Sunday, June 25, 2017

ധ്രുവനക്ഷത്രം'.... ഇന്ദിരാ ബാലൻ


കാലത്തിൻകുട കണ്ണു പൂട്ടിയെങ്കിലും
ഞാറ്റുവേല പോലെതുടിച്ചാർക്കുന്നു
കവിയച്ഛന്റെ തൂലികപകർന്ന കാവ്യഗാഥകൾ
നിളാനദി പോലൊഴുകുന്നുഹൃദയത്തിൽ
നിത്യകന്യകയെത്തേടി നടന്നവസന്തങ്ങൾ
മഹാ പാദധൂളികൾ നമിച്ചയവിറക്കുന്നു
ഉഷസ്സിൻ മലരുകളിന്നുമാകാവ്യ
വൈഭവത്തിൻ സർഗ്ഗജാലങ്ങളോരോന്നായ്


വന്നു പറയുന്നു തെന്നൽ കുറിപ്പുകൾ
പാടുക പാടുക കവിയച്ഛൻതോറ്റി -
യുണർത്തിയ മാനവ ഗീതങ്ങൾ
ഒഴുകി നീല നീരദ ചാർത്തുകളിൽ നിന്നും
സ്ഫടിക രാഗത്തിൻനിലാവഴകുകൾ
രഥോൽസവത്തിൻ ചക്രങ്ങൾതിരിച്ചു
ചിത്രവർണ്ണാങ്കിത സ്വപ്നങ്ങളൊരുക്കി
കുടഞ്ഞിട്ടു കാവൃമധുവിൻസ്നേഹാക്ഷരങ്ങൾ
കളിയച്ഛനും കവിയച്ഛനുംഇരുന്നരുളി
പകർന്നാടിയ മാനുഷവേഷഭാവത്തിൽ
നിന്നുയിർക്കൊണ്ടു പുതിയൊരു കടൽകാവ്യം
രാഷ്ട്രത്തിൻ നരബലിയേറ്റുവാങ്ങി
നടന്നു നീങ്ങി സർവ്വ സാക്ഷിയായ്
കുറ്റബോധത്തിൻ നീതിശാസ്ത്രങ്ങൾ
ശിരസ്സിലേറ്റിഅവധൂതനെപ്പോൽ
നിസ്സംഗനായെങ്കിലും നിറഞ്ഞു തുളുമ്പി
തൂലികത്തുമ്പിൽ സരസ്വതീയാമങ്ങൾ
ആദർശ്ശ മണ്ഡല സൗരയൂഥത്തിൻ
സൂര്യനായ് നിന്നു വെളിച്ചത്തിൻസ്വാതന്ത്ര്യം
തൂകി നിന്നബാപ്പുജി തൻ മെതിയടികളെ
പാടി 'സ്തുതിച്ച മഹാകവേ..
വിണ്ണിൽ മിഴി തുറക്കുംധ്രുവ നക്ഷത്രം പോൽ
ജ്വലിച്ചു നിൽപ്പൂ ഇന്ദ്രധനുസ്സൊളി ചിതറിയ
കാവ്യ സുമങ്ങളിന്നുമീകാവ്യാരാമത്തിൽ
നിറവും മണവുംതൂകിയനുദിനം
ജീവിതാക്ഷരങ്ങളിൽകലരുന്നു
സൂര്യശോഭ പകർന്നവായ്ത്താരികൾ
പൂപ്പൊലിപ്പാട്ടിലാർത്തുകുളിച്ചു
ഒളിച്ചു പൂക്കളംതീർത്ത
കാവ്യപുലർവേളകളിന്നും
തൊട്ടുണർത്തുന്നു മലനാടിനെ
ആർത്തലയ്ക്കുന്ന തിരകളിലൊരു
ചെറുതോണിയായ് മന്ദംതുഴഞ്ഞെത്തുന്ന
പ്രഭാതങ്ങളിന്നും നെയ്തെടുക്കുന്നു
ചന്ദന കാവൃമലരുകളാൽ
സ്മൃതി മണ്ഡപങ്ങൾ!

No comments: