കണ്ണിലെ മഴത്തുള്ളി...... ഇന്ദിരാ ബാലൻ
മനുഷ്യ ജീവിതം എന്നും പുനർനിർമ്മിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഓരോ മാറ്റങ്ങൾ. പരീക്ഷണത്തിന്റെ രസതന്ത്രശാലയിൽ പുതിയ പുതിയ രാസോൽപ്പാദനങ്ങൾ. ജീവിതത്തിന്റെ എല്ലാ മേഖലയേയും ഈ രാസമാറ്റങ്ങൾ കീഴ്പ്പെടുത്തിയിട്ടുമുണ്ട്. സാഹിത്യ ശാഖകളും ഈ മാറ്റത്തിന് വിധേയമായിട്ടുണ്ട്. അതിലേറ്റവും നവ ഭാവുകത്വത്തോടെ സഞ്ചരിക്കുന്നത് കവിതാ ലോകമാണെന്ന് പറയാം. പദ്യത്തിന്റെ പകിട്ടുകൾ കുടഞ്ഞു കളഞ്ഞ് ശക്തമായ ആശയങ്ങളിലൂടെ ധ്വനി സാന്ദ്രമായ ഗദ്യകവിതകൾ പുതുകാലത്തിന്റെ വാങ്ങ്മയങ്ങളായി വാർന്നു വീഴുന്നു. പുതുകാല ബിംബകൽപ്പനകളിലെ നവീന സങ്കൽപ്പം കവിതക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നു. കവിത ബുദ്ധിയേക്കാളുപരി ഹൃദയത്തിൽ നിന്നും ഒഴുകിപ്പരക്കുന്നു എന്നൊരു പൊതു സങ്കൽപ്പം ഉണ്ടായിരുന്നു. എന്നാൽ ബുദ്ധിയും ഹൃദയവും ഒരു പോലെ ഇടപെടുന്ന കവിതാ നിലങ്ങളാണ് കവി സെബാസ്റ്റ്യന്റെ കവിതകൾ. ധ്യാനം പോലെ കവിതാ വഴിയും ധന്യമായിത്തീരുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ സൂക്ഷ്മ സ്ഥൂല ഇടങ്ങളെല്ലാം ഒരു പോലെ (ഭൂമി മുതൽ ആകാശം വരെ) കവിതക്ക് പാത്രമാവുന്നു. പുതിയ കാവ്യ സങ്കേതങ്ങളിലൂടെ അനുവാചകനുമായി സംവദിക്കുന്നു. ആ കവിതകളെ നിരന്തരം വായിക്കുമ്പോഴാണ് അതിന്റെ ആന്തരിക തലങ്ങളിലേക്ക് കടക്കാനാവു എന്നതാണ് ഈ കവിതാവായനയിൽ ബോധ്യപ്പെട്ട ഒരു കാര്യം. ശബ്ദാർത്ഥ തലങ്ങളിൽ രൂപപ്പെടുന്ന ബോധമാണ് കവിതയുടെ ആത്മസത്ത എന്ന അഭിപ്രായം സെബാസ്ത്യന്റെ കവിതകളിലൂടെ സാധൂകരിക്കപ്പെടുന്നുണ്ട്. കാലത്തിന്റെ ആത്മ ചലനങ്ങളുമായി ഏറ്റുമുട്ടാൻ വിധിക്കപ്പെട്ടവനാണ് കവി.
ഇവിടെ പരാമർശിക്കുന്നത് "കണ്ണിലെഴുതാൻ" എന്ന കവിതയെക്കുറിച്ചാണ്. കണ്ണിലെഴുതുന്നത് സാധാരണയായി അഞ്ജനമോ സുറുമയോ ആണ്. എന്നാൽ ഇവിടെ മഴത്തുള്ളിയെയാണ് കവി പ്രതിപാദിക്കുന്നത്. " കാത്തുസൂക്ഷിക്കുന്നു മുമ്പ് കണ്ടിട്ടില്ലാത്ത ഈ മഴത്തുള്ളിയെ " എന്ന വരികളിലൂടെ കരുതലിന്റേയും പരിഗണനയുടേയും സ്നേഹത്തിന്റേയും ചിത്രങ്ങൾ കോർത്തു കിടക്കുന്നു. കണ്ണിലെഴുതുമ്പോൾ അതിന് കുളിർമ്മയാവശ്യമാണ്. അത് ഒരു പക്ഷേ മനസ്സിന് ലഭിക്കുന്ന സാന്ത്വനം എന്ന അർത്ഥതലങ്ങളിലേക്കും വിവക്ഷിക്കപ്പെടാം. ആസുരമായ അസഹിഷ്ണുതയുടെ ഈ കാലത്ത് സമാധാനം എന്നത് പ്രധാനമാണ്. സമാധാനത്തിന്റേയും സാന്ത്വനത്തിന്റേയും ഇടങ്ങൾ കണ്ടെത്തേണ്ടതും അവനവൻ തന്നെയാണ്. അവിടെ ഭാവനാത്മകമായ ഒരു ലോകത്തിലൂടെ കവി വിഹരിക്കുന്നു. മുമ്പ് കാണാത്ത മഴത്തുള്ളിയെയാണ് കവി കാത്തു സൂക്ഷിക്കുന്നത് . ഉളളതിനെ കാത്തുസൂക്ഷിക്കാത്ത ഇക്കാലത്ത് കാണാത്തതിനെ കാത്തുസൂക്ഷിക്കണമെങ്കിൽ വിശാലമായ കാപട്യമേശാത്ത ഹൃദയം വേണം. അത്തരമൊരു ഹൃദയത്തിലൂടെയാണ് ഈ മഴത്തുള്ളി സഞ്ചരിക്കുന്നത്. ആ തുള്ളി തനിക്ക് മാത്രമല്ല ലോകത്തിലെ ഓരോരുത്തർക്കും അർഹതപ്പെട്ടതെന്ന ബോധ്യത്തിലൂടെയാണ് ആ മഴത്തുള്ളിയെ തളള മഴയുടെ പക്കൽ പ്രണയിക്ക് ( പ്രണയി എന്ന് പ്രത്യക്ഷ വിവക്ഷയില്ലെങ്കിലും) കൊടുത്തയക്കുന്നത്. ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണിലെഴുതണം അപ്പോൾ മഴവിത്തുകൾ വിതയ്ക്കുകയും മുളച്ചു വരികയും ചെയ്യുന്ന ആകാശ നിലങ്ങൾ കാണാനാവും എന്ന് കവി പറയുന്നു. പ്രപഞ്ചത്തോടുള്ള വിധാതാവിനോടുള്ള പ്രണയമായി കവിത പരിണമിക്കുന്നു. നവ കേസരങ്ങൾ പൊഴിച്ച് കവിത പറക്കുന്നു ആദിമ ചൈതന്യത്തിലേക്ക്. കവിതയുടെ പുതിയ വിത്ത് വിതക്കുന്ന നിലങ്ങളുടെയെല്ലാം ഉടമ ഈശ്വരനാണെന്ന ബോധം ഈ കവിതയിൽ ശിരസ്സുയർത്തുന്നുണ്ട്. ഈശ്വരൻ ഭൂമി ആകാശം കവിത ഈ ആശയങ്ങളിലൂടെ വലിയൊരു പ്രപഞ്ചം തുറക്കുന്നു. ഇതിലപ്പുറം മനുഷ്യൻ ഒന്നുമല്ല എന്ന ബോധവൽക്കരണവും കവിതയിലൂടെ സാധ്യമാകുന്നു. ആ മഴത്തുള്ളി കണ്ണിലെഴുതാൻ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നു. അത് അറിവിന്റെ ബോധത്തിന്റെ മഴത്തുള്ളിയായി പരിണമിക്കുന്നു. പ്രപഞ്ചത്തെ സത്യത്തെ അകക്കണ്ണ് തുറന്ന് കാണേണ്ടിയിരിക്കുന്നു. കേവലമായ മാംസക്കണ്ണാൽ കാണേണ്ടതൊന്നും മനുഷ്യൻ കാണുന്നില്ല. അതിനാൽ ഈ മഴത്തുള്ളി കണ്ണിലെഴുതേണ്ടത് അനിവാര്യം. തെളിച്ചമുള്ള കാഴ്ചകൾക്കായി നമുക്കും ഇതുവരെ കാണാത്ത ഈ മഴത്തുള്ളിയെ കാത്തുസൂക്ഷിക്കാം. രാത്രി കിടക്കുമ്പോൾ കണ്ണിലെഴുതാൻ . അറിവിന്റെ ബോധതലങ്ങളെ ,പുതിയ പ്രഭാത സൂര്യനെ മറയില്ലാതെ പ്രകാശത്തോടെ കാണുവാൻ . സത്യത്തിന്റെ വേരുകൾ തേടിയുള്ള സൗന്ദര്യാത്മകമായ ജീവിതാന്വേഷണം തന്നെയാണീ കവിതയിലൂടെ കാണാൻ കഴിയുന്നതും !
No comments:
Post a Comment