പാസ്ക്കോഡുള്ള കാവ്യഭൂമിക... ഇന്ദിരാ ബാലൻ ( പഠനം)
" Poetry is the founding of being by means of the word " ( വാക്കുകളിലൂടെയുള്ള ഉൺമയുടെ സംസ്ഥാപനമാണ് കവിത )...Hydger Holdarlin
മനുഷ്യ ജീവിതം എന്നും പുനർനിർമ്മിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഓരോ മാറ്റങ്ങൾ. പരീക്ഷണത്തിന്റെ രസതന്ത്രശാലയിൽ പുതിയ പുതിയ രാസോൽപ്പാദനങ്ങൾ. ജീവിതത്തിന്റെ എല്ലാ മേഖലയേയും ഈ രാസമാറ്റങ്ങൾ കീഴ്പ്പെടുത്തിയിട്ടുമുണ്ട്. സാഹിത്യ ശാഖകളും ഈ മാറ്റത്തിന് വിധേയമായിട്ടുണ്ട്. അതിലേറ്റവും നവ ഭാവുകത്വത്തോടെ സഞ്ചരിക്കുന്നത് കവിതാ ലോകമാണെന്ന് പറയാം. പദ്യത്തിന്റെ പകിട്ടുകൾ കുടഞ്ഞു കളഞ്ഞ് ശക്തമായ ആശയങ്ങളിലൂടെ ധ്വനി സാന്ദ്രമായ ഗദ്യകവിതകൾ പുതുകാലത്തിന്റെ വാങ്ങ്മയങ്ങളായി വാർന്നു വീഴുന്നു. പുതുകാല ബിംബകൽപ്പനകളിലെ നവീന സങ്കൽപ്പം കവിതക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നു. കവിത ബുദ്ധിയേക്കാളുപരി ഹൃദയത്തിൽ നിന്നും ഒഴുകിപ്പരക്കുന്നു എന്നൊരു പൊതു സങ്കൽപ്പം ഉണ്ടായിരുന്നു. എന്നാൽ ബുദ്ധിയും ഹൃദയവും ഒരു പോലെ ഇടപെടുന്ന കവിതാ ഇടങ്ങളാണ് കവി സെബാസ്റ്റ്യന്റെ കവിതകൾ. ധ്യാനം പോലെ കവിതാ വഴിയും ധന്യമായിത്തീരുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ സൂക്ഷ്മ സ്ഥൂല ഇടങ്ങളെല്ലാം ഒരു പോലെ (ഭൂമി മുതൽ ആകാശം വരെ) കവിതക്ക് പാത്രമാവുന്നു. പുതിയ കാവ്യ സങ്കേതങ്ങളിലൂടെ അനുവാചകനുമായി സംവദിക്കുന്നു. ആ കവിതകളെ നിരന്തരം വായിക്കുമ്പോഴാണ് അതിന്റെ ആന്തരിക തലങ്ങളിലേക്ക് കടക്കാനാവു എന്നതാണ് ഈ കവിതാവായനയിൽ ബോധ്യപ്പെട്ട ഒരു കാര്യം. ശബ്ദാർത്ഥ തലങ്ങളിൽ രൂപപ്പെടുന്ന ബോധമാണ് കവിതയുടെ ആത്മസത്ത എന്ന അഭിപ്രായം സെബാസ്ത്യന്റെ കവിതകളിലൂടെ സാധൂകരിക്കപ്പെടുന്നുണ്ട്. കാലത്തിന്റെ ആത്മ ചലനങ്ങളുമായി ഏറ്റുമുട്ടാൻ വിധിക്കപ്പെട്ടവനാണ് കവി.
പ്രപഞ്ചചലനങ്ങളും പ്രതിഭാസങ്ങളും ജീവിതത്തിന്റെ ജ്യാമിതീയ രേഖകളും പരസ്പരം ഇഴചേർന്ന് കിടക്കുന്നു ഈ കവിതകളിൽ. ജീവിതത്തിന്റെ ആരോഹണാവരോഹണങ്ങൾ അനുക്രമം വികസിച്ച് പൂർവ്വകാലമോ ഭാവികാലമോ അല്ലാതെ വർത്തമാനകാലത്തിന്റെ സൂചികകളായി അവ മാറുന്നു. കാലത്തിന്റെ ഈടുവെയ്പ്പുകളിലൂടെ നെയ്തെടുക്കുന്നതാണ് ജീവിതമെങ്കിലും കവിതകളുടെ മുഖം വർത്തമാനകാലം തന്നെയാണ്. ഓരോ ജന്മത്തിനും ഹേതുവായിരിക്കുന്ന ഈശ്വര സാന്നിധ്യം പുഴയായും മേഘമായും ഒഴുകുകയും പച്ചമരത്തണലിന്റെ പൂത്തുപന്തലിക്കുന്ന മരങ്ങളായും അതിജീവനത്തിന്റെ പല്ലവികൾ ഉരുക്കഴിക്കുന്ന കിളിമൊഴികളായും നറുമണം വീശുന്ന സസ്യങ്ങളായും കവിതയിലെ രാസപ്രവർത്തനങ്ങൾ അഭംഗുരം നടക്കുന്നു. ധ്യാനപൂർണ്ണമായ കവിതമയമായ ജീവിതത്തിന്റെ തെറിച്ചു വീഴലുകൾ. തെറിച്ചു വീഴലുകളാണെങ്കിലും അവ പരുക്കേൽപ്പിക്കുന്നവയല്ല പകരം പ്രാവിന്റെ കുറുകലായും പുലിയുടെ സ്ഥൈര്യമായും അക്ഷരങ്ങൾ ആകാരം കൊള്ളുന്നു.
കവിതയുടെ, കാലത്തിന്റെ സൈദ്ധാന്തികതലങ്ങളിലേക്കൊന്നും കടക്കുന്നില്ല. ആധുനികമെന്നോ, അത്യന്താധുനികമെന്നോ ,ഉത്തരാധുനികമെന്നോയുള്ള വിശേഷണങ്ങളിലൂടെയല്ല ഈ വായന പ്രേരകമായത്. കവിതയിൽ അലിഞ്ഞു ചേർന്ന ആത്മാവിനെ കണ്ടെത്തുക എന്ന ദൗത്യമാണ് വായനക്കാരിയെന്ന നിലയിൽ ഏറ്റെടുത്തത്. വായനകൾ, നിരീക്ഷണങ്ങൾ വ്യത്യസ്തമാകാം. എന്നാലത് കവിതയുടെ ആത്മാവുമായി തൊട്ടു നിൽക്കുന്നുവെങ്കിൽ ആസ്വാദനവും സാർത്ഥകമാകുന്നു. ഈ പുസ്തകത്തിലെ എല്ലാ കവിതകളേയും ഇവിടെ പരാമർശിക്കാനൊരുമ്പെടുന്നില്ല. ചില കവിതകളെക്കുറിച്ച് ഒരു വായനക്കാരിയെന്ന നിലക്കുള്ള സമീപനമാണിത്.
കലയാണ് ജീവിതം. ജീവിതത്തിന് വേണ്ടിത്തന്നെയാണ് കല രൂപപ്പെട്ടതും. ഓരോ നിമിഷവും ജീവിതത്തെ അപനിർമ്മിച്ചെടുത്ത് കാവ്യരസക്കൂട്ടുകൾ ചേർത്ത് കേവലം ആനന്ദോപാധിയല്ല കല അഥവാ കവിത എന്ന് ഓരോ നിമിഷവും ഈ കവിതകൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ആനന്ദത്തിന്നപ്പുറം ജീവിതത്തെ ശുദ്ധീകരിക്കുകയാണ് കവിതയുടെ ധർമ്മം എന്ന് പ്രതീകങ്ങളിലൂടെ ധ്വനിപ്പിക്കുന്നു. കവിത ഹൃദയധമനിയിൽ നിന്നുമൊഴുകുന്ന നവ നിർമ്മിതിയുടെ ചിന്തയുടെ തിരി വെളിച്ചങ്ങളാക്കുവാൻ ഓരോ കവിതയിലൂടേയും കവി ശ്രമിക്കുന്നുണ്ട്. ഒറ്റ വായനയിലൂടെ സംവേദനം പൂർണ്ണമാകുന്നില്ലെങ്കിലും നിരന്തര വായനയിലൂടെ ജീവിതത്തിന്റെ ഏറ്റവും പുതിയ മുഖങ്ങളായി വർത്തിക്കുന്നു എന്നതാണ് സെബാസ്റ്റ്യൻ കവിതകളുടെ സവിശേഷത. പണ്ട് കവി വെളിച്ചപ്പാടും കവിത വെളിപാടുമായിരുന്നെങ്കിൽ ഇന്ന് കവിത നാട്യ പ്രധാനം കൂടിയാണ്. അപ്പോൾ കവി നടനും കൂടിയാകുന്നു. വെളിച്ചപ്പാട് അബോധപരമായി ഉറഞ്ഞു തുള്ളുമ്പോൾ പ്രവഹിക്കുന്ന വാക്കുകളാണ് വെളിപാടുകളുടെ കവിതയാവുന്നത്. നടനാവുമ്പോൾ ഒരേ സമയം രണ്ട് ധർമ്മങ്ങളാണ് പാലിക്കുന്നത്. അഭിനയവും ഒപ്പം തന്നെ മനുഷ്യനാണെന്ന ബോധവും. അവിടെ ഹൃദയത്തോടെപ്പം ബുദ്ധിയും പ്രവർത്തനനിരതമാണ്. അത് കൊണ്ട് തന്നെ കവിത വർത്തമാനകാലത്തിൽ വികാരത്തള്ളിച്ച മാത്രമാകാതെ നാട്യ പ്രധാനം കൂടിയാകുന്നു . നേരിയ ചലനങ്ങൾ പോലും കവി സൂക്ഷ്മനിരീക്ഷണത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ കാലത്തിന്റെ പാസ്കോഡുള്ള കവിതകൾ. അത് കൊണ്ട് തന്നെ ചിട്ടവട്ടങ്ങളുള്ള പദ്യത്തേക്കാൾ ശക്തമായ പ്രമേയാവിഷ്ക്കാരത്തിന് ഗദ്യകവിതകൾക്കാവുന്നു എന്നതും ഒരു വസ്തുതയാകുന്നു. ഹൈഡഗർ ഹോൾഡർലിൻ എന്ന കവിയുടെ "വാക്കുകളിലൂടെയുള്ള ഉൺമയുടെ സംസ്ഥാപനമാണ് കവിത" എന്ന നിർവ്വചനത്തെ അന്വർത്ഥമാക്കുന്നു സെബാസ്റ്റ്യന്റെ കവിതകൾ. ഹൈഡഗർ തിരിച്ചറിഞ്ഞത് പോലെ കവിതയെ സൗന്ദര്യശാസ്ത്രപരമായി നിർവ്വചിക്കാവുന്ന ഒരു കലാരൂപമെന്നതിനേക്കാൾ മനുഷ്യാസ്തിത്വത്തിന്റെ മർമ്മത്തിൽ പ്രവർത്തിക്കുന്ന ഒരനിവാര്യതയായി ഈ കവിതകളും മാറുന്നുയെന്നതാണ്.
" അനന്തരം " എന്ന കവിതയിലൂടെ ധ്വനിപ്പിക്കുന്നത് ജീവിതശേഷമുള്ള ഒരവസ്ഥയേയാണ്. അനന്തരം എപ്പോഴും മറ്റൊരു ജീവിതത്തിന്റെ തുടർച്ചയാണ്. ഇവിടെ വിരാമം എന്നൊരവസ്ഥയില്ല. തുടർച്ചകളും ആരംഭങ്ങളുമേയുള്ളു. ആ ചിന്ത തന്നെ ശുഭമാണ്. 2019 എന്നതിനെ നമ്പർ പ്ളെയിറ്റ് നൽകിയ ബസ്സായി ചിത്രീകരിച്ച് അതിലെ യാത്രക്കാരനായി കവി സഞ്ചരിക്കുന്നു. നിരത്തിലോടുന്ന ബസ്സല്ല ഇത്. ആകാശവിതാനങ്ങളിലൂടെ മേഘക്കീറുകളെ വകഞ്ഞു മാറ്റി സുതാര്യമായ ഭ്രമണപഥങ്ങളിലേക്കാണ് യാത്ര. പരോക്ഷമായി ജീവിതയാത്രയെത്തന്നെയാണിവിടെ വിവക്ഷിക്കുന്നത്. ജീവിതം ഉയർന്നക്കൊമ്പുകളിലേക്ക് പറക്കാനാവശ്യമായ കരുത്ത് സമ്പാദിക്കേണ്ടതാണ്. മുന്നിലെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള മാനസികോർജ്ജം മനുഷ്യന് ആവശ്യമാണ്. ഇച്ഛാശക്തിയും സ്ഥിരോൽസാഹവും കർമ്മോൽസുകതയും ഉള്ള ഒരു ഹൃദയമാണിവിടെ സാന്നിധ്യമാവുന്നത്. ഉയർന്ന വിതാനത്തിൽ ഏത് കാർമേഘങ്ങളേയും വകഞ്ഞു മാറ്റി മുന്നേറാനുള്ള ഗരുഡച്ചിന്തയാണ് ഈ അക്ഷരപാതയിലൂടെ ഉദ്ഘോഷിക്കുന്നത്. വലിയൊരു ജീവിതവീക്ഷണമാണിവിടെ പ്രത്യക്ഷമാകുന്നത്. ഒപ്പം പ്രണയത്തിന്റെ സാന്ദ്രഭാവങ്ങളും പാപമേതെന്നറിയാത്ത ആദവും ഹവ്വയുമായി മാറുന്ന കന്മഷരഹിതമായ ആദിമലോകവും കവി കാണുന്നുണ്ട്. ഏഴാകാശങ്ങൾക്കപ്പുറത്തേക്കാണ് മുകളിലെ യാത്രയെങ്കിൽ താഴെ അടിമണ്ണിന്റെ അപാരതയിലേക്കാണ്. ആകാശവും ഒപ്പം അടിമണ്ണും കവിതയിലെ ബോധങ്ങളായി ഉയിരെടുക്കുന്നു. യാത്രകൾക്ക് അഥവാ ജീവിത ലക്ഷ്യങ്ങൾക്ക് ആകാശത്തോളം ഉയരവും അടിമണ്ണോളം ആഴവും വേണമെന്ന അർത്ഥ വിവക്ഷ "അനന്തരം " എന്ന കവിതയിലൂടെ പരോക്ഷമായി വരച്ചിട്ടിരിക്കുന്നു.
അവനവനെത്തന്നെ മറന്നു പോകുന്ന ഒരു കാലത്തിന്റെ പുനർച്ചിന്തനമാണ് " ആദ്യഫലം '' എന്ന കവിത. തിരക്കുപിടിച്ച യാന്ത്രിക യുഗത്തിൽ എപ്പോഴെങ്കിലും കിട്ടുന്ന ഏകാന്ത വേളകളിൽ മനുഷ്യൻ ഒരാത്മ വിശകലനത്തിന് തയ്യാറാവേണ്ടതാണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഉപ്പും മുളകും വാരി വിതറി അസ്വസ്ഥതയുടെ വിത്ത് വിതക്കുമ്പോൾ സ്വയമൊരു ചിന്ത ഇക്കാലത്ത് അത്യന്താപേക്ഷിതം. ഒറ്റക്കിരുന്ന് ചിന്തിക്കുമ്പോൾ പോയ വയസ്സുകൾ കഥാപാത്രങ്ങളായി മുന്നിൽ വന്ന് പരിഹസിക്കുന്നതായിട്ടാണ് കവി വിഭാവന ചെയ്തിരിക്കുന്നത്. " കുത്തുവാക്കുകൾ കോർത്ത ചൂണ്ടയെറിഞ്ഞ് കുടുക്കാൻ ശ്രമിച്ചു അവയെന്നെ " എന്ന് പറയുമ്പോൾ തന്നെ വന്ന വഴികൾ മറന്നു പോകുന്ന മനുഷ്യജീവിത വ്യവഹാരങ്ങളുടെ ചിത്രം ചുരുൾ നിവരുന്നു. ജീവിത ബാക്കിയിൽ ചില തിളക്കമുറ്റ സമ്പാദ്യങ്ങളുണ്ടായിരുന്നു. ഒരിക്കലും വിട്ടു പോവാത്ത അക്ഷരങ്ങൾ കുടിയേറിയ പുസ്തകങ്ങൾ. സ്വയം ചിന്തിക്കാൻ മാറ്റിയെഴുതാൻ പ്രേരിപ്പിച്ച അക്ഷയ ഖനികൾ .അവക്ക് ആത്മീയ പരിവേഷമാണ്. ഭൗതിക വർണ്ണങ്ങളല്ല. യഥാർത്ഥ ആത്മീയത ഭൗതിക ജീവിതത്തെ ദീപ്തമാക്കുകയെന്നതാണ്. സ്വയം വിചിന്തനം ചെയ്യുമ്പോൾ ഓരോ പുസ്തകങ്ങളും ഓരോ കഥാപാത്രങ്ങളായി അവകാശങ്ങളുന്നയിക്കുകയും കലഹിക്കുകയും ചെയ്യുന്നു. മനുഷ്യരേക്കാൾ സഹിഷ്ണുതയുള്ള ഒരു പഴയ നോട്ട് ബുക്ക് നിവർന്നു പറഞ്ഞു, " എന്നിലാണ് നീ ആദ്യം കവിത കുറിച്ചത്. നിന്റെ കുത്തിവരകളും വെട്ടും തിരുത്തും അക്ഷരതെറ്റുകളും എന്നിൽ നിറയെ " .പരാതികളും പരിഭവങ്ങളുമില്ലാതെ ചില പുസ്തകങ്ങൾ സ്നേഹത്തോടെ ഉരുവിട്ടു "പഴകിയിട്ടും താളുകൾ കീറിയിട്ടും നീ ഉപേക്ഷിച്ചില്ലല്ലൊ ഞങ്ങളെ ".... ഇതൊക്കെ മനുഷ്യന്റെ വിഭിന്ന സ്വഭാവങ്ങളേയും വീഴ്ചകളേയും ഫലങ്ങളേയും ആത്മവിമർശനങ്ങളേയുമാണ് ഓർമ്മിപ്പിക്കുന്നത്. എന്നാൽ പള്ളിക്കൂടത്തിനുമ്മറത്തെ വാകമരച്ചോട്ടിലിരിക്കുമ്പോൾ കുഞ്ഞക്ഷരങ്ങളായ് പിറന്ന കവിതയെഴുതിയ സ്ലെയ്റ്റ് എവിടെ ? അത് മാത്രം നീ കാത്തു സൂക്ഷിച്ചില്ലല്ലൊ എന്ന മന:സാക്ഷിയുടെ ചോദ്യത്തിൽ ജീവിതാർത്ഥങ്ങൾ വാകപ്പൂക്കളായി വിരിയുന്നു. അമ്മിഞ്ഞപ്പാൽ നൽകി വളർത്തിയ അമ്മയുടെ ഒരിക്കലും അവസാനിക്കാത്ത സ്നേഹം പോലെ കവിത എഴുതിയ സ്ലേയ്റ്റ് മുറിക്കഷണങ്ങളായി മണ്ണിന്നടിയിൽ ആഴ്ന്ന് കിടന്ന് അമ്മയുടെ കരുതൽ പോലെ നിന്റെ ആദ്യഫലം മായാതെ സൂക്ഷിക്കുന്നുണ്ടാവാം എന്ന മനസ്സിലുയർന്ന അശരീരിയിലൂടെ ചുവന്ന വാകപ്പൂക്കളായി പോയവർഷങ്ങളും വയസ്സുകളും പെയ്യുന്നതോടെ വലിയ അർത്ഥതലങ്ങൾ സമ്മാനിച്ച് " ആദ്യഫലം " എന്ന കവിത പൂർണ്ണമാകുന്നു.
ധ്യാനത്തിന്റെ ഉണർച്ചകളിലേക്കുള്ള പ്രയാണമാണ് " ഉത്തരാധുനികോത്തര കവിതകൾ" എന്നതിലെ " അകലം" എന്ന രചന. മനുഷ്യനിൽ നിന്നും മാർജ്ജാരനിലേക്ക് . കണ്ണടച്ച് പാലു കുടിച്ച് പതുപതുത്ത മേനി നക്കിത്തുടച്ച് ഉറങ്ങുന്ന പൂച്ചയുടെ കഴിവ് അപാരമാണ്. ക്ഷമയുടെ രാജാവ്. ശത്രുവിനെ കൊല്ലാക്കൊല ചെയ്ത രസിച്ച് മരണത്തിലേക്കയക്കുന്ന വിനോദം സ്വന്തമാക്കിയവൻ. തെറ്റുകൾ ചെയ്ത് മനഃസാക്ഷിക്കുത്തില്ലാതെ ഉറങ്ങുന്ന പൂച്ച കപട മനുഷ്യന്റെ പ്രതീകമാണ്. നൻമ ചെയ്യുന്ന മനുഷ്യന് ഉറങ്ങാനാവില്ല. സമൂഹത്തിന്റെ വേദനകൾ അയാളുടെ വേദനകളാകുന്നു. അസഹിഷ്ണുതയുടെ ലോകത്ത് എങ്ങിനെ സമാധാനമായി ഉറങ്ങാനാവും? ഗത്യന്തരമില്ലതെ ഉറങ്ങുന്ന പൂച്ചക്കടുത്ത് അയാൾ ഇരിക്കകയാണ് ഉറക്കം കൊതിച്ച് ധ്യാനനിരതനായി.
ജീവിതത്തിന്റെ നിറഭേദങ്ങളെ സാക്ഷ്യപ്പെടുത്തുന്ന കവിതയാണ് "ആർപ്പ് " . സിഗ്നലുകളെ വകവെക്കാതെ നിരന്തരം പച്ചക്കൊടി വീശി അവസാനം കൂപ്പുകുത്തുന്ന ജീവിതങ്ങൾ. അവനവന്റെ സമയത്തിന് പാകപ്പെടുത്തിയെടുക്കുന്ന ക്യാപ്സ്യൂൾ ജീവിതങ്ങൾ. അത് ജീവിതമല്ല, ജീവിക്കാൻ മറന്നു പോകുന്ന കേവലം പാച്ചിലുകൾ മാത്രമാണെന്ന് കവി വക്രോക്തിയിലൂടെ ധ്വനിപ്പിക്കുന്നു.
ഒരു വീടിന്റെ ഓർമ്മയിലൂടെ " സന്ദർശനം " എന്ന കവിത ഉണരുന്നു. പഴയ വീട്ടിലേക്ക് പോവുകയാണ് അസമയത്ത്. മരിച്ചു പോയ അമ്മയും അച്ഛനും നല്ല ഉറക്കമാണവിടെ. മരിച്ചുപോയവരുടെ സങ്കേതമാണിപ്പോൾ ആ വീട്. മരിച്ചവരുടെ ഇടത്തിൽ ഉണർച്ചയുണ്ടാക്കുന്നത് ഇരുളിൽ പുരണ്ട നിലാവു കൊണ്ട് വീട് എന്നോട് പുഞ്ചിരിച്ചു " എന്ന് കാവ്യാത്മകമായി കുറിക്കുമ്പോഴാണ്. മനസ്സിന്റെ നഷ്ടപ്പെട്ട ഗതകാല സ്മരണയിലേക്ക് ഒരു തിരിച്ചു പോക്കാണ് ഈ കവിത. അവസാനം പടം പൊഴിച്ചിറങ്ങുന്ന പാമ്പിനെപ്പോലെ ആ സ്വപ്നം കട്ടിലിലൂടെ ഇഴഞ്ഞിറങ്ങി ജനലിലൂടെ പുറത്തേക്ക് പോകുന്നു. ഉപബോധമനസ്സിന്റെ ഉൾത്തുടിപ്പുകൾതന്നെയല്ലേ സ്വപ്നമായി കിനിഞ്ഞിറങ്ങിയത്.
പരിസ്ഥിതിയിലേക്കുള്ള ഒരു ചൂണ്ടുവിരലാണ് "പലായനം" എന്ന കവിത. മനുഷ്യനെന്നപ്പോലെ ഇതര സസ്യ മൃഗ ജാലങ്ങളുടേയും ആവാസസ്ഥാനമാണ് ഭൂമി . എന്നാൽ അധികാര മോഹിയായ മനുഷ്യൻ സകലതും തന്റെ വരുതിയിലാക്കി .ഭൂമിയെപ്പോലും വെറുതെ വിട്ടില്ല. എല്ലാം കച്ചവടമാഫിയകൾക്കിരയാക്കി വ്യവസായവൽക്കൃതമായ ഒരു പുതിയ ലോകം നിർമ്മിച്ചു. ചൂഷണങ്ങളിലൂടെ വികസിത നയങ്ങൾ നടപ്പിലാക്കാൻ മരങ്ങളെ വെട്ടിമുറിച്ചു പുഴകളെ മലീമസമാക്കി മലകളെ ഇടിച്ചു നിരത്തി നാട്ടു നൻമകളെ വേരോടെ പിഴുതെറിഞ്ഞു. കാറ്റും തണലും ജീവവായുവും തരുന്ന മരങ്ങളെ വെട്ടിമുറിക്കുന്നത് കാണുമ്പോൾ അവ പോലും പ്രാണഭയം കൊണ്ട് പലായനം ചെയ്യപ്പെടുന്നു. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ മനുഷ്യന്റെ നാശത്തിന് കാരണമാകുമെന്ന പാരിസ്ഥിതികാവബോധമാണ് ഈ കവിതയിലൂടെ കവി നൽകുന്ന സന്ദേശം.
ജീവിത സങ്കീർണ്ണതകൾക്കിടയിൽ അനിവാര്യമായ ചില പരകായപ്രവേശങ്ങളാണ് " എന്നെക്കൊണ്ട് തോറ്റു" എന്ന കവിതയിലൂടെ വ്യഖ്യാനിക്കാൻ ശ്രമിക്കുന്നത്. ആസുരമായ സമൂഹത്തിൽ എത്ര നല്ലവരേയും പ്രകോപിതരാക്കാനുള്ള സന്ദർഭങ്ങൾ ധാരാളമാണ്. ഒരുവൻ നന്നാവാൻ തീരുമാനിച്ചാലും സമൂഹം ഇടങ്കോലിടും. അങ്ങിനെയുള്ള ലോകത്തിൽ ഉൺമ പോലും തെറ്റിലേക്ക് എത്തിപ്പെടാം. ആ ഒരു സ്ഥിതിവിശേഷത്തിന്റെ പ്രഖ്യാപനം ഈ കവിതയിൽ കാണുന്നു. സമാധാന പ്രതീകമെന്ന് വിശ്വസിക്കുന്ന പ്രാവ് ആന്തരികമായി പുലി സ്വഭാവമേറ്റെടുക്കുകയും പുലി ആന്തരികമായി പ്രാവായും മാറുന്ന വൈരുധ്യാത്മകതയുടെ സംയോജനം ഈ കവിത കാട്ടിത്തരുന്നു. ഉറങ്ങിക്കിടക്കുന്ന ചില സത്യങ്ങളിലേക്ക് വഴി ചൂട്ടാകുന്ന കവിത.
പ്രണയോർമ്മകളുടെ പാളത്തിലൂടെ ഒഴുകുന്ന കവിതയാണ് "തീവണ്ടി" .ആവർത്തിക്കുന്ന ചരിത്രങ്ങൾ . ആത്മാർത്ഥമായ പ്രണയം സുതാര്യമായിരിക്കും. കാലത്തിന്റെ പാച്ചിലിൽ ക്ഷയം സംഭവിക്കാതെ എത്ര വയസ്സായാലും അത് തളിർത്ത് പൂത്ത് നിൽക്കും. പഴയ തലമുറയുടേയും പുതിയ തലമുറയുടേയും പ്രണയ ചിന്തകൾ ഏറ്റുവാങ്ങുന്ന സിമന്റ് ബഞ്ച് കഥാപാത്രമാകുന്ന ഈ കവിതയിൽ പഴയ പ്രണയത്തിന്റെ ഓർമ്മകൾ നിറച്ച ഭാണ്ഡം പുതിയ പ്രണയച്ചിന്തകൾക്ക് വഴിമാറിക്കൊടുക്കുന്നു.
ഇങ്ങിനെ നിരവധി വിഷയങ്ങൾ കവിതയുടെ പോർച്ചട്ടയണിഞ്ഞ് ലോകത്തെ, സമൂഹത്തെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. വിശാലമായ ഹൃദയത്തിന്റെ അറകൾ തുറന്നിടുന്നു.ധന്യവും ധ്യാനപൂർണ്ണവുമായ കവിതാ വഴികൾക്കായി .
അവിടെ വന്നു നിറയുന്നത് കളങ്കമേശാത്ത മനുഷ്യസ്നേഹത്തിന്റെ സങ്കീർത്തനങ്ങളിലേക്കുള്ള കൺ തുറപ്പിക്കലുകളാണ്. പ്രപഞ്ചത്തിന്നതീതമായ ശക്തിവിശേഷത്തിന്റെ പ്രപഞ്ച വിധാതാവിന്റെ സൂക്ഷ്മമായ ഇടപെടൽ പോലെ കവിയുടെ തൂലിക അനായാസമായി കോറിയിടുന്ന ചിത്രങ്ങൾ. അവ ജീവിതദർശനങ്ങളായി രൂപം പ്രാപിക്കുന്നു. ഭൂമിയായും കാററായും മരമായും പുഴയായും മേഘമായും ചെറിയ മനുഷ്യനുള്ളിൽ അറിവിന്റെ നനവായി കനവായി നിറവായി അക്ഷരങ്ങളങ്ങിനെ പെയ്തു നിറയുകയാണ്. പ്രകൃതിയുടെ ഊഷരതയെ ജൈവികമാക്കുവാൻ, പ്രാണന്റെ തുടിപ്പുകളായി. തൊട്ടു മുൻപിൽ കാണുന്ന വിഷയം പോലും സെബാസ്റ്റ്യന്റെ കവിതാ ലോകത്തിൽ ഇടം നേടുന്നു. ജീവിതത്തിന്റെ നീളമളന്ന് ഒരു ശിൽപ്പിയെപ്പോലെ ചെത്തിയും മിനുക്കിയും കാവ്യശിൽപ്പങ്ങൾ ഉണ്ടാക്കുന്നു. വീതിയും ഉയരവും കണ്ടു പിടിക്കാൻ ചെയ്ത യാത്രകളുടെ മൈൽ കുറ്റികൾ അളന്നെടുക്കാൻ ക്ഷിപ്രസാധ്യമല്ലെങ്കിലും അത് നിയതമായി തിട്ടപ്പെടുത്തിയ പൂർവ്വസൂരികളുടെ പ്രതിമകൾ നാൽക്കവലകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും കവി ഓർമ്മിപ്പിക്കുന്നു. കവിവാക്യമെടുത്ത് പറഞ്ഞാൽ ഈ കവിതകളുടെ ആഴം ലംബത്തിലോ തിരശ്ചീനത്തിലൊ അളന്നെടുക്കാനും എളുപ്പമല്ല. അനുഭവങ്ങളിൽ കാഴ്ചകളിൽ സ്വയം ലയിച്ച് ഈ ലോകത്തെ വലുതാക്കിക്കാണിക്കുന്ന ഇന്ദ്രജാലം ഈ കവിതകളിൽ നിറയുന്നു.
ആത്മാവിലേക്ക് ദൈവത്തെ ആവാഹിക്കുന്നു. നൻമയുടെ സത്യത്തിന്റെ പ്രതികിരണങ്ങളെ . അതിനായി പുലരിയുടെ പ്രതീക്ഷയുടെ ഉണർച്ചയുടെ ഊടും പാവും ചേർന്ന് പുഴയിൽ മുങ്ങി നെയ്തെടുക്കകയാണ് ഓരോ കവിതയും. കവിതയുടെ രഹസ്യ താക്കോലിനായി ധ്യാനമിരിക്കുന്നു. ആ നിമിഷങ്ങളിൽ മിന്നി ജ്വലിക്കുന്ന അക്ഷരദീപങ്ങൾ.
ഡിജിറ്റൽ യുഗത്തിൽ ഉണങ്ങാത്ത മനസ്സുകൾക്കായുള്ള പ്രാർത്ഥനകൾ. ഒരന്വേഷണം പോലെ ജീവനുള്ളതായി കണ്ടെത്തിയത് പരമ്പരയെ മാത്രമാകുന്നു. അതിലൂടെ പരോക്ഷമായി തെളിയുന്നത് ഇന്നത്തെ ഇൻസ്റ്റന്റുകളെല്ലാം താൽക്കാലികവും നശ്വരവുമാണെന്നുള്ളതാണ്. അപ്പോഴും ശാശ്വതമായി നിലകൊള്ളുന്നത് ആദിമ ചൈതന്യം കുടികൊള്ളുന്ന പൈതൃകത്തിന്റെ വേരുകളാണ്.... തായ് വേരുകൾ. തായ് വേര് വെട്ടിമാറ്റി നീങ്ങുന്ന പുതിയ ലോകത്തിന്റെ ക്ഷണികതയിലേക്കാണ് മറ്റു ചില കവിതകൾ വെളിച്ചമാകുന്നത്.
വലിയ കണ്ണുകളുള്ള വീട് ( പാർപ്പ്) കാഴ്ചയുടെ ലോകമാകുന്നു. പഴയതും പുതിയതുമായ കാവൃസങ്കേതങ്ങൾ ഇണചേരുന്ന കവിത. വർത്തമാനകാലത്തിലെ സങ്കുചിതത്വബോധങ്ങളിൽ നിന്നും പുറത്ത് കടക്കാനുള്ള ത്വരയാണ് " വളർച്ച " എന്ന കവിതയിൽ പ്രതിപാദിക്കുന്നത്. തെളിഞ്ഞു തെളിഞ്ഞു വരുന്ന ഗ്രാഫിലൂടെ. പ്രളയവും പ്രളയാനന്തരവും എല്ലാം ഒരു സൂക്ഷ്മദർശിനിയിലൂടെന്നപോലെ കവിതകളിൽ പ്രതിഫലിക്കുന്നു. കാലത്തിന്റെ കണ്ണാടിയായി. മുഖം നോക്കാൻ മറക്കുന്ന മനുഷ്യൻ ഇടക്ക് കണ്ണാടി നോക്കേണ്ടത് അത്യാവശ്യം. അപ്പോഴേ തനിക്കേറ്റ മാറ്റങ്ങൾ തിരിച്ചറിയാനാകു . അങ്ങിനെ അനാദിയായ വിഷയങ്ങളിലൂടെ കാവ്യലോകത്തെ ഹൃദയത്തിൽ നിവർത്തിയിട്ട് വിമലീകരിക്കുകയാണ് സെബാസ്റ്റ്യൻ എന്ന കവി. പൂർവ്വസൂരികളായ കവി പ്രഭൃതികൾ ഉഴുതുമറിച്ച മണ്ണിൽ ഫലഭൂയിഷ്ഠമായ വിളകൾ കൊയ്തെടുക്കുന്നു. പുതിയ കാലത്തിന്റെ രഹസ്യ താക്കോൽ ഈ ഭൂമിക തുറക്കാൻ ആവശ്യമെങ്കിലും ജീവിത ലാളിത്യത്തിന്റെ നേർക്കാഴ്ചകളും പ്രണമിച്ചു നിൽക്കുന്ന വാക്കകളുടെ വിധേയത്വവും അന്തർലീനമായിരിക്കുന്നു. അനാദിയായ ഈ കാവ്യപ്രപഞ്ചത്തെ പൂർണ്ണമായളക്കാനുള്ള അളവുകോലായിരിക്കില്ല ഈ കുറിപ്പെന്ന് ബോധ്യമാണ്. പൂരിപ്പിക്കാതെ പോയ വരികൾക്കിടയിലെ വാഗ്സ്ഥലികൾ വായനക്കാർ പൂർണ്ണമാക്കട്ടെ. മൗനമാണല്ലൊ ഏറ്റവും വലിയ വാചാലത . ഇനിയുമിനിയും പുതു കവിതയുടെ ഉൾച്ചൂടു പകരാൻ ഈ കവിക്കാകട്ടെയെന്ന് ഹൃദയപൂർവം ആശംസിച്ചു കൊണ്ട് ഈ ധന്യ നിമിഷങ്ങൾക്ക് വിരാമം കുറിക്കുന്നു.
No comments:
Post a Comment