Sunday, June 6, 2021

 എന്റെ കേരളം

ഇന്ദിരാ ബാലൻ
കാലമാം രഥം പിന്നിട്ടു
ദൂരമേറെ മുന്നിലോർമ്മ-
തന്നശ്വങ്ങളുമായെത്തവേ
എൻ മണ്ണിന്നാർദ്രമാം തീരത്ത്
അമ്മ തൻ നെഞ്ചിൽനിന്നുണ്ട
മധുരമായ് നുണയുന്നു
ഇന്നുമെൻ കേരള മണ്ണിൻ
മധുരസ്മൃതികൾ
ശൈശവത്തിൽ പിച്ച
വെക്കുവാൻ പഠിപ്പിച്ചൊരാ
മൺതരികളിന്നുമെൻ
ചേതസ്സിലാനന്ദ കണികയായ്
കേരത്തിൻ മധുരമൂറു
ന്നോരിളനീർക്കുടങ്ങളും
ഹരിതാഭമാം പുഞ്ചനെൽ
പ്പാടങ്ങളുംഅഴകോലും
നെല്ലോലക്കിളികൾ
തന്നാരവവും
വാൽക്കണ്ണെഴുതിയോരാ
മഞ്ഞക്കിളി തൻ ലാവണ്യവും
ചിലങ്ക തൻ നിസ്വനമായ്
ലാസ്യമായൊഴുകും പുഴകളും
ഇതിഹാസ നിർഝരി പൊഴിച്ചു
കോൾമയിർ കൊള്ളിച്ചൊരാ
പൈങ്കിളിപ്പെണ്ണും
ഇന്നലെയുടെ സ്വർണ്ണമരാള -
ങ്ങളായെൻ ചാരത്തു നിൽക്കെ
ഭൂപാള രാഗമുഖരിതമാം
അഷ്ടപദിയിലുണരുന്നൊ-
രുഷസ്സിൻ മലരുകളും
രാവും പകലുമിണചേർന്നിടും
ഹേമന്ത സാന്ധ്യകളും
കേളികൊട്ടിലുണരുന്ന
തോടയത്തിൻമന്ദ്രധ്വനിയു-
മിന്നറിയുന്നു ഞാനേറെ
ഉറക്കച്ചടവു ചൂടിയ മിഴിയാലെ
കളിവിളക്കിൻ ചുവട്ടിലമർന്നൊരാ -
കഥകളി രാവുകളും
ചുണ്ടപ്പൂവിട്ടോരിതളിൽ
മിന്നിമായും ഭാവങ്ങൾ തൻ
നിറഭേദവും താന്തമാമന്ത:രംഗ-
ത്തിന്നണിയറയിൽ
ദീപ്തമാം സ്മൃതികളായ്
നഷ്ടസ്വപ്നഭൂമിയിൽ ബാല്യ
ത്തിന്നാത്മമിത്രങ്ങളൊത്തു
കണ്ണുപൊത്തിക്കളിക്കവേ
ഏറുകണ്ണിട്ടു കൂട്ടുകാരിക്കിടം
കാട്ടിക്കൊടുത്തതും
കണ്ണാന്തളിപ്പൂക്കളിറുത്താടിപ്പാടി
ഉച്ചവെയിലിൻ ചൂടിൽ വീടണയവേ
തെണ്ടി നടന്നതിൻ പേരിലമ്മ തൻ
ചൂരൽ പ്രഹരമേറ്റതും
വേലിപ്പടർപ്പിലെ ശംഖുപുഷ്പ-
ങ്ങൾക്കുള്ളിലൊളിഞ്ഞൊരാ
കടൽത്തിരയന്വേഷിച്ചു നടന്നതും
ഊടുവഴിയിലെ മഷിത്തണ്ടു
പറിച്ചു നിന്നുനേരമേറെ വൈകി
വിദ്യാലയ പടിവാതിൽക്കലേത്തമിട്ടു
ഗുരുനാഥൻ തൻ ശിക്ഷയേറ്റുവാങ്ങിയതുമെല്ലാം
സുഖദമാം നിനവിൻ തേങ്ങലായ്
മേടസംക്രമപ്പുലരിയിലമ്മ തൻ
വിഷുക്കണി കൺകുളിർക്കെ
കണ്ടുപൊൻ കാണിക്ക
വാങ്ങിയുല്ലാസമായ്
പൂത്തിരി കത്തിച്ചതും
പൂപ്പൊലിപ്പാട്ടിലാർത്തു
മുക്കുറ്റി തിലകം ചാർത്തിയോരാ-
വണികളെ തുയിലുണർത്തി
ചാണകം മെഴുകിയ മുറ്റത്തെ
മണ്ണിൽ ദശപുഷ്പങ്ങൾ
കോർത്തു പൂക്കളമൊരുക്കി, അരിമാവണിഞ്ഞു തൃക്കാക്കരപ്പനു സ്വാഗതമോതി
"പൂവേ പൊലി'' പാടിയതുമെല്ലാ
മിന്നലത്തെ കൊഴിഞ്ഞ പൂക്കളായ്
മനസ്സിൽ നോവിൻ വിത്ത് വിതയ്ക്കുന്നു
തുമ്പപ്പൂവിൻ നൈർമ്മല്യമായാടിയ
മലയാള മണ്ണിൻ ശീലിൻ ചുവടുകളും
വരമഞ്ഞൾക്കുറിയണിഞ്ഞു
പാതിരാപ്പൂ ചൂടിയൊരാതിര
നിലാവിലിലൂഞ്ഞാലാടി തുടിച്ചതും
ശുദ്ധസംഗീതത്തിന്നീണമായെൻ
ചിത്തത്തിലിന്നും ശ്രുതി മീട്ടുന്നു
തുഞ്ചനും കുഞ്ചനും ആശാനും
ഉള്ളൂരും വള്ളത്തോളും
വൈലോപ്പിള്ളിയും പിയും
ജിയും ചങ്ങമ്പുഴയും
തത്തിക്കളിച്ചൊരാ
സാരസ്വതത്തിൻ
കളശിഞ്ജിതമുതിർക്കും
നിളയിലെ പഞ്ചമസ്വര
ധാരയാവുന്നുയെന്നിലാ
കാകളി പാടിയ ഗ്രാമസങ്കീർത്തനം
കല തൻ കാമിനിയാം
കേരളത്തിന്നോർമ്മകൾ
ഇന്നന്യമായിത്തീർന്നതിൻ
വ്യഥയുതിരവെ
യാത്ര ചൊല്ലി ഞാനെൻ
മണ്ണിൽ നിന്നും
മനസ്സിലൊളിപ്പിച്ചൊരാ
മയിൽ പീലിതാളിൻ
ഗൃഹാതുരത്വമുണർത്തും
സ്മൃതികളുമായ്
ശോകവിമൂകമാം !

No comments: