Monday, June 8, 2020

നാവ്


മുപ്പത്തിരണ്ടു അതിഭീകരരുടെ
ഇടയിൽ കഴിയുന്ന
സാധുവായിരുന്നു
സംരക്ഷണം
സ്വയം ഏറ്റെടുത്തേ പറ്റു

ഏത് നിമിഷവും
ആക്രമിക്കപ്പെടാം
സ്വയം ഒതുങ്ങുമ്പോഴും
പലതും പറഞ്ഞ്
ഇടക്കിടക്ക് അലോസരപ്പെടുത്തും
അപ്പോഴാണ്
നാവിന് മൂർച്ച കൂട്ടാൻ തുടങ്ങിയത്
പറയാനുള്ളതല്ലേ നാവ്
മൗനത്തിലൊളിക്കാനല്ലല്ലൊ
തികട്ടി വന്നത്
പലപ്പോഴും തടുത്ത് നിർത്തി
എന്നാൽ അസഹിഷ്ണുതക്ക്
തീയിട്ടപ്പോഴാണ്
ഇടവും വലവും നോക്കാതെ
പ്രതികരിച്ചത്
നാവിനെന്തിന് പക്ഷം?
ന്യായത്തിനൊപ്പം നിൽക്കുക
എന്ന നയമേയുള്ളു
നാവ് മര്യാദക്ക്
അടക്കിവെച്ചോ
ഉയരുന്ന ആക്രോശങ്ങൾ
എനി, മടക്കാനോ
അടക്കാനോ
ഒന്നും പറ്റില്ല
കണ്ണുണ്ടായിട്ടും
കാണാതിരിക്കുക
ചെവിയുണ്ടായിട്ടും
കേൾക്കാതിരിക്കുക
നാവുണ്ടായിട്ടും
മിണ്ടാതിരിക്കുക
സ്വാർത്ഥതയുടെ
ലോകത്തേക്ക്
ചുരുങ്ങാനാവാതെ
നാവ് പ്രതികരിച്ചു തുടങ്ങി
പ്രത്യേകിച്ചും
മൗനങ്ങളുടെ ഭാഷയായി...!

No comments: