Friday, June 4, 2021

 പ്രണയ സൂര്യൻ - 2.... ഇന്ദിരാ ബാലൻ

കൊടും മഞ്ഞിനാൽ
ഘനീഭവിച്ചു കിടന്ന
എൻ്റെ പകലുകളിലേക്ക്
വെയിൽത്തുണ്ടുകളെറിഞ്ഞ്
നീഹാരമലിയിച്ച
പ്രണയ സൂര്യൻ...
നീ വിഷാദത്തിൻ്റെ
വനഗർഭങ്ങളിൽ
സ്വർണ്ണ മന്ദാരങ്ങൾ വിരിയിച്ചു
നിൻ്റെ അന്വേഷണങ്ങൾ
ചിന്തകൾ എൻ്റെ
സിരകളേയും പ്രകമ്പനം കൊള്ളിച്ചു
തീക്കാറ്റു മാത്രം വീശി
വലിഞ്ഞു മുറുകിക്കിടന്നിരുന്ന
ആത്മാവിൻ്റെ തന്ത്രികളയഞ്ഞ്
ഒഴുകിയ മധുരസ്വനങ്ങൾ
ചിന്തകളിൽ മയിൽപ്പീലിയുടെ
ഒളി പകർന്നു
മയിൽപ്പീലിക്കണ്ണുകൾക്ക്
പഞ്ചവർണ്ണമാണത്രെ
അവ പഞ്ചഭൂതങ്ങളെ
പ്രതിനിധാനം ചെയ്യുന്നു
ഉപരിപ്ലവതയിൽ
കാൽപ്പനികത മാത്രം
എന്നാൽ പുഴ കവിഞ്ഞും
ആ അർത്ഥം ഒഴുകുന്നു
അത് പോലെ
പ്രണയവും
ആത്മീയ ദീപ്തി കൈവരിക്കുന്നു
ആകാശത്തിൻ്റെ അടരുകൾ പോലെ
പ്രണയത്തിൻ്റെ പാളികൾക്ക്
ഉയരമേറെ
അത് മണ്ണിന്നടിയിലും
ജന്മാന്തരങ്ങളായി ആഴ്ന്ന് കിടക്കുന്നു
നദിയുടെ ആഴം പോലെ
ഹേ, സഖേ ഞാനെങ്ങിനെയാണ്
നിനക്ക് നന്ദിയറിയിക്കേണ്ടത്
അല്ലെങ്കിൽ നന്ദിയെന്തിന്
രണ്ടു പുഴകളും
കടലിൽ ലയിക്കുമ്പോൾ!

No comments: