മൊഞ്ചത്തി - ഇന്ദിരാ ബാലൻ
കർക്കട സംക്രാന്തിക്ക്
ചേട്ടേ കളഞ്ഞ്
ശീവോതിയെ
കുടിവെക്കുമ്പോഴാണ്
ആദ്യമായി അവളരികത്ത്
വന്നത്
ഉള്ളംകൈയുകളേയും
വിരലുകളേയും
ചുവപ്പിൽ മുക്കിക്കളഞ്ഞു അവൾ
പിന്നീട് പാത്തുമ്മടെ
നിക്കാഹിന് അവളെ
വീണ്ടും കണ്ടു
ചിത്രമെഴുത്തിൻ്റെ
നിറ രേഖകളുമായി
ഒപ്പനപാട്ടിനോടൊപ്പം
നൃത്തം വെക്കുന്ന വിരലുകളായി
അത്തറിൻ്റെ മണവും പേറി
ആണ്ടിലും അറുതിയിലും
മാത്രമായിരുന്നു
ആദ്യമെല്ലാം അവളുടെ
വരവ്
ഇപ്പോൾ എല്ലായിടത്തും
അവളുണ്ട്
അതിരുകളില്ലാതെ
പൂത്തു ചുവപ്പിക്കാൻ
മുടിക്കും വിരലുകൾക്കും
അഴകായ് ....
മൈലാഞ്ചി നീയൊരു
മൊഞ്ചത്തി തന്നെ.....!
No comments:
Post a Comment