Sunday, June 6, 2021

 ദ്രൗപദി.... ഇന്ദിരാ ബാലൻ

നിശ്ശബ്ദതയുടെ വന്യതയിൽ
പുഴുവിനെപ്പോലെ പിടയുന്ന
അവളുടെ മനസ്സിൽ
ഒരു കുരുക്ഷേത്രമുണർന്നു
പഞ്ചേന്ദ്രിയങ്ങളും
അക്ഷൗഹിണികൾ മുറുക്കി
കുതിരക്കുളമ്പടികളുടെ
ഘോഷത്തിൽ
ഉഗ്രധ്വംസനങ്ങളുടെ
കാഹളങ്ങൾ
മനസ്സിന്റെ മച്ചകങ്ങളിൽ
ഉറയൂരി ഫണമുയർത്തുന്ന
സർപ്പങ്ങളുടെ സീൽക്കാരങ്ങൾ
അപമാനവീഥിയിലൂടെ
വലിച്ചിഴച്ച് വ്രണിതമാക്കിയ
സാഭിമാനങ്ങൾ
ഘനീഭവിച്ച മഞ്ഞു ശൈലങ്ങളെപ്പോലെ
കുനിഞ്ഞ ശിരസ്സുമായി
നിർവ്വീര്യരായി നിൽക്കുന്ന
പാണ്ഡവ പൗരുഷങ്ങൾ
ആസുരർ ആടിത്തിമിർക്കുന്ന
ശ്മശാനഭൂവിൽ അവൾ തനിച്ച്....
ദയാവായ്പ്പിനായ് ഉഴറിയ
നിമിഷങ്ങളിൽ
നിശ്ശബ്ദതയിലേക്ക്
ആഴ്ന്നിറങ്ങിയ
ധർമ്മധൈര്യവീര്യ പ്രതീകങ്ങൾ
വിറയ്ക്കുന്ന മനസ്സുമായി
ഉരിയുന്ന വസ്ത്രവുമായി
മനമുരുകിയപ്പോൾ
കണ്ടു
ഒരദൃശ്യപത്മത്തിന്റെ
കര സ്ഫുരണത്താൽ
തിരിയുന്ന ലോകത്തിനെ
മറയുന്ന മൂകാന്ധകാര കെടുതികളെ
വിഷം തുപ്പി മലിനമാക്കിയ
അഹങ്കാരത്തിന്റെ
കാളിയ ശിരസ്സിൽ
വേണുനാദം പൊഴിച്ച്
നർത്തനമാടിയ വിശ്വ സാക്ഷിയെ...
ഇന്ദ്രിയ ബോധത്തിന്നപ്പുറത്ത്
ഉലയിലൂതിയ കനൽക്കട്ടകൾ
അഴിഞ്ഞു പ്രവാഹമായി
അപമാന തീയിൽ
വന്യത പുൽകിയ ഹൃദയത്തിലെ
കടുന്തുടി കൊട്ടിയ വികാരവിചാരങ്ങളിൽ
എരിയുന്ന തീയെ സാക്ഷിയാക്കി
ചെയ്തു ഘോരശപഥം
അഴിച്ചുലച്ച ഈ കേശഭാരം
ശത്രുവിന്റെ ചോര പുരട്ടിയേ
കെട്ടിവെക്കു...
ഇന്ദ്രനീലാഭയിൽ പൂത്ത
ജീവിതത്തിന്റെ ശ്രുതിഭംഗം
ആഞ്ഞുവീശിയത്
മണൽക്കാറ്റുകൾ മാത്രം
പ്രണയമുണർന്ന മനസ്സിൽ
നീലാംബരിരാഗമുണർത്തിയത്
പാർത്ഥൻ മാത്രമായിരുന്നു
എന്നാൽ അപമാനവീഥികളിൽ
മുഷ്ടി ചുരുട്ടാൻ രണ്ടാംമൂഴക്കാരൻ
മാത്രമെ എന്നും കാവലായുള്ളു
കേവലമൊരു വാക്കിൻ
പേരിൽ മനമൊന്നും മെയ്യഞ്ചു മാക്കിയ
അഭിശപ്ത ജീവിതം
വലിയ വാക്കുകൾക്ക്
വിലക്കാവരുതത്രെ....
വിധേയയാവുകയെന്നതത്രെ
കുലസ്ത്രീപ്പെരുമ.... ഏത് നീതി ശാസ്ത്രം ?
പഞ്ചഭൂതങ്ങൾക്ക് മുന്നിൽ
തല താഴ്ത്തി സ്വീകരിച്ച
ജീവിതം!
വിധേയത്വത്തെ മറുവാക്കുച്ചരിക്കാതെ
സ്വീകരിച്ചപ്പോൾ
അപമാനിതയായത് മാത്രം മിച്ചം
ശൂന്യത പേറി താണ്ടി
കനൽപ്പുഴകളേറെ
ഇപ്പോൾ അകക്കാമ്പിൽ
ആളുന്ന പടുതിരികൾ മാത്രം
വേട്ടയാടിയ നരാധമരുടെ
മാറിടം പിളർന്ന ചുടു രുധിരവുമായി വരിക
വൃകോദരാ തവ സഖി തൻ
വിലാപങ്ങൾക്കറുതിയായി....!

No comments: