“വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ “എന്ന വൈലോപ്പിള്ളി വരികളെ മറക്കാനാകുമോ? ഇത്തരം വരികളെ , സത്യത്തെ നിശ്ശേഷം തകർത്തുകൊണ്ടാണ് ഇന്ന് കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമങ്ങൾ നടമാടുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള പുക്കിൾക്കൊടി ബന്ധത്തിൻ്റെ വിലയറിയാത്ത നീചമനസ്സിന്നുടമകളായി മാറുന്നു പല ഉത്തരാധുനിക രക്ഷിതാക്കളും.
രക്ഷിക്കുന്ന കൈകൾക്ക് തെറ്റ് കാണിച്ചാൽ ശിക്ഷിക്കാനധികാരമുണ്ട്. എന്നാൽ കൊന്നുകളയാൻ മാത്രം മാതൃഹൃദയങ്ങൾ കല്ലായി മാറുന്നതെങ്ങിനെ? മാനസിക വൈകല്യം എന്നും പറഞ്ഞ് ഇത്തരക്കാർക്ക് ശിക്ഷയിൽ നിന്നും ഇളവും ലഭിക്കുന്നു. ? കുറച്ചു കാലമായി ഇത്തരം വാർത്തകൾ തലങ്ങും വിലങ്ങും കേൾക്കുകയും കാണുകയും ചെയ്യുന്നു. വിവാഹേതര ബന്ധങ്ങളും സൈബർ സ്പെയ്സുകളും മറ്റൊരു തരത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുണ്ട് . എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ ന്യായീകരിക്കാനാകില്ല. ഇക്കഴിഞ്ഞ ദിവസം നടന്നത് എത്ര ദാരുണമാണ്. ഒരു വയസ്സായ കുഞ്ഞിനെ പാൽമണം മാറുന്നതിന് മുമ്പെ സ്വന്തം സുഖത്തിന് വേണ്ടി പാറക്കല്ലിൽ അടിച്ചു കൊല്ലുക. ഹൃദയഭേദകമായ ഈ പ്രവൃത്തി ചെയ്യാൻ ഒരമ്മക്കെങ്ങിനെ കഴിയുന്നു? മാതൃത്വത്തിന് തീയിടുന്നവർ. ഇത്രയും ക്രൂരവും നീചവുമായ ഈ സാമൂഹ്യാവസ്ഥയിൽ മാനസികാരോഗ്യമുള്ള ഒരു സമൂഹം എങ്ങിനെ സംജാതമാകും? ഉത്തരങ്ങൾ ആര് തരും? ഇത്തരം വാർത്തകൾ ആത്മാവിനെക്കൂടി കത്തിച്ചാമ്പലാക്കുന്നു. കുറ്റകൃത്യത്തിന് ശേഷം തെളിവെടുപ്പിന് കൊണ്ടു പോകുമ്പോഴും ആ യുവതി (ശരണ്യ ) യുടെ നിർമ്മമമായ മുഖത്ത് കുറ്റബോധമോ സങ്കടമോ കാണുന്നില്ല എന്നതിൽ നിന്നും അവൾ ആരോഗ്യമുള്ള മനസ്സിന്നുടമയല്ലെന്ന് മനസിലാക്കാം. കുട്ടിക്കാലത്തോ കൗമാരകാലഘട്ടത്തിലൊ അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ ചിലരിൽ മാനസിക വ്യതിയാനങ്ങൾക്ക് അഥവാ വൈകല്യങ്ങൾക്ക് കാരണമാകാമെന്ന് മന:ശാസ്ത്ര പഠനങ്ങൾ . അന്ന് മുതലേ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള വൈചിത്ര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്നു പലരിലും. പ്രത്യക്ഷത്തിലിതറിയുകയും ഇല്ലത്രെ. അത്തരക്കാർ ജീവിതത്തിൻ്റെ പല ഘട്ടങ്ങളിൽ ക്രൂരതകൾ സ്വയമറിയാതെ ചെയ്യുന്നുവെന്നും മന:ശാസ്ത്ര ഭാഷ്യങ്ങൾ . കെട്ടുറപ്പുള്ള ഒരു ചുറ്റുപാടിൽ വളരുന്നുവെങ്കിൽ ഇത്തരം മാനസിക വൈകൃതങ്ങൾ ഉടലെടുക്കുമോ? അതും ആലോചിക്കേണ്ട വിഷയം . എങ്ങിനെയൊക്കെ സാധൂകരിച്ചാലും പലതും ഉൾക്കൊള്ളാൻ കഴിയാത്തതാണ് . ജീവിതത്തിൻ്റെ സുഖഭോഗങ്ങൾക്ക് വേണ്ടി മന:സാക്ഷിയെ പിടിച്ചുലയ്ക്കുന്ന എത്ര വലിയ ക്രൂരതകളാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ കുറ്റകൃത്യങ്ങൾക്കുമിവിടെ മാതൃകാപരമായ ശിക്ഷാവിധികൾ വരിക തന്നെ വേണം. ശിക്ഷയെ പേടിച്ചെങ്കിലും ക്രൂരതകൾ ചെയ്യാതിരിക്കട്ടെ.
കുഞ്ഞുങ്ങളെ പോറ്റാൻ ഒരു ഭാഗത്ത് ബലിയാടാകുന്ന അമ്മമാർ, മറുഭാഗത്ത് കാപാലികരാകുന്ന അമ്മമാർ . അമ്മ എന്ന പദം അത്തരക്കാർക്ക് നൽകേണ്ടതില്ല. രാക്ഷസീയതക്കുമപ്പുറമാണ് അവരുടെ ചെയ്തികൾ .
മറ്റൊന്ന് എത്രയോ അമ്മമാരിവിടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നേർച്ചയും വഴിപാടും കഴിച്ച് കണ്ണീരുമായി കഴിയുന്നുണ്ട്. കുഞ്ഞുങ്ങൾ വരപ്രസാദമാണ്. അത് എറിഞ്ഞുടക്കാനല്ല നമ്മുടെ കയ്യിലേൽപ്പിക്കുന്നത്. ഉത്തരവാദിത്വത്തോടെ വളർത്തി വലുതാക്കി നല്ല മനസ്സിന്നുടമകളാക്കുക എന്നൊരു കർത്തവ്യം കൂടി രക്ഷിതാക്കളിൽ നിക്ഷിപ്തമാണ്. കേവല സുഖങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങളെ ഒഴിവാക്കുന്ന ,കൊല്ലാൻ മടിക്കാത്ത നീചകൾ അമ്മ എന്ന മഹത്വപൂർണ്ണമായ വിശേഷണത്തിന് അർഹരല്ല . "അമ്മ" സർവ്വമാനവ ഗുണങ്ങളും സമ്മേളിക്കുന്ന ശബ്ദമാണ്. കാലപ്പകർച്ചയിൽ വാക്കുകളുടെ അർത്ഥങ്ങൾക്കും മൂല്യശോഷണം സംഭവിക്കുന്നതിനുദാഹരണമാണ് അമ്മമാരാൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ദൈന്യതകൾ. യാഥാർത്ഥ അമ്മയുടെ ഓരോ നിശ്വാസത്തിലും മക്കളോടുള്ള കരുതലും ആകാംക്ഷയും ഉണ്ടാകും. ഒരു പെൺകുട്ടി ഗർഭം ധരിക്കുന്നതോട് കൂടി ഉള്ളിലുള്ള കുഞ്ഞുമായി സംവാദം തുടരുന്നു. ഗർഭധാരണത്തിൻ്റെ ആലസ്യങ്ങളും ക്ളിഷ്ടതയും തനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചാലോചിക്കുമ്പോൾ അമ്മ മറന്നു പോകുന്നു . മാനസികമായും ശാരീരികമായും അവൾ അമ്മഭാവത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. മക്കളെ നെഞ്ചോട് ചേർത്ത് ചൂടും കടലോളം വാൽസല്യവും നൽകി പിച്ചവെപ്പിക്കുന്നു. വലുതായി അവർ എത്ര ദൂരെയാണെങ്കിലും ഓരോ നിശ്വാസത്തിലും മക്കളുടെ നല്ലതിനായി പ്രാർത്ഥനാനിരതരായിക്കഴിയുന്നവർ.
പടിയിറക്കപ്പെട്ട എത്രയെത്ര അമ്മമാർ പ്രതിസന്ധികളെ തരണം ചെയ്ത് കുഞ്ഞുങ്ങളെ ഏത് കഠിനജോലിയുമെടുത്ത് അഭിമാനകരമായി പോറ്റുന്നു. അങ്ങിനെയുള്ളവർക്ക് മുമ്പിൽ ഇത്തരക്കാർ ക്ഷുദ്രജീവികളേക്കാൾ നികൃഷ്ടരാവുന്നു. ഇത്തരം അധമയായ സ്ത്രീകൾ അമ്മ എന്ന വാക്കിനും ശരിയായ അമ്മമാർക്കും അപമാനം തന്നെയാണ്.
സ്ത്രീ സംരക്ഷണക്കും സ്വാതന്ത്ര്യത്തിനും തുല്യതക്കുമൊക്കെ സമരം ചെയ്യുമ്പോൾ സ്ത്രീകൾ തന്നെ സ്ത്രീവിരുദ്ധമായ പ്രവൃത്തികളും അഴിച്ചുവിടുന്നത് എത്ര വിരോധാഭാസമാണ്. മുമ്പും പിമ്പും നോക്കാതെ ജീവിതത്തിൻ്റെ തന്നെ ഭദ്രത നഷ്ടപ്പെടുത്തിയാണ് പല സ്ത്രീകളും കുറ്റപത്രത്താളുകളിൽ ഇടം പിടിക്കുന്നത്. സ്തന്യം നൽകുന്നവളാണ് അമ്മ . മുലപ്പാലിൽ വിഷം കലർത്തുന്ന പൂതനകളാവരുത്. കൃഷ്ണനെ കൊല്ലാനെത്തിയ പൂതനക്ക് പോലും കുഞ്ഞിൻ്റെ കളി ചിരികൾ കണ്ടപ്പോൾ മാതൃ നിർവ്വിശേഷമായ വാൽസല്യമാണുണ്ടായത്. എന്നാൽ കൃത്യം ചെയ്യാൻ മറ്റൊരാളാൽ നിയോഗിക്കപ്പെട്ടവളാണ് പൂതന എന്ന രാക്ഷസി. അവസാനം കൃഷ്ണനാൽ പൂതന കൊല്ലപ്പെടുകയാണ് കഥയിൽ. കഥയിൽ ചോദ്യമില്ല. പക്ഷേ ജീവിതം അങ്ങിനെയല്ലല്ലൊ. അരുതാത്തത് നടക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ഇത്തരം കഠിന പ്രവൃത്തികൾക്ക് കാരണമാകുന്ന സാമൂഹ്യ പരിതോവസ്ഥകളെക്കുറിച്ച് ജനം ജാഗരൂകരാകേണ്ടതാണ്. മാനസികാരോഗ്യം ശാരീരികാരോഗ്യത്തേക്കാൾ സുപ്രധാനമാകുന്നു . മാനസിക വൈകല്യമുള്ളവരോ, പ്രസവിക്കാൻ ഇഷ്ടമില്ലാത്തവരോ വിവാഹമെന്ന ഉടമ്പടിയിൽ ഒപ്പുവെക്കാതിരിക്കയാണ് നല്ലത്. അത്തരക്കാരെ രക്ഷിതാക്കളും വിവാഹത്തിന് നിർബ്ബന്ധിക്കാതിരിക്കുക. പുതിയ ജീവനുകളെ ഇല്ലാതാക്കാൻ ആർക്കാണ് അധികാരമുള്ളത്. ഓരോ ജീവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അതിനെ നിഷേധിക്കാനൊ ഇല്ലാതാക്കാനൊ യാതൊരു വിധ അവകാശവും എവിടേയും ഇല്ല .ഒരാൾ തെറ്റു ചെയ്താൽ അത് സമൂഹത്തെ മുഴുവൻ ഗ്രസിക്കുന്ന വിഷമായി പരക്കുന്നു. ഇത്തരം വിഷജീവികൾക്ക് അർഹിക്കുന്ന ശിക്ഷ നടപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റേയും നീതി ന്യായവ്യവസ്ഥയുടേയും കടമയാണ്. അത് നിർവ്വഹിക്കാൻ അവർ മനസ്സ് കാണിക്കട്ടെ. ഇനിയും കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ ഇവിടെ ജനിക്കാതിരിക്കട്ടെ. "മാതൃത്വം" എന്ന ഉന്നതമായ ഭാവം കത്തിച്ചാമ്പലാവാതിരിക്കാൻ ഓരോ വ്യക്തിയും ഉത്തരവാദിത്തബോധത്തോടെ ഉണർന്നിരിക്കുക. ആ കുഞ്ഞിൻ്റെ നിലവിളി ഇപ്പോഴും നമ്മുടെയൊക്കെ കാതുകളെ അലോസരപ്പെടുത്തുന്നില്ലേ? "എന്തിനാണമ്മേ എന്നെ കൊന്നുകളഞ്ഞത്? എനിക്കുമീ ഭൂമിയിൽ ജീവിക്കാനവകാശമില്ലേ???
No comments:
Post a Comment