Friday, June 4, 2021

 എഴുതിക്കൊണ്ടിരിക്കുന്ന "പ്രണയ സൂര്യൻ " എന്ന കവിതാ സമാഹാരത്തിലെ ഒരു കവിത.പ്രണയവും സൂര്യനുമൊക്കെ കാവ്യ ലോകത്ത് ധാരാളം ഉപയോഗിച്ച് പതം വന്നു പോയ പദങ്ങളാണ്. ഭാഷ തന്നെ കടം കൊള്ളുന്നതാണല്ലൊ. എന്നാൽ നിത്യേനയെന്നോണം പുതുമയും - ഭാവുകത്വവും നിറയുന്ന പദങ്ങളാണിവ. ഒട്ടും പഴക്കമേശാതെ. അതിനാൽ ഈ പേര് തന്നെ പുസ്തകത്തിന് നൽകണമെന്ന് തോന്നി.(പ്രണയം എന്നത് വ്യക്തികളെ സംബന്ധിച്ച് ആത്മനിഷ്ഠമാണ്. സർവ്വ ചരാചരങ്ങളോടും തോന്നുന്ന അലൗകികമായ അനുഭൂതി. ചാന്ദ്ര സ്പർശമാവാനും ഉൻമത്ത മാവാനും തപിച്ചുരുകി ലാവയായി പിളർന്നൊഴുകാനും ആനന്ദനടനമാവാനും നിരാകരിക്കാനുമെല്ലാം പ്രണയത്തിനാവും. "പ്രണയം" എന്ന വാക്കിന് തന്നെ വ്യത്യസ്ത അർത്ഥങ്ങൾ കൽപ്പിക്കപ്പെടുന്നുണ്ട്. നമിക്കുക, നയിക്കുക, പഴക്കം വിരഹം, വിശ്വാസം, യാചന, ഭക്തി എന്നെല്ലാം ശബ്ദാർത്ഥ രൂപകങ്ങളായി വർത്തിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം അഥവാ പ്രേമം എന്ന സ്ഥൂലാർത്ഥത്തിലൊ കേവലതയിലൊ അല്ല അത് ധ്വനിക്കപ്പെടുന്നത്.)

പ്രണയ സൂര്യൻ... 1
മനസ്സിന് തീപിടിച്ച്
എത്ര തവണയാണ്
സംഘർഷത്തിൻ്റെ
ആരണ്യകത്തിലകപ്പെട്ടത്
അക്കരെ പച്ച കാണുമെന്ന
വിശ്വാസത്തിൽ
ഉയിർത്തെഴുന്നേൽപ്പുകളുടെ
തിരുവുത്സവങ്ങളിൽ
കൊട്ടിക്കയറുകയും
കൊട്ടിയിറങ്ങുകയും ചെയ്തു
അവിരാമമായി
ജീവിതത്തിൻ്റെ മൈൽക്കുറ്റികൾ
താണ്ടുമ്പോഴും
പ്രണയ സൂര്യൻ കാത്തിരിപ്പുണ്ടെന്ന്
അറിഞ്ഞില്ല
എന്നാൽ വിനാഴികകൾക്കൊടുവിൽ
ആ മുഹൂർത്തം
സമാഗതമായി
കിഴക്കിൻ്റെ ചക്രവാളം
തുറന്ന് പൂത്തുലഞ്ഞ്
പ്രണയ സൂര്യൻ തൊട്ടടുത്ത്
പ്രത്യാശയുടെ
പൂർണ്ണ കുംഭങ്ങളുമായി
പുതിയ യാത്രയുടെ
സ്വർണ്ണത്തേരുമായി. ....!

No comments: