ഓർമ്മ ചീന്തുകൾ....... ഇന്ദിരാ ബാലൻ
കാലത്തിന്റെ വീശു മുറം കൊണ്ട് ജീവിതത്തെ ചേറി കൊഴിച്ചെടുക്കുമ്പോൾ കടന്നു പോന്ന ദശാസന്ധികൾ. വാക്കുകളുടെ സ്വർണ്ണ ചാമരം വീശിയും തീയിൽ വീണ് പൊള്ളിയടർന്നുമൊക്കെ അവ ജീവിതത്തിൽ വന്നിടക്ക് ഇരുകിട കൊട്ടാറുണ്ട്. മുപ്പതാണ്ട് പഴക്കമുള്ള മറുനാട് ജീവിതത്തിന്റെ അതിരുകളെ തട്ടിമാറ്റി തോളത്ത് കയറിയിരിക്കാനും ആ ഓർമ്മകൾ മടി കാണിക്കാറില്ല. പഴമയുടെ ചുരുട്ടി വെച്ച പന്തിപ്പായകൾക്കുള്ളിൽ നിശ്ശബ്ദം അടയിരിക്കുന്നവയും ഉണ്ട്. കാലത്തിന്റെ ഉപയോഗശൂന്യമായ പല ഏടുകളും പറിച്ചെറിയേണ്ടിവരുമ്പോൾ കൃത്യമായ വ്യാകരണമില്ലാത്തതാണ് മനുഷ്യ ജീവിതം എന്നും തിരിച്ചറിയുന്നു. ചിന്തകൾ മാറുകയും കനം വെക്കുകയും ചെയ്യുമ്പോൾ പല വിശ്വാസങ്ങളും അവിശ്വാസങ്ങൾക്ക് വഴിമാറി കൊടുത്തേക്കാം. എന്നാലും ചിലതൊക്കെ മാറ്റങ്ങളില്ലാതെ ആ വിശുദ്ധിയോടെ കലർപ്പില്ലാത്ത കാട്ടുതേൻ പോലെ മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിക്കാനും ഇഷ്ടം. അതിലൊന്നാണ് ജനിച്ചു വളർന്ന ഗ്രാമമായ വാഴേങ്കട .
വാഴേങ്കടയെ ഓർക്കുമ്പോൾ ഇപ്പോഴും ഞാനൊരു പാവാടക്കാരിയുടെ മനസ്സിലേക്ക് ചേക്കേറുന്നു. കുട്ടിക്കാലത്തിന്റെ കുസൃതികളും കൗമാര യൗവ്വനകാലത്തിൽ കൊണ്ട വെയിലുകളും മഴകളും കൊണ്ട് നെയ്തെടുത്ത എത്രയെത്ര സ്വപ്നങ്ങളും, നിനവുകളും ആ മണ്ണിൽ കുതിർന്നു കിടക്കുന്നു. . കഥകളിയും കദളിപ്പഴവും ഏറെ ഇഷ്ടമുള്ള വാഴേങ്കട നരസിംഹമൂർത്തിയെ എന്നും രാവിലെ കുളിച്ച് തൊഴുതിരുന്ന കുട്ടിക്കാലത്തിനിപ്പോഴും കർപ്പൂര മണം. കൂട്ടുകാർക്കൊപ്പം ചിലവഴിച്ചിരുന്ന കാലത്തിന്റെ കൗതുകങ്ങൾക്ക് അമ്പലത്തിലെ ഇലച്ചാർത്തിൽ നിന്നും കിട്ടുന്ന തുളസിയുടേയും തെച്ചിപ്പുവിന്റെയും ചന്ദനത്തിന്റെയും ഗന്ധമായിരുന്നു. ഒപ്പം മoത്തിൽത്തൊടിയിൽ കാററത്ത് ഊർന്നു വീഴുന്ന മാമ്പഴങ്ങളുടെ മധുരവും പുളിയും!
വാഴേങ്കട യു.പി.സ്കൂളിലേക്ക് രാവിലെ പത്ത് മണിക്കിറങ്ങിയാൽ മതി. പോകുന്ന വഴിയിലാണ് ഭ്രാന്തൻ മെയ്തുവിന്റെ വീട് (പേര് യഥാർത്ഥമല്ല) അവിടെയെത്തിയാൽ കലപില നിശ്ശബ്ദമാവും. കാരണം അയാൾ എപ്പോഴാ മിണ്ടാതെ പടിക്കലിൽ വന്നു നിൽക്കുന്നതെന്നറിയില്ല. ചിലപ്പോൾ കുട്ടികളെ പിടിച്ചുന്തും. ആ ഭയം കാരണം അവിടെ എത്തിയാൽ മൊട്ടുസൂചി വീണാൽ കേൾക്കാത്തത്രയും നിശ്ശബ്ദതയായിരിക്കും. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന് സുഖമില്ലാതാവുന്നത്. അതിനാൽ തന്നെ കലാകാരനായ അച്ഛനേക്കാൾ അസുഖബാധിതനായ അച്ഛനെയാണ് അധികം അറിയുന്നത്. മനസ്സിന്റെ ആളൊഴിഞ്ഞ അരങ്ങിലെ കൊഴിഞ്ഞകാലത്തിലെ ഇന്ദ്രധനു സ്സൊളി ചിതറിയ പരകായപ്രവേശങ്ങളിലേക്ക് മനസ്സെറിഞ്ഞ് കിടന്നിരുന്ന കാലത്തിന്റെ മഹാനായ കലാകാരൻ!
ഓർമ്മയിലെ ജൻമ മണ്ണിന്റെ മധുരം നുണയുന്നതിന് അമ്മിഞ്ഞപ്പാലിന്റെ മധുരവും മണവുമാണിന്നും. മുറ്റത്തെ കിണറ്റിൻകരയിലെ കറുവേപ്പില മരത്തിൽ വന്നിരുന്നിരുന്ന മഞ്ഞക്കിളിയും ഒറ്റക്കണ്ണൻ കാക്കയും, നിനവിൽ ചില്ലിട്ടു സൂക്ഷിച്ച ചിത്രങ്ങൾ. കേളികൊട്ടിലുണർന്നിരുന്ന തോടയത്തിന്റെ മന്ദ്ര ധ്വനികൾ, രാവും പകലുമിണചേർന്നിരുന്ന ഹേമന്ത സന്ധ്യകളും, ഇന്നലെയുടെ സ്വർണ്ണമരാളങ്ങളായി ചാരത്ത് നിൽപ്പുണ്ട്. ചുണ്ട പൂവിട്ട ഇതളിൽ മിന്നിമായുന്ന ഭാവങ്ങളുടെ അകക്കാമ്പുകളറിയാതെ കഥകളി കാണുക എന്ന ഇഷ്ടത്തോടെ മാത്രം കഥകളിവിളക്കിൻ ചുവട്ടിൽ സ്ഥലം പിടിച്ചിരുന്ന് ഉറക്കം തൂങ്ങിയും ഉറങ്ങിയും ഉണർന്നും കണ്ടിരുന്ന കഥകളി രാവുകൾ.
സ്കൂൾ യാത്രയിൽ വഴിയിലെ മഷിത്തണ്ടുപറിച്ചും ഒടുച്ചുറ്റിപൂക്കളെ നോക്കി നിന്നും വൈകിയെത്തിയ ക്ലാസ്സുമുറികൾ. വൈകിയെത്തിയതിന്റെ പേരിൽ കിട്ടിയിരുന്ന ചൂരൽ സമ്മാനങ്ങൾ, ഓർക്കുമ്പോൾ ഇപ്പോഴും അറിയാതെ കൈവെള്ള വലിച്ചു പോകുന്നു. അപ്പോഴും ആരും കാണാത്ത അറിയാത്ത ശംഖുപുഷ്പ്പങ്ങൾക്കുള്ളിലെ കടൽത്തിരയെ അന്വേഷിക്കുന്ന ഒരു കുട്ടി എന്നുള്ളിലുണ്ടായിരുന്നു. കാലത്തിന്റെ കടന്നു പോവലിൽ മനസ്സിലായി ശംഖിനുളളിൽ മുഴങ്ങുന്നത് കടലല്ല പ്രകൃതിയുടെ ഓംകാരമാണെന്ന്.
എപ്പോഴൊക്കെയോ ആ കുട്ടി തന്റെ നീല ചട്ടയുള്ള ഡയറി താളിൽ കവിതകളും കഥകളും എഴുതി വെച്ചു. ആ ഡയറി കാലത്തിന്റെ പുഴയിലൊഴുകിപ്പോയി. ആദ്യാക്ഷരത്തിന്റെ ആദ്യ നോവറിഞ്ഞ നിമിഷങ്ങൾ!
ഏഴാം ക്ലാസിലേക്ക് രണ്ട് നാഴിക നടന്ന് തൂതപ്പുഴയോരത്ത് നിന്നും ബസ്സ് കയറി ചെർപ്പുളശ്ശേരി സ്കൂളിലേക്ക്. മഴക്കാലത്ത് തൂതപ്പുഴ മലങ്കാളിയെപ്പോലെ കുത്തിമറിഞ്ഞൊഴുകും. കൂട്ടുകാർക്കൊപ്പം ബസ്സു യാത്രയുടെ കൗതുകങ്ങൾ നുണഞ്ഞുള്ള യാത്രകൾ. പത്തിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ വിയോഗം. ജീവിതത്തിന്റെ കളിക്കോപ്പഴിച്ചു വെച്ച് അരങ്ങൊഴിഞ്ഞ മഹാനടനായ അച്ഛൻ. പാവാട ഞൊറിയിൽ കാത്തുവച്ച കുന്നിമണികൾ ചിതറിപ്പോയപ്പോലെ വിഷാദ പർവ്വത്തിലേക്ക് കുടിയേറിയ മനസ്സ്. പിന്നീട് അമ്മയുടെ ചിറകിൻ കീഴിൽ ജീവിതം തുഴഞ്ഞു. കലാലയ പഠനത്തിലേക്കുള്ള ചവിട്ടുപടികൾ. മലയാളസാഹിത്യത്തറവാട്ടിലെ കാരണവൻമാരുടെ കൃതികളിലൂടെയുള്ള പ്രയാണ പഠനങ്ങൾ. അക്കാലത്താണ് അമ്മയേയും അസുഖങ്ങൾ വേട്ടയാടുന്നത് . പരിശോധനകളും ചികിത്സകളും. അവസാനം ഞണ്ടുകളായി വന്ന് അമ്മയേയും മരണം കീഴടക്കി.
പിന്നീടാണ് ജീവിതത്തിന്റെ തേരുരുളൊച്ച അറിയാൻ തുടങ്ങുന്നത്. എപ്പോഴൊക്കെയോ ഒരു ശൂന്യതാ ബോധത്തിലേക്ക് വഴുതി വീണു. പൂത്തു വിരിയുകയും തപിച്ചുരുകുകയും ചെയ്ത സൗഗന്ധികങ്ങളുടെ ഒരു കാലം മിഴിയടക്കുന്നു .
ഓർമ്മകൾക്ക് പലപ്പോഴും മഴമേഘങ്ങൾ നിറഞ്ഞ ആകാശത്തിന്റെ കനമാണ് .
ജീവിതത്തിന്റെ വിചാരതലങ്ങളിൽ ചൂടുള്ള നനവായവശേഷിക്കുന്നു അമ്മയുടെ ഓർമ്മകൾ. അമ്മ ഒരുക്കിയിരുന്ന ഓണങ്ങൾ, വിഷുക്കണികൾ..... കാലത്തിന്റെ പുഴയിലൊഴുകിപ്പോയ നീല നീരദതാരുകൾ നിറഞ്ഞ ഓർമ്മചീന്തുകൾ .
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നുമൊഴിഞ്ഞ് പലപ്പോഴും ഭൂതകാലപ്പടവുകളിലേക്ക് മനസ്സ് പായാറുണ്ട്. മയിലാടും കുന്നും, അമ്മിണിക്കാടൻ മലയുമൊക്കെ ഇപ്പോഴും അവിടെയുണ്ടോന്ന് അറിയില്ല. ആ ചിത്രങ്ങളൊക്കെ വിദൂരങ്ങളായിരിക്കാം. കാരണം വികസനം എവിടേയും ആധിപത്യം സ്ഥാപിച്ചുവല്ലൊ. എന്നാലും ഇന്നലെയുടെ സ്വർണ്ണമരാളങ്ങളും, കനലുകളും എനിക്ക് ചുറ്റും വന്ന് സംഘനൃത്തം ചെയ്യാറുണ്ട്. സന്ധ്യയിലെ കേളികൊട്ടായി , പൂരങ്ങളുടേയും ഉത്സവങ്ങളുടേയും താലപ്പൊലികളായി, മുടിയഴിച്ചിട്ട കരിമ്പനപ്പാടങ്ങളായി, വേലിപ്പടർപ്പിലെ ശംഖുപുഷ്പങ്ങളായി, വഴിയരികിലെ മുക്കുറ്റികളായി, ജീവന സംഗീതമായി നിറഞ്ഞ നന്തുണിപ്പാട്ടുകളായി, നനുത്ത കറുകനാമ്പിൽ ഇറ്റു നിൽക്കുന്ന ജലകണങ്ങളായി, നിരാസങ്ങളുടെ തീക്കനലുകളായി , വേർപാടുകളുടെ തീവ്രവേദനകളായി, കഷ്ടകാണ്ഡങ്ങളുടെ ചീളുകളായി, വർണ്ണ രൂപവൈവിധ്യങ്ങളോടെ അകക്കാമ്പിൽ നിറയുന്ന തേരോട്ടങ്ങളായി ഓർമ്മ ചീന്തുകളുണരുന്നു!
No comments:
Post a Comment