വലിയ മീനുകളെന്ന് നടിക്കുന്നവർ
വെള്ളത്തിന്റെ
ചില്ലു പ്രതലത്തിലൂടെ
നിരന്തരം മീനുകൾ
നീന്തിക്കളിച്ചു
ആത്മരതിയിൽ
തുഴഞ്ഞ്......
മുകളിൽ നിന്നും
വീശിയെറിയുന്ന
വലകളെ ഭേദിച്ച്
കുതറി മാറി
തികഞ്ഞ മെയ് വഴക്കത്തോടെ.....
ചോദ്യം ചെയ്യുന്ന
നാവുകളിൽ നിന്നും
ഒഴുക്കിന്റെ
നയപരതയോടെ
കണ്ണിൽ കൊത്തി,......
പച്ച നുണകളെ
സത്യത്തിന്റെ ആവരണമണിയിച്ച്
വാക്കുകളെ
കൃത്യമായി അളന്ന്
മുറിച്ചു.....
തനിക്ക് പിന്നാലെ വരുന്ന
ചെറിയ മീനുകളെ
എപ്പോഴും മൂർച്ചയുള്ള
വാലിട്ടടിച്ചു അവശരാക്കി.....
വന്നു വീഴുന്ന
പാവം പ്രാണികളെ
അന്നമാക്കാനും മറന്നില്ല
സഹികെട്ടാണ്
പൊള്ളിയടർന്ന
വാക്കുകൾ എഴുന്നേറ്റ് വന്ന്
വലിയ മീനെന്ന് നടിക്കുന്നവരെ
ആഞ്ഞടിച്ചത്.....
സത്യത്തിന്റെ വിരലുകൾ
സുതാര്യങ്ങളാണ്
എന്നിട്ടും അവ ജലോപരിതലത്തിൽ
നിന്നും എത്ര സമർത്ഥമായാണ്
ആ വിരലുകളെ മുറിച്ച്
നീന്തിയത്.
ബുദ്ധിയുള്ളവരെ
മണ്ടരാക്കിയെന്ന്
നിനച്ച് , സ്വയം പരിഹാസപാത്രങ്ങളാവുന്നത്
അറിയാതെ മേനി നടിക്കുന്നവർ...
അവ കേവലം തൊണ്ടുകൾ മാത്രമാണെന്ന്
ലോകം എത്രയോ
നേരത്തെ വായിച്ചെടുത്തിരുന്നു....
എന്നിട്ടും ഭാവലേശമെന്യേ
അവ വലിയ മീനുകളെന്ന്
നടിച്ച്
നീന്തിത്തുടിച്ചുക്കൊണ്ടിരുന്നു
അപ്പോഴും വെള്ളത്തിലെ
എഴുത്തച്ഛൻ ഏകാഗ്രമായി
വൃത്തങ്ങൾ വരച്ചു കൊണ്ടേയിരുന്നു....
No comments:
Post a Comment