ചന്ദന സ്പർശമായ്- ഇന്ദിരാ ബാലൻ
തുളസിയും തെച്ചിയും തൃത്താവും ചെമ്പകവും ചന്ദനവും ഒക്കെ കൂടിച്ചേർന്ന സുഗന്ധമായിരുന്നു അടുത്ത് നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിൻ്റെ പ്രിയ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾക്ക് . സാത്വികതയിലൂന്നി നിന്നുകൊണ്ട് സമൂഹത്തിൻ്റെ താമസ പ്ര വൃത്തികൾക്കെതിരെ തൂലിക ചലിപ്പിച്ച് പ്രസാദാത്മകതയോടെ കൈരളിയെ വണങ്ങി നിൽക്കുന്ന കവി ശ്രേഷ്ഠൻ. മതത്തിൻ്റേയും ജാതീയതയുടേയും മേലങ്കികളിൽ നിന്നും മാറി നിന്ന് മനുഷ്യത്വത്തിൻ്റെ കുപ്പായമണിഞ്ഞ് മാനവികതയെ നെഞ്ചിലേറ്റിയ കവി.
ജീവിതത്തിൻ്റെ നൈർമ്മല്യവും, അന്ത:സംഘർഷങ്ങളും, പ്രണയവും , വിരഹവും, ജീവിത യാഥാർത്ഥ്യങ്ങളും, സത്യാന്വേഷണങ്ങളുമെല്ലാം ആ കവിതകളിൽ ഇഴപിരിഞ്ഞു കിടപ്പുണ്ട്. ഉദാത്തമായ ആശയങ്ങളെ അചുംബിതങ്ങളായ ഭാവ സൗന്ദര്യത്തോടെ അദ്ദേഹം ആവിഷ്ക്കരിക്കുന്നു. തുളസിയുടെ വിശുദ്ധിയോടെ.
ഭാരതീയ ദർശനവും ഇതിഹാസങ്ങളുമെല്ലാം ഒരു പോലെ ഈ കവിയെ സ്വാധീനിക്കുന്നുണ്ട്. ഭദ്രമായ കാവ്യ സംസ്കാരത്തിൻ്റെ സുതാര്യതയും ദൃശ്യമാണ്. കവിതയുടെ പവിഴക്കതിർക്കച്ചകെട്ടിയ വരികളിലൂടെ വായന ഒഴുകുമ്പോൾ ആന്തരികമായ ഒരു കാന്തികവലയത്തിലേക്ക് ആകർഷിക്കപ്പെടാം. സ്വച്ഛതയുടെ തെളിഞ്ഞ പുഴയായി അത് നിർബാധം ഒഴുകുന്നു.
ബഹുസ്വരതയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി എന്നും നിലകൊണ്ട കവി. ബുദ്ധിപരമായ ഉണർവ്വും വൈകാരികമായ പരിശുദ്ധിയും കവിതക്കാവശ്യമെന്ന ഒരു നിഷ്ക്കർഷ ഓരോ വരികളും അക്കമിട്ടു പറയുന്നുണ്ട്. കൃത്രിമത്വത്തിൽ അഭിരമിക്കാതെ സ്വയമേവ ഒഴുകി വരുമ്പോൾ മാത്രം വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവി എഴുതുന്നു. അവ മനസ്സിലിരുന്ന് ധ്യാനം പോലെ അടയിരുന്ന് പുട പാകമാകുമ്പോൾ സമൂഹത്തിന് നൽകുന്നു. യാഥാസ്ഥിതികതയെ സമൂലം എതിർക്കാതെ ജീവിതത്തിന്നാവശ്യമായ ഊടും പാവും കവിതയിലും ജീവിതത്തിലും ചേർത്തു പിടിച്ചു. "പ്രണയഗീത''ങ്ങളിലെ ചെറു കവിതകളിൽ കൂടി കൂരിരുട്ടിൽ പ്രകാശിച്ച് ക്ഷണനേരം കൊണ്ട് മിന്നി മറയുന്ന മിന്നാമിനുങ്ങിലൂടെ ആത്മതേജസ്സ് കാണുന്ന കവി. അതാണ് മനുഷ്യ ജീവിതവും .ആസ്തക്യപരമായ ദർശനമാണ് ഈ കാഴ്ചയിൽ തെളിയുന്നത്. ചലനാത്മകമായ ജീവിതക്രമങ്ങളെ അതിൻ്റേതായ മൂല്യത്തോടെ സർവ്വാത്മനാ അദ്ദേഹം സ്വീകരിക്കുന്നുണ്ട്. അനിഷേധ്യമായ സത്യങ്ങളെ അന്തർ ജ്ഞാനം കൊണ്ട് തിരിച്ചറിഞ്ഞാണ് ആ കാവ്യസപര്യ അനുസ്യൂതം തുടർന്നത്. വൈയക്തികവും സാമൂഹികവുമായ അന്ത:സ്പന്ദനങ്ങളാണ് ഇലച്ചാർത്തിലെ പ്രസാദം പോലെ ഹരിതാഭമായി നമ്മിലേക്കെത്തിയത്.
" ചുറ്റുമുഴറ്റോടെ ഞാൻ നോക്കേ
കത്തുന്നു കാഴ്ചകൾ കണ്ണിൽ
പണിശാലകൾ വിട്ടെത്തുന്നു
പൊരിവയറുകൾ, അതിൽ നോവാളി
പ്പടരുന്നു, വിഷത്തിൻ ജ്വാലകൾ
ഉയരുന്നു, താമരയിതളുകൾ
വാടുന്നു, വാടും നിണമൊരു
വാട ചുരത്തുന്നു കാറ്റിൽ " ( ഉജ്ജയിനിയിലെ രാപ്പകലുകൾ)
സമൂഹത്തിൻ്റെ ദൈന്യതയെയോർത്ത് ഉള്ളം പൊള്ളുന്ന കവിയെയാണിവിടെ കാണുന്നത്. കവിമനസ്സുകളെന്നും അപര ദു:ഖങ്ങളിൽ വ്യഥിതരായിരിക്കും. അതാണ് പ്രതിബദ്ധത . അവിടെ നിന്നേ സർഗ്ഗാത്മകത അനർഗ്ഗളമായി പ്രവഹിക്കു. മനുഷ്യത്വത്തെ ചവിട്ടിമെതിക്കുമ്പോൾ യഥാർത്ഥ കവികൾക്ക് നോക്കുകുത്തികളായി നിൽക്കാനാവില്ല .
കാലിക പ്രാധാന്യത്തോടെ വാക്കുകളിലെ മിതത്വം പാലിച്ച്, ആവിഷ്ക്കരണത്തിലെ അനായാസതയോടെ വൈവിധ്യ പ്രമേയങ്ങളിലൂടെ എന്നും സംവദിച്ചുകൊണ്ടിരുന്നു അദ്ദേഹം. പരിസ്ഥിതിക്കു വേണ്ടി സൈലൻ്റ് വാലി പ്രശ്നത്തിലൊക്കെ ഇതര കവികൾക്കൊപ്പം ഊർജ്ജ്വസ്വലനായി പ്രവർത്തിച്ചു. മലയാള സാഹിത്യ ലോകത്ത് സൗമ്യ ദീപ്തമായി തൂലിക ചലിപ്പിച്ച സാത്വിക തേജസ്സാണ് നമ്മോട് വിട പറഞ്ഞ വിഷ്ണുനാരായണൻ നമ്പൂതിരി. കവികൾക്ക് മരണമില്ല. അവരെന്നും ആ കാവ്യാക്ഷരങ്ങളിലൂടെ അനശ്വരരാണ്. ആ കാവ്യ വഴിയിലെ തൃത്താവിൻ്റേയും തുളസിയുടേയും കർപ്പൂരത്തിൻ്റേയും മണം ഇപ്പോഴും നമ്മെ കവിതയുടെ ചന്ദനസ്പർശങ്ങളിലേക്ക് നയിക്കുന്നു. ... ആദരം മഹാകവേ, ആ കാവ്യോർമ്മകൾക്ക് പ്രണാമം!
No comments:
Post a Comment