വിഷുച്ചിന്തകൾ .......ഇന്ദിരാബാലൻ
ഏതാഘോഷങ്ങളും നന്മയിലേക്കുള്ള കാൽവെപ്പുകളാണ്.ഓരോ ദേശോൽസവങ്ങൾ പരിശോധിച്ചാലും ജാതിമതഭേദമെന്യേ ഓരോ പുണ്യദിനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് കാണാം. ഉൽസവങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും അതാതു കാലത്തിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. കാലത്തിന്നനുസരിച്ച് അതടയാളപ്പെടുത്തുമ്പോൾ നാൾവഴികളിലേക്ക് ഒരു തിരിച്ചുപോക്കും പുതിയ തലമുറക്കത് പരിചയപ്പെടുത്തലുകളും ആകുന്നു. ഒപ്പം തന്നെ ആ കാലത്തെ ചിട്ടകളും ഭൂമിശാസ്ത്രവും സംസ്ക്കാരവും മിഴിതുറക്കുന്നു. കാലത്തിന്റെ പകർച്ചയിൽ ജീവിതമാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലതൊക്കെ പാടങ്ങളെ തലോടിനില്ക്കുന്ന ഇളം ഞാറുകൾ പോലെ മനസ്സിലും ഇളംകാറ്റു വീശുന്നു. ഓണവും വിഷുവും തിരുവാതിരയും പെരുന്നാളും ക്രിസ്തുമസ്സും എല്ലാം ഏകതത്വത്തിലധിഷ്ഠിതം. മനസ്സിലെ നന്മ വറ്റാതിരിക്കാൻ നാം സൂക്ഷിക്കുന്ന കാലസങ്കലപ്പങ്ങൾ മുറ്റത്തെ തുമ്പയായും തുളസിയായും കൊന്നപ്പൂവായും ഓണപ്പൂക്കളായും ഒക്കെ മനസ്സിൽ പൂത്തുവിടരുമ്പോൾ സംസ്ക്കരങ്ങളുടെ കൊടി കയറുന്നു.
ഗ്രാമവിശുദ്ധിയിലലിഞ്ഞുകിടക്കുന്ന ഊടുവഴിയിലെ മഷിത്തണ്ടുകൾ വേലിപ്പടർപ്പിലെ ശംഖുപുഷ്പങ്ങൾ ഒടുച്ചുറ്റിപ്പൂക്കൾ ജീവനസംഗീതമായൊഴുകുന്ന നന്തുണിപ്പാട്ടുകൾ എല്ലാം ഓമനിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്തിന്നപ്പുറത്തെ സംസ്ക്കാരത്തിന്റെ വൈവിധ്യങ്ങളാണെന്ന് ഈ മറുനാട്ടിലിരിക്കുമ്പോഴും തൊട്ടുണർത്താറുണ്ട്. കർണ്ണാടകയിലെ പുതുവർഷമായി ഉഗാദി ആഘോഷിക്കുന്നതിനോടൊപ്പം മലയാളിയുടെ വിഷുവും പടികയറിവരുന്നു. തമിഴിന്റെ പൊങ്കലും കഴിഞ്ഞിട്ട് അധികനാളായില്ല. ബംഗാളിയുടെ ബിഹുവും ഒപ്പമെത്തുന്നു. വൈവിധ്യങ്ങളുണ്ടെന്ന് പറയുമ്പോഴും ചിലതെല്ലാം സമാന്തരമായി ഒഴുകുന്നു. വർത്തമാനകാലത്തെപ്പോലെ സ്വന്തം ഊറ്റങ്ങൾ പ്രഖ്യാപിക്കുകയല്ല പണ്ട് ഈ ആഘോഷങ്ങളുടെ ലക്ഷ്യം. അത് ലോകനന്മക്കുവേണ്ടിയായിരുന്നു.
വിഷുക്കണിയും വിഷുക്കൈനീട്ടവും ആഹ്ളാദത്തിന്റെ പൂത്തിരികളും മാലപ്പടക്കങ്ങളുമൊക്കെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നുവെങ്കിലും വിഷു പ്രധാനമായും കാർഷികസംസ്ക്കാരത്തിന്റെ വിളിച്ചറിയിക്കലാണ്. ഭൂമിയെ നമിക്കാതെ മനുഷ്യന് ജീവിതമില്ല. അതിനെതിർദിശ കൈക്കൊള്ളുമ്പോൾ അതിന്റേതായ ഭവിഷ്യത്തുകളും സംഭവിക്കുന്നു. പണ്ട് കൃഷി സംസ്ക്കാരമായിരുന്നുവെങ്കിൽ ഇന്നത് വ്യവസായമായിമാറിക്കൊണ്ടിരിക്കയാണ്. മണ്ണ് ജീവദായകമാണ്.ജീവിതത്തിന് ചൈതന്യം നൽകാൻ പര്യാപ്തമായ മണ്ണിനെ പലകഷണങ്ങളായി വിഭജിച്ചാണ് ഇന്ന് വികസനത്തിന്റെ പാതകൾ മനുഷ്യൻ കൈയ്യേറുന്നത്. കാർഷികമായ ആചാരങ്ങൾ വിശ്വാസങ്ങൾ അനുഷ്ഠാനങ്ങൾ വാമൊഴിവഴക്കങ്ങൾ എല്ലാം വിഷുവെന്ന ആഘോഷത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. കർഷകന്റെ ജ്വലനശേഷിയും ചലനശേഷിയും മണ്ണിലും കലപ്പയിലും കന്നുകാലികളിലും കാണാം. അചേതനവും സചേതനവുമായ എല്ലാത്തിനും വിഷുക്കണി കാണിക്കുന്ന രീതി പഴയകാലത്തുണ്ടായിരുന്നു. പ്രകൃതി കനിഞ്ഞരുളിയ മനുഷ്യജീവിതം സമർപ്പണത്തിന്റേതായിരുന്നു അക്കാലത്ത്. ഇന്ന് കർഷകരും കൃഷിഭൂമികളും ഉല്പ്പാദനോപകരണങ്ങളുമെല്ലാം അനിവാര്യമായ പരിണാമങ്ങളുടെ സാക്ഷികളായി. പണ്ട് വിതച്ചവൻ കൊയ്യുമായിരുന്നു. ഇന്നതല്ലല്ലൊ നയങ്ങൾ. മണ്ണും തൊടികളും മരങ്ങളും പാടങ്ങളും തേക്കുപാട്ടുകളും ഉഴവുചാലുകളും വിത്തും വളവുമെല്ലാം ഇന്ന് പുതിയ കച്ചവടനയങ്ങൾക്ക് കീഴിലായി.അതിനാൽ തന്നെ വർഷത്തിലൊരിക്കൽ മിഴിതുറക്കുന്ന കണികൊന്നകളും കാലമല്ലാത്ത കാലത്തും പൂക്കാൻ തുടങ്ങി.ഋതുക്കളിലും ഭാവമാറ്റങ്ങൾ സംഭവിച്ചു. പണ്ട് ഓരോ ആഘോഷങ്ങൾക്കും മുന്നോടിയായി പ്രകൃതിയും പൂത്ത് വിശേഷമറിയിക്കും. ഇന്നിപ്പോൾ വിവേചനബുദ്ധിയേറിയ മനുഷ്യന്റെ അതിബുദ്ധിയാൽ കാലമെത്തിയില്ലെങ്കിലും കൃത്രിമ ഉൽപ്പാദനത്തിലൂടെ ഏതുകാലത്തും എന്തും നേടാം എന്നായിത്തീർന്നു. അതിനാൽ ആഘോഷങ്ങൾക്കും പുതുമ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കയാണ്. എന്നാലും പ്രവാസിയെ സംബന്ധിച്ചാവുമ്പോൾ യാന്ത്രികജീവിതത്തിന്നിടക്കുള്ള ചില തണ്ണീർപ്പന്തലുകളാണ് വിഷുവും ഓണവുമെല്ലാം. അതുകൊണ്ട് തന്നെ പെറ്റമ്മയെ വിട്ട് പോരേണ്ടി വന്ന അവർ ആഘോഷങ്ങൾക്ക് മറ്റു കൂട്ടുവാനും മറക്കുന്നില്ല. മഴത്തുള്ളികളുമ്മവെച്ചുണർത്തി വരണ്ടമണ്ണിനു മണം നല്കുന്നതുപോലെ പ്രവാസിമലയാളികൾക്ക് കേരളീയത്തനിമ നിറഞ്ഞ അവസരങ്ങൾ അമ്മയുടെ മണം നിറഞ്ഞ മടിത്തട്ടിലേക്കെത്തും വിധമാണെന്ന് പറയാതെ തരമില്ല. അമ്മ അഥവാ പിറന്ന നാട് പ്രവാസിയെ സംബന്ധിച്ച് ഗൃഹാതുരത്വം നിറഞ്ഞതുതന്നെയാണ്. പെറ്റമ്മയും പെറ്റമണ്ണും വിദൂരത്താണെങ്കിലും അവർ ഇരിക്കുന്നിടത്ത് തന്റേതായ മണ്ണിന്റെ മണം വെച്ചുപിടിപ്പിക്കുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും തന്റെ സംസ്ക്കാരങ്ങളെ ഊട്ടിയുറപ്പിക്കുന്നു. സംസ്ക്കാരം നഷ്ടപ്പെട്ടാൽ പിന്നെ വളർച്ച മുരടിക്കും. വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകതന്നെ വേണം.മണ്ണും ചേറും ചേറിൽ പണിയെടുക്കുന്ന കൃഷീവലന്മാരും പൊന്നായി വിളയുന്ന വിത്തും മുറ്റം കടന്നെത്തുന്ന നെൽക്കറ്റകളും മുറ്റത്തു നിറയുന്ന വൈക്കോൽകൂനകളും ഇല്ലങ്ങളിൽ നിറയുന്ന വല്ലങ്ങളും എല്ലാം ഇന്ന് നമ്മുടെ പൊയ്പ്പോയ സ്വപ്നങ്ങളാണ്. വിഷുവിനുപയോഗിക്കുന്ന ഫലമാണ് ചക്ക. ചക്കക്കന്നേ ദിവസം “പനസം” എന്നേ പറയു. തേനോലുന്ന ചക്കപ്പഴങ്ങളുടെ ഗന്ധമെല്ലാം ഇന്നു വിദൂരം.വിഭവസമൃദ്ധമായ ഭൂമിയുടെ സ്വപ്നങ്ങൾ പൂക്കുന്ന ആ കാലത്തെ വിളിച്ചുണർത്തുന്ന വിഷു കർണ്ണാടകയിലെ മണ്ണിലും പൂത്തുവിരിയുന്നു. നഗരവാസത്തിന്റെ കൊടുംതളർച്ചയിലും അതിജീവനത്തിന്റെ വായ്ത്താരികളിലും പരസ്പരം അറിയാൻ നേരമില്ലാത്ത അവസരത്തിൽ ആഘോഷങ്ങളിൽ മലയാളികൾ ഒത്തുകൂടുന്നുവെന്നതും സന്തോഷം. കക്ഷിരാഷ്ട്രീയങ്ങളും സ്വാർത്ഥതാല്പ്പര്യങ്ങളും കൊടികുത്തിവാഴുമ്പോൾ ഇടയ്ക്ക് വീണുകിട്ടുന്ന ഈ മുഹൂർത്തങ്ങളിലെങ്കിലും മനുഷ്യനറിയേണ്ടതല്ലെ ഒരുമയുടെയും സ്നേഹത്തിന്റേയും വിളവെടുപ്പുകൾ. ജീവിതം നിമ്നോന്നതമാണെന്ന് പണ്ട് മഹാകവി ഇടശ്ശേരി പാടിയിട്ടുണ്ട്. എന്നാലും ഈ ജീവിതമാകുന്ന തേര് പായിക്കാൻ ഇഷ്ടപ്പെടുന്നത് കയറ്റിറക്കങ്ങളിലാണ്. നിരപ്പായ സ്ഥലത്ത് തേരോടിക്കുന്നതിന്റെ സുഖം കയറ്റിറക്കങ്ങളിൽ ലഭിക്കില്ല...എന്നിരുന്നാലും കയറ്റിറക്കങ്ങളിൽ ഓടിക്കുന്നതുതന്നെ അഭികാമ്യം എന്നും കവി പറയുന്നു. കയറ്റിറക്കങ്ങൾ നിറഞ്ഞതാണ് ജീവിതം. അനുഭവങ്ങളുടെ തേരാണിവിടെ മനുഷ്യനെ നയിക്കുന്നത്`. ജീവിതം സുഖസമൃദ്ധം മാത്രമാല്ല. അത് ദുഃഖം കൂടി ചേർന്നതാണ്.അങ്ങിനെയാകുമ്പോഴെ യഥാർത്ഥ ജീവിതവും അറിയാനാകു. അപ്പോഴെ ഇത്തരം ആഘോഷങ്ങൾക്കും നിർവൃതിയുണ്ടാകു. എന്തായാലും ഈ മറുനാട്ടിലും ഇപ്പോൾ കണിക്കൊന്നകൾ മിഴി തുറന്നുനില്ക്കുന്നു. മലയാളി എവിടെയായാലും അവിടേയും മലയാളിക്കുവേണ്ടി പൂത്താലിയണിഞ്ഞ് മഞ്ഞപ്പട്ടണിഞ്ഞ് സുന്ദരിയായ കണിക്കൊന്നകൾ സ്വാഗതമറിയിച്ച് പൂത്താലങ്ങളേന്തി നില്ക്കുമ്പോൾ കവിക്കൊപ്പം നമുക്കും ചേർന്ന് പാടാം:
“ഞാനൊരു കർഷകനത്രേ
നട്ടുവളർത്തുന്നു ഞാൻ കരിമ്പിവിടെ
മധുരം നിർവൃതികരമുരു-
മാധ്വി തുടിക്കുന്നുമുണ്ടിതിൻ തണ്ടിൽ”
മിഴി തുറക്കുന്ന കണിക്കൊന്നകൾക്കൊപ്പം ഒരുമയുടെയും സ്നേഹത്തിന്റേയും കരിമ്പിവിടേയും നമുക്കൊന്നുചേർന്ന് നട്ടുപിടിപ്പിക്കാം.ആ തണ്ടിലൂടെ ഒഴുകിവരുന്ന മധുരരസവും വിളമ്പിടാം. വിഷുകൊണ്ടു തന്ന ചില ചിന്തകളാണിത്. ഇപ്പോൾ ഒരു വർഷത്തിലധികമായി ലോകം കോവിഡിൻ്റെ പിടിയിലാണ്. എന്നിട്ടും നമ്മളൊന്നും പഠിച്ചിട്ടില്ല. പ്രകൃതിയെ അറിയുക , പ്രകൃതിയെ സംരക്ഷിക്കുക.എന്നാൽ മനുഷ്യ സമൂഹത്തിനും രക്ഷ കിട്ടിയേക്കാം. ...!
No comments:
Post a Comment