കുള്ളിലെ
ജീവന്റെ തുടിപ്പു കണ്ടതും
ആഴമേറിയ ദീപ്തപ്രകാശങ്ങളെ
കൈക്കുമ്പിളിൽ കോരിയെടുത്തതും
ഒരുമിച്ച്....
പിന്നെ ഋതുക്കൾ മാറിമറിഞ്ഞതും
ജീവന്റെ ഭാവപ്പകർച്ചകളെ
ഏറ്റെടുത്തു, നേരിട്ടതും
ഒന്നിച്ചു തന്നെ
കാഴ്ച്ചകളെ ഒരു പോലെ
സ്വീകരിക്കുന്നതിന്നിടയിൽ
എപ്പോഴോ നിന്റെ ദർശിനികളിൽ
മഞ്ഞുമലകൾ ഇറങ്ങിവരുന്നത്,
,ഞാനറിഞ്ഞില്ലായിരുന്നു...
എനിക്കൊപ്പം തന്നെ ഉണ്ടെന്ന്
വിശ്വസിച്ചിരുന്ന ഞാനറിഞ്ഞു
നീ എന്നിൽ നിന്നകലുന്നെന്ന്
ആ കണ്ണിലെ വെളിച്ചം കൂടിയാവാൻ
ഞാൻ കിണഞ്ഞു ശ്രമിച്ചു..
പക്ഷേ അപ്പോഴേക്കും
മഞ്ഞുമലകളുടെ ആക്രമണം
ചെറുക്കാനാവാതെ
ഞാനും നീയും.....!
ആ മഞ്ഞുമലകളെ മുറിച്ചുമാറ്റുന്നത്
ഞാൻ ആശങ്കയോടെ കണ്ടു
കണ്ണാഴങ്ങളിലെ കാഴ്ച്ചകൾ...
പ്രഭാതത്തിലെ
ചെങ്കനൽ സൂര്യന്റെ രശ്മികൾ !
അതൊ കൊല്ലന്റെ
തിളക്കുന്ന ആലയോ?
കടലാഴങ്ങളിലെ
പവിഴപുറ്റുകൾ...കാഴ്ച്ചകൾക്കൊടുവിൽ
പൂർണ്ണമായ അന്ധകാരം
എല്ലാറ്റിനുമുപരി കയറി വന്നു
വെളിച്ചത്തേയും വെല്ലുവിളിക്കുന്ന
പ്രകാശം....
ഇപ്പോൾ പുതിയ കാഴ്ച്ചകളുടെ
വെള്ളിവെളിച്ചത്തിൽ നീ
എന്നോടൊപ്പമുണ്ടെങ്കിലും
എന്റെ കാഴ്ച്ചകളിൽ
വ്യതിയാനം ഉള്ളതു പോലെ
വെളിച്ചത്തിന്റെ
രണ്ടനുപാതങ്ങളിൽ
രണ്ടു ദിശകളിലാണ്‌ നാമിപ്പോൾ!

1 comment:

സുധി അറയ്ക്കൽ said...

ശ്ശൊ.ഒന്നിച്ച്‌ നിന്നോ.