എന്നെ സംബന്ധിച്ച് ഒരു കവിത ജനിക്കുന്നത് ഒരിക്കലും ആസൂത്രിതമായിട്ടല്ല. രാത്രിയാമങ്ങളിലെപ്പോഴൊ അബോധ മനസ്സിൽ തെളിയുന്ന വാങ്ങ്മയങ്ങളാണ് എനിക്ക് കവിതക്ക് ആധാരമായിട്ടുള്ളത്.
ജീവിതമോ അനുഭവ പശ്ചാത്തലങ്ങളൊ കാഴ്ചകളൊ കേൾവികളൊ ഒക്കെ ഒരു പക്ഷേ പ്രേരകമായി ഭവിച്ചേക്കാം. ആ നിമിഷത്തിൽ മനസ്സിൽ തോന്നിയ വാക്കുകൾ പകർത്തിവെച്ചില്ലെങ്കിൽ ഉണർന്നു കഴിഞ്ഞാൽ ചിലപ്പോഴത് മറന്ന് പോകാറുമുണ്ട്. ഇത് കവിതയുടെ കാര്യത്തിൽ മാത്രമല്ല മറ്റേത് രചനയായാലും ഈയൊരനുഭവതലം ഉണ്ട് .നിർവ്വചനങ്ങൾക്കനു സരിച്ചോ പ്രത്യയശാസ്ത്രങ്ങൾക്കനുസരിച്ചോ ഒരിക്കലും എഴുത്തിനെ ചിട്ടപ്പെടുത്തിയിട്ടില്ല . അതങ്ങിനെ സംഭവിച്ചു പോകുന്നു.
ഏതൊരു സർഗ്ഗാത്മക ഇടങ്ങളും ധ്യാനാത്മകമാണ്. ആത്മസമർപ്പണത്തോടെയുള്ള ഇടപെടലുകളിൽ ആത്മീയത ദർശിക്കാം. ആത്മീയ പരിസരങ്ങളെ തിരിച്ചറിയുകയോ അനുഭവിച്ചറിയുകയോ ചെയ്താൽ മാത്രമേ ഒരു പരിധിവരെ അതടയാളപ്പെടുത്താനാവു.
നിരീക്ഷണവും അസാമാന്യമായ ഭാവുകത്വവും കാവ്യരചനക്കാവശ്യമെന്ന് പ്രകൃതിയെ പ്രണയിച്ച പാശ്ചാത്യ കവി വേർഡ്സ് വർത്തടക്കം പാശ്ചാത്യരും പൗരസ്ത്യരുമായ നിരവധി കവികൾ അഭിപ്രായപ്പെടുന്നുണ്ട്. ബാഹ്യലോകത്തെ നിരീക്ഷിച്ച് കവിയുടെ ഭാവുകത്വത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുകയും അതിൻ്റെ ഫലമായി വികാരങ്ങളും അനുഭൂതികളും കാവ്യബിംബങ്ങളായി കവിത ജനിക്കുകയും ചെയ്യുന്നു. വിചിത്ര കൽപ്പനകളെ ശക്തിവിശേഷങ്ങളാക്കുന്നതിൽ ആത്മീയതക്ക് കാര്യമായ പങ്കുണ്ടെന്നാണ് അനുഭവപാഠം. അതു തന്നെയല്ലേ സർഗ്ഗശക്തി.
കുട്ടിക്കാലത്തെ ഏകാന്തതകളിലെപ്പോഴൊ ആണ് ആദ്യമായി കവിത കൂട്ടുകൂടിയത്. വ്യാകരണ ശാസ്ത്രങ്ങളൊന്നും അറിയാത്ത കാലത്ത്. ഇടക്ക് വരുന്ന കളി കൂട്ടുകാരിയെപ്പോലെ മനസ്സിൽ ചേക്കേറിയവൾ. അവൾ എന്തൊക്കെയോ പരതി നടന്നു. ഇടക്കൊക്കെ അത് ചില വരികളായി ഒഴുകിയെത്തി. പുറം ലോകത്തേക്ക് പറയാനും കാണിക്കാനുമുള്ള സങ്കോചത്തിലവളെ ഹൃദയത്തിൽ സൂക്ഷിച്ചു. എപ്പോഴൊക്കെയോ അവളിറങ്ങിപ്പോകുകയും കയറി വരികയും ചെയ്തു കൊണ്ടിരുന്നു. അക്കാലത്തെ അക്ഷരങ്ങൾക്ക് വെളിച്ചം കാണാനുള്ള അവസരത്തിനൊന്നും ശ്രമിച്ചിട്ടില്ല. ഒന്ന് മനസ്സിലായി അവളിറങ്ങിപ്പോകുമ്പോൾ മനസ്സ് വല്ലാതെ സംഘർഷഭരിതമായിരുന്നു. കൂട്ടുകൂടിയാൽ പറയാനറിയാത്ത ആഹ്ളാദവും മനസ്സിനെ ഭരിച്ചിരുന്നു.
ജീവിതത്തിൻ്റെ കലുഷഭരിതമായ കാലത്താണ് ഗൗരവപരമായി അവളിടപെടാൻ തുടങ്ങിയത്. ജീവിതത്തിൻ്റെ വകഭേദങ്ങളായി . ആത്മഭാഷണങ്ങളിൽ നിന്നും മുക്തമായി ഉയിർക്കൊള്ളുന്ന ചിന്തകളുടെ വിചാരങ്ങളുടെ കലമ്പലുകളായി . ചിലപ്പോൾ ആഹ്ളാദങ്ങളും അമർഷങ്ങളും പ്രതിരോധങ്ങളും ഉടൽ പൂണ്ട വാഗ് സ്ഥലികളുടെ മുകിൽ മഴകളായി. മുകിലുകൾ പെയ്തിറങ്ങിയപ്പോൾ അവ ജീവിതത്തിലെ ചുറ്റുപാടുകളുടെ കാഴ്ചകളിലെ ശ്രുതിയും ശ്രുതി ഭംഗങ്ങളും തീർത്തു. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും പ്രണയങ്ങളും പ്രതികരണങ്ങളുമായി വർണ്ണങ്ങളും വർണ്ണനിരാസങ്ങളും .അർത്ഥവും അഴകും സൗരഭ്യവും മാത്രമല്ലല്ലൊ ജീവിതം. അവിടെ നരച്ചതും പുഴു തിന്നതും മുരടിച്ചതും അർത്ഥശൂന്യങ്ങളും കൊഴിഞ്ഞതുമായ നിരവധി പൂക്കളുമുണ്ടെന്ന് തിരിച്ചറിയിപ്പിച്ചു. വേദനകളുടെ സംഘർഷങ്ങളുടെ തീച്ചൂളകളെരിയുന്നത് കൂടിയാണ് ജീവിതം എന്ന ബോധ്യങ്ങൾക്കിട നൽകി. യാഥാർത്ഥ്യങ്ങളുടെ നേർച്ചിത്രങ്ങളായി . ആശയങ്ങളെ വാക്കുകളിലേക്കാവാഹിച്ച് കാവ്യ ഭാഷയിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചു. പലപ്പോഴും വരികളായി ഒഴുകി വന്നു. മറ്റ് ചിലപ്പോൾ പറച്ചിലുകൾ മാത്രമായ കവിതയുടേതായ തച്ചുശാസ്ത്രങ്ങൾ ഭേദിച്ച ആകാരമായി വന്നു നിന്നു. എഴുതണമെന്ന് തോന്നുന്ന അഥവാ എഴുതാതിരിക്കാനാവാത്ത സന്ദർഭങ്ങളിൽ മാത്രം എഴുതി. ചിലപ്പോഴൊക്കെ വെളിപാടുപോലെ ഉണർന്നു വരുന്നു . പലപ്പോഴുമത് അബോധപരമായ സമീപനങ്ങളെപ്പോലെ. കവിതയുടെ പൂർണ്ണരൂപം സാക്ഷാൽക്കരിച്ചുവോയെന്ന് ഇന്നും സംശയമാണ്.
കവിത ജീവവായുവാണ്. തളർച്ചയിലും ഇsർച്ചയിലും മഞ്ചാടിമണിക്കിലുക്കവുമായി അരികു ചേർന്ന് നിൽക്കുന്നവൾ. പ്രതിരോധത്തിനും അതിജീവനത്തിനും ഔഷധമായവൾ. ചൊല്ലാനും പറയാനും പരിഭവിക്കാനും പിണങ്ങാനും ചിരിക്കാനും കരയാനും ആത്മ സ്ഥൈര്യമാകാനും സാമൂഹ്യബോധമുൾക്കൊള്ളാനും പഠിപ്പിച്ചവൾ. അമ്മയായി ഗുരു നാഥയായി കൂട്ടുകാരിയായി ആകാശം നിറയുന്ന നക്ഷത്രത്തേയും ഭൂമിയിലെ പുൽനാമ്പുകളേയും അവക്കിടയിലെ ചരാചരങ്ങളേയും കാണാൻ പഠിപ്പിച്ചവൾ. മനസ്സിലെ മുഷിഞ്ഞ വിചാരങ്ങൾ തട്ടിമാറ്റി പുതിയ ദിശാബോധത്തിന്നിടം നൽകുന്നവളായി കവിത എനിക്കൊപ്പം നിന്ന് മൊഴിയുന്നു
ഹൃദയ ഭാഷയിലൂടെ. ഉരുക്കഴിക്കുന്ന പുതിയ സൂര്യഗായത്രികളായി .
No comments:
Post a Comment