Monday, June 8, 2020

സിന്ദൂരം


നെറ്റിയിലണിയാൻ
ഈ സിന്ദൂരത്തിനെന്ത്
ചന്തമായിരുന്നു
സന്ധ്യയുടെ നിറവും
മണവും
പ്രണയവർണ്ണങ്ങളും

മംഗല്യ രേഖയിലെ
കുങ്കുമം ഒരലങ്കാരം
എന്നേ തോന്നിയിരുന്നുള്ളു
സിന്ദൂരമിട്ടാൽ സുരക്ഷയായി
എന്ന് തോന്നിയിട്ടില്ല
സുരക്ഷക്ക് സ്നേഹത്തിന്റേയും
പരിഗണനയുടേയും
കരുതലിന്റേയും
കവചങ്ങൾ വേണം
അലങ്കാരങ്ങൾക്കപ്പുറം
അർത്ഥവ്യാപ്തിയുണ്ടായിരിക്കാം
പക്ഷേ വർത്തമാനകാലത്ത്
സിന്ദൂരത്തിൽ പോലും
വിഷം കലരുന്നു
ചന്തങ്ങളെത്ര വേഗം
ചന്തകളാവുന്നു
നെറ്റിത്തടം വികൃതമാക്കുന്നത് പോലെ
സിന്ദൂരം തൊട്ടാൽ
കാക്ക കൊത്തില്ലത്രെ
പുതിയ അറിവുകളൊ,
അറിവുകേടുകളോ
ഇലയിട്ട് വിളമ്പുന്ന
രാഷ്ട്രീയ നിറങ്ങൾ
ഇപ്പോൾ സിന്ദൂരത്തിന്
 പഴയ ചന്തമില്ല
വാക്കുകളുടെ വ്യാഖ്യാനങ്ങൾ
കലാപവിളികൾ മുഴക്കുന്നു
ഈ സിന്ദൂരത്തിനിപ്പോൾ
ചോരയുടെ മണമാണ്

No comments: