Friday, February 17, 2017

തൊട്ടിൽ


തൊട്ടിലാട്ടുന്നിതാ  പേരാലിൻക്കൊമ്പിലൊരു
മുത്തശ്ശിയമ്മ തന്റെ ശോഷിച്ച കയ്യാലെ
ഇടറുന്ന കണ്ഠത്തിൽ നിന്നുമുയരുന്നു
തരളമാമുറക്കുപാട്ടിൻ ശീലുകളും
ഏതു ഭാഷയാണേലും അമ്മ തൻ നെഞ്ചിൽ
നിന്നുയരുന്ന പാട്ടിൻ താളവുമീണവുമൊന്നുപോലെ


കൈകാലിട്ടടിച്ചു വിശപ്പിൻ വിളി സഹിയാഞ്ഞൊരു കുഞ്ഞിൻ കരച്ചിലുമുച്ചസ്ഥായിയിൽ
പുതുവഴികൾ വെട്ടുന്നതിൽ ശ്രമം പൂണ്ടിവൾ തൻ
ജന്മദാതാക്കളീയെരിയും സൂര്യജ്വാലയിൽ
തളർന്നവശത പൂണ്ടു പേശികൾ മുറുകി
വിയർപ്പാറ്റിക്കുറുക്കുന്നുയീ നരജന്മങ്ങൾ
ലോലമാം കയ്യാൽ വീശുക തെന്നലെയീ കുഞ്ഞിൻ
വരളും ചുണ്ടുകൾക്കായിത്തിരി പാൽ മണവും
അമ്മിഞ്ഞപ്പാലില്ലയിവൾക്കേകുവാനായി
മാംസമടർന്നോരമ്മ തന്നെഞ്ചിൻ കൂടിൽ
വേനൽത്താപത്തിലുരുകുന്നു വേദനക്കനലും
വറ്റിവരളുന്നൊരാ ജീവിതപ്പടിയിൽ
ഋതുഭേദങ്ങളില്ലാതെയദ്ധ്വാനിപ്പൂയീ
മനുഷ്യക്കോലങ്ങൾ ജീവിതവണ്ടിയുന്തുവാൻ
അന്നമില്ല,കുടിനീരില്ല,മാറ്റിയുടുക്കാനൊരു
തുണ്ടു പഴന്തുണിപ്പോലുമില്ലയീ പാവങ്ങൾക്കു
അപ്പോഴും കാണ്മൂ നാം ലോകത്തിൻ മറുപുറം
ആഢംബരത്തിന്നലുക്കുകളായാടുന്നു മണിത്തൊട്ടിലുകൾ
കുഞ്ഞേ,നിനക്കു വിധിച്ചതീ വൃക്ഷത്തിൻ കയ്യിലെ തൊട്ടിൽ
ശാന്തമായുറങ്ങുക പ്രകൃതി തൻ താളത്തിൽ
ഉരുവിടുന്ന കിളികൾ തൻ കളമൊഴികളും കേട്ട്‌
വിശപ്പിൻ ശത്രു മുരളുന്നുവോ നിന്നുദരത്തിൽ?
എൻ മണിക്കുഞ്ഞേ ഞാനുമൊരു ഭിക്ഷാംദേഹി..
താരാട്ടിലലിഞ്ഞു കേൾപ്പതേതു വിഷാദരാഗം?
ജീവിതമേറെക്കുടിച്ചൊരീ മുതശ്ശി തൻ ഗദ്ഗദമോ...
പുതുവഴിയായാൽ കയ്യാളാനെത്രയോ പേർ
വഴി തീർത്തവരോയധഃകൃതരുമന്യരുമാകുന്നു
നെറികേടുകൾ കുന്നുകൂടുന്നൊരു ലോകമേ
നീ പുറം തിരിഞ്ഞു മുഖമടച്ചുനിൽക്കാതെ
നൽകുകയീ ചോര നീരാക്കുന്നവർക്കിത്തിരി തണലും!

No comments: