Friday, June 4, 2021

 ഇഴ പാകിയോൾ - ഇന്ദിരാ ബാലൻ

രാത്രിമഴ തൻ
നനുത്ത തലോടൽ
പോലെ ആമയദൂരീ-
കരണത്തിനായെൻ
ഗ്രീഷ്മസന്ധ്യയിൽ
പെയ്തിറങ്ങി
നോവണച്ചു
വാക്കിൻ രസതന്ത്ര
മന്ത്രമൊരുക്കിയ
അക്ഷരമഴയെൻ
പ്രിയതോഴി ....
കനലാളും
ജീവിതപ്പടി തൻ
വാതിൽ തുറന്ന്
അലിവിൻ
നെയ്പുരട്ടി
ജന്മാന്തരബന്ധ -
ത്തിന്നിഴ പാകിയോൾ
വിരസമാമെൻ
വഴിത്താരയിൽ
ചിപ്പികൾ വിതറി
കടൽ കേൾപ്പിച്ചോൾ
ദുഃഖ ശൈലങ്ങളിൽ
നിന്നുമിറക്കി
അക്ഷരത്താരകൾ
വിരിയും നഭസ്സിനെ
ചൂണ്ടിത്തന്നോൾ
മുല പറിച്ചു
പുരം ദഹിപ്പിച്ചു
ചതിക്കുത്തരമായ്
ചിലമ്പുടച്ചെറിഞ്ഞോൾ
നീരു വറ്റിയ മണ്ണിൽ
കവിത പാകി
കതിരുവിളയിച്ചു
ഉർവ്വരമാക്കിയോൾ
ജീവിതോഷ്ണത്തിൻ
വീഥിയിൽ വിങ്ങും
ചിത്രങ്ങളെത്രയോ
നെയ്തെടുത്തോൾ
കണ്ടൂ ഞാനാ മിഴികളിൽ
ജ്വലിക്കും നഭശ്ചരഗോളം
പോൽ പ്രസരിക്കും
പ്രഭാമുകുളങ്ങളും....
ഭാഷ തൻ സപ്ത-
സാഗരത്തിൽ മുങ്ങി -
നിവർന്നറിയേണം
കാവ്യ ലോകത്തിൻ
നിഗൂഢമാം നീതി
ശാസ്ത്രങ്ങളും
മന്നിലെ വെറുമൊരു
പുൽക്കൊടിയായൊ
രെന്നിൽ, വാക്കിൻ
മഷിപ്പാത്രമേകിയ
നവഭാവുകത്വമേ
വിസ്മരിക്കാനാവില്ല നിന്നെ
ന്യൂനമെന്നറിഞ്ഞാലും ...!

No comments: