ആത്മീയതയുടെ മഴത്താളങ്ങൾ ..... ഇന്ദിരാ ബാലൻ
സാധാരണ ജീവിതത്തിലെങ്ങിനെയായിരിക്കും ആത്മീയതയുടെ ജലസ്പർശങ്ങൾ എന്നതിന് ദൃഷ്ടാന്തമാണ് ഡോ : അഗസ്റ്റിൻ ജോസഫിൻ്റെ "കണ്ണാടിപ്പുഴ വിൽപ്പനയ്ക്ക് " എന്ന ദീർഘകാവ്യം.
മഴത്താളത്തിലൊഴുകുന്ന ജലസ്പർശങ്ങളായി അത് ആത്മാവിലേക്ക് കിനിഞ്ഞിറങ്ങുന്നു.
യഥാർത്ഥമായ മഹാകാവ്യം ജീവിതം തന്നെയാണ്. ഇതിഹാസസമാനമാണത്. സാത്വികവും രാജസവും താമസവും കലർന്ന മനുഷ്യർ വാഴുന്നയിടം. അവിടെ സ്നേഹവും പ്രണയവും കാമവും വാത്സല്യവും മോഹവും കരുതലും പരിഗണനയും യുദ്ധവും മൽസരവുമെല്ലാം ഉണ്ട്. ആത്യന്തികമായി വിഷാദത്തിൻ്റെ പീത നിറമാണതിന്. ഈ കാവ്യമുടനീളം പരോക്ഷമായി അതനുഭവിക്കുന്നുണ്ട്. (അനുബന്ധം)ഭാഗം നാലിലെ "വിഡ്ഢി സ്തുതികൾ " എന്നതിലെ ചെറു കവിതകളിൽ ജീവിതത്തിൻ്റെ വലിയ ദർശനങ്ങളാണ് ഇഴവിടർത്തുന്നത്. വലിയ ലോകത്തിൻ്റെ വാതിൽ തുറക്കുന്നു. സംഘർഷഭരിതമായ ജീവിതത്തിൻ്റെ കണ്ണീരുപ്പിനെ ഭദ്രമായി ഒപ്പിയെടുത്ത വരികൾ. നശ്വരമായ ജീവിതം ഒരു ഇന്ദ്രജാലമാകുന്നു കവിക്ക്. അതിനിടയിൽ എന്നോ മൂളി ത്തീർത്തൊരു പാട്ടിൻ്റെ കീറലായാണ് കവി ജീവിതത്തിൻ്റെ ചാക്രികതയെ കാണുന്നത്. സൃഷ്ടിസ്ഥിതിലയ താളത്തിലമർന്നതാണ് മനുഷ്യ ജീവിതം. അസ്വസ്ഥപൂർണ്ണമായ ജീവിത ബദ്ധപ്പാടുകളുടെ മൗനദുഃഖങ്ങൾ വായനക്കാരനിൽ തിടം വെക്കുന്നു. ജീവിതമാകുന്ന അടുപ്പിൽ കരിയും പുകയുമേറ്റ് കരിഞ്ഞുണങ്ങുന്ന എത്രയെത്ര മനുഷ്യർ .കാണുന്നതും കേൾക്കുന്നതും തീവർണ്ണങ്ങളും തീ നാദങ്ങളും. ചുടലക്കാട്ടിൽ ചടുലതാളത്തിൽ കടുന്തുടിനാദത്തിൽ ഉയരുന്ന ശിവ നടനമാണീ ജീവിതം. സകലതിനേയും ചുട്ടെരിക്കാനുള്ള കഴിവ് ആ ഫാലനേത്രങ്ങൾക്കുണ്ടെന്ന സത്യത്തെ ക്ഷണിക ജീവിതത്തിനുടമയായ മനുഷ്യൻ മറക്കുന്നു. അധ്വാനഭരിതമായ യാത്ര കഴിഞ്ഞെത്തുമ്പോൾ ദൂരെ കഴുകാനിട്ട മുഷിഞ്ഞ തുണികളുടെ ഗന്ധത്തിലാണ് ശിവ സത്യങ്ങളുടെ സൗന്ദര്യം കവി കണ്ടെത്തുന്നത്. പുലിത്തോലണിഞ്ഞ് ഭസ്മാംഗരാഗനും ജടാധാരിയുമായി പ്രപഞ്ചതാളത്തിൻ്റെ ഡമരുകമുതിർക്കുന്ന ശിവൻ അനാർഭാടത്തിൻ്റേയും ശക്തമായ നിലപാടിൻ്റേയും പ്രതീകമാണ്. അശരണർക്ക് വേണ്ടി നിലകൊണ്ട് സമൂഹത്തിൽ പരക്കുന്ന കാളകൂടത്തെ സ്വയം ഏറ്റെടുത്ത് നീലകണ്ഠനാവുന്നവൻ. അത് കൊണ്ട് തന്നെ ആ സത്യം മറയില്ലാതെ തെളിയുന്നത് പാവപ്പെട്ടവരുടെ ജീവിതങ്ങളിലായിരിക്കും. കരടുകളില്ലാത്ത സത്യത്തിൻ്റെ ആത്മജ്ഞാനത്തിൻ്റെ തിളക്കമാണീ വരികൾക്ക് . അവ കനലു പോലെ ചുട്ടു നീറുന്നതുമാണ്. ജീവിതത്തിൻ്റെ അജ്ഞാതമായ ഉറവിടങ്ങളിലേക്കാണ് കവിയുടെ അന്വേഷണം നീളുന്നത്. ശിവൻ കാല സങ്കൽപ്പം കൂടിയാകുന്നു.
സംസ്ക്കാരങ്ങൾ അടിമണ്ണിലേക്ക് പുതഞ്ഞു പോയിരിക്കുന്നു. അതിൻ്റെ മുകളിൽ നിന്നാണ് ഇന്ന് വംശീയ ഗീതങ്ങളുടെ ആഘോഷം സമൂഹം നടത്തുന്നത്. തീക്ഷ്ണമായ സമരമുറകളെല്ലാം ഇന്ന് നിരർത്ഥകമായിരിക്കുന്നു. ജീവിത മൂല്യങ്ങളുടെ നീതിബോധങ്ങളുടെ പ്രതിഫലനങ്ങളുള്ള ആ പഴയ കണ്ണാടി പൊടി മണ്ണിൻ്റെ കൂമ്പാരത്തിൽ നിന്നാണ് കണ്ടെടുക്കുന്നതെന്ന് വ്യഞ്ജിപ്പിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന മൂല്യബോധങ്ങളിലേക്കാണ് വരികൾ വിരൽ ചൂണ്ടുന്നത്. പ്രാചീനതയും പുതുമയും വിധിയുടെ അമ്ള രസങ്ങളുമെല്ലാം കൈകോർത്ത് കവിതയിൽ നിരക്കുന്നു.
ചിങ്ങം സമത്വത്തിൻ്റെ ഭാവനയായിരുന്നു. ഇല്ലവും വല്ലവും നിറഞ്ഞു കിടന്ന കാലം. അതൊരു ഊട്ടോപ്പിയൻ ചിന്ത മാത്രമാകാം. കാരണം സമത്വം എന്നത് സാക്ഷാൽക്കരിക്കാനാവാത്ത ഒരു സ്വപ്നം മാത്രമാണ്. എല്ലാവരും ഒരേ തലത്തിൽ ഉള്ള ഒരു കാലം ഇവിടെയുണ്ടായിട്ടില്ല. ദാരിദ്ര്യത്തിൻ്റേയും വറുതിയുടേയും കനൽപ്പാതകളിൽ നിന്നും കാണം വിറ്റും ഓണം ഉണ്ണണം എന്ന സങ്കൽപ്പത്തെ വിഭാവന ചെയ്ത് പ്രയോഗത്തിൽ വരുത്തിയിരുന്ന കാലമാണ് ചിങ്ങം. ഓണ വെയിലും ഓണത്തുമ്പികളും ഓണപ്പൂക്കളും വിരിയുന്ന ഋതു വസന്തം. അത് വേദനക്കിടയിലും ആഹ്ളാദം കണ്ടെത്തുന്ന ഒരു സമയം മാത്രം. അതാണ് ചിങ്ങം എന്നതിൻ്റെ മൂർത്തമായ അർത്ഥം എന്ന് തോന്നുന്നു. ആ ചിങ്ങവും താണു എന്ന് കവി സൂചിപ്പിക്കുന്നതിലൂടെ " അർത്ഥങ്ങൾ " എന്ന കവിതയിൽ ജീവിതത്തിൻ്റെ നാനാർത്ഥങ്ങളുടെ ചിലമ്പൊച്ചകൾ കേൾക്കാം. നിശ്ശബ്ദതയും ഒരു വസ്ത്രമാണെന്ന് പറയുമ്പോൾ മനുഷ്യൻ്റെ നഗ്നത മറയ്ക്കാനുപയോഗിക്കുന്ന വസ്ത്രം പോലെ അതും ചില ശബ്ദങ്ങളെ, ചോദ്യങ്ങളെ മറയ്ക്കാനുള്ള രൂപകമായി നിശ്ശബ്ദത മാറുന്നു. യുഗങ്ങളും മന്വന്തരങ്ങളും കടൽ കവർന്ന ദ്വാപരയുഗവുമെല്ലാം ഒരു തിരയ്ക്കു പിറകെ മറ്റൊരു തിരയായി ശക്തിയായി കവിതയിൽ വാക്കുകൾക്കതീതമായ അർത്ഥങ്ങളെ ചമയ്ക്കുന്നത് കാണാം.
ജലധാര പോലെ വിലപിക്കുന്ന ഹൃദയം പിടഞ്ഞു കൊണ്ടിരിക്കുന്നു. ആ വിലാപം സമൂഹത്തിന് വേണ്ടിയാണ്. കലഹങ്ങളും ചൂഷണങ്ങളും കാപട്യവും നിറയുന്ന സമൂഹത്തിൽ പോരുകൾക്കായുള്ള മുറവിളികൾ ഉയരുമ്പോൾ ഒരു കവിക്കെങ്ങിനെ വിലപിക്കാതിരിക്കാനാകും? വറച്ചട്ടിയിലെരിയുന്നതിന് തുല്യമായ ജീവിതം. ഇവിടെ വ്യക്തിപരമായ വിലാപമല്ല . ലോകത്തിൻ്റെ ദു:സ്ഥിതി ഓർത്താണ് ആ കണ്ണുകൾ ജലധാര പോലെ നനഞ്ഞു വേവുന്നത്. ഇവിടെയെല്ലാം ആത്മീയതയുടെ മഴത്താളങ്ങൾ മുറുകുന്നു. അത് ചാറ്റലായും ഇടവപ്പാതിയായും തുലാവർഷമായും കാവ്യനെഞ്ചിൽ ബഹുസ്വരതയുടെ സങ്കീർത്തനങ്ങൾക്ക് ശ്രുതിയിടുന്നു.
നാരായണീയത്തിലെ "അഗ്രേപശ്യാമി" യെ ഓർമ്മിപ്പിക്കുന്ന വിധം ആ ശ്ളോകത്തിൻ്റെ ആദ്യ വരി ശീർഷകമാക്കിയ കവിതയിലൂടെ ദുരിതബോധങ്ങളിലൂടെ ഉഴറി വന്ന് ഉജ്ജ്വല പ്രഭയിൽ ഉയിർത്തെഴുന്നേൽക്കുന്നതിൻ്റെ രേഖാച്ചിത്രം ഉണരുന്നു .പഴുത്തു കിടന്ന കാലത്തിൻ്റെ അടുപ്പുകല്ലിലൂടെ സഞ്ചരിച്ചു വന്നവരാണ് ലോകത്തിൽ മാനവികതയുടെ വിത്തു വിതറിയവർ . ഉലയിലൂതിയെടുത്ത പൊന്നുപോലെ അവർ വേദനക്കനലിൽ നിന്നും പൂർവ്വാധികം കരുത്താർജ്ജിച്ച് ലോകത്തിന് മാതൃകകളാകുന്നു. ഏത് വേദനയിലും ഉള്ളിൽ ചിറക് മടക്കി വെക്കുന്നവർ. എത്രയൊക്കെ അവഗണനക്ക് പാത്രമായാലും സ്വന്തം ഹൃദയത്തിൽ ആത്മഹർഷത്തിൻ്റെ സമാധാനത്തിൻ്റെ പൂന്തോട്ടം വെച്ചുപിടിപ്പിക്കുന്നവരുണ്ട് ഈ ഭൂമിയിൽ .അവരുടേതായ സമയങ്ങളിൽ അവർ ആ ചിറകുകൾ ഉയർത്തി പറക്കുന്നു. പറക്കാൻ നിസ്സഹായരേയും പ്രാപ്തരാക്കുന്നു. വേദനിച്ച് വേദനിച്ച് വേദന ,അതല്ലാതാകുന്നതും ആത്മീയതയാണ്. ഈ ആത്മീയതയുടെ തുടിപ്പുകൾ അഗസ്റ്റിൻ ജോസഫിൻ്റെ കണ്ണാടിപ്പുഴയിൽ നവഭാവുകത്വത്തിൻ്റെ ചിറക് വിടർത്തുന്നു. മായ്ച്ചുകളില്ലാത്ത കണ്ണാടി പോലെയും, നീന്തിക്കളിക്കുന്ന പരൽ മീനുകളേയും സ്ഫടിക സമാനമായ വെള്ളാരങ്കല്ലുകളേയും വഹിച്ചുകൊണ്ടെഴുകുന്ന പുഴ പോലെയും അത് നിർമ്മലമാണ്. അതെങ്ങിനെയാണ് ഇത്രയും നൈർമ്മല്യമായതെന്നും അടുത്ത വരിയിലൂടെ ബോധ്യമാകും.
വറച്ചട്ടിയിൽ നിന്നും എരിതീയിലേക്ക് വീഴുമ്പോൾ ബോധമനസ്സ് കൂടുതൽ ഉണരുകയാണെന്ന് പരോക്ഷമായി വായിച്ചെടുക്കാം. കടുത്ത ജീവിതാനുഭവങ്ങളിലൂടെ മനസ്സ് കൂടുതൽ കൂടുതൽ ശുദ്ധീകരിക്കപ്പെടുന്നു. എതിർ വാഴ് വിൻ്റെ ക്രൂരമായ ദശാസന്ധിയിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ നന്മയുടെ തീരത്തേക്കടുക്കുന്നു . ആന്തരികമായ വിമലീകരണത്തിലൂടെ. ജീവിത ബോധത്തിൻ്റെ തിരിച്ചറിവിൻ്റെ വിടർച്ചിറകാണവിടെ പ്രത്യക്ഷമാകുന്നത്. രാവും പകലും ചേർന്ന ജീവിതമാകുന്ന ജപമാലയിൽ ഉരുവിടുന്ന മന്ത്രാക്ഷരങ്ങളിലൂടെ ദു:ഖസാന്ദ്രതയെ അതിജീവിക്കുമ്പോൾ അറിവിൻ്റെ ചക്രവാളം വികസിയ്ക്കുന്നു. ജീവിതത്തിൻ്റെ മൗലികഭാവത്തേയും വികാസപരിണാമങ്ങളേയും ദാർശനിക പശ്ചാത്തലത്തിൽ കവി അപഗ്രഥിക്കുകയാണ്. വികാരപരതയേക്കാൾ ചിന്താപരത കാവ്യത്തിൽ മുന്നിട്ട് നിൽക്കുന്നു. ജീവിതത്തിൻ്റെ അഗാധതലങ്ങൾ സ്പർശിക്കുന്ന ഈ വരികൾ ഏറെ ചിന്തിപ്പിക്കാനുതകുന്നു .ദു:ഖത്തിൽ നിന്നുള്ള മോചനത്തിനായി വേദാന്ത തത്വങ്ങളെ തൻ്റേതായ ആലയിൽ വെച്ച് ഉരുക്കിയെടുക്കുന്നുണ്ട്. ശോകാകുലമായ മനസ്സിൽ തിങ്ങി നിൽക്കുന്ന വികാരങ്ങൾ ബഹിർഗമിച്ചു കഴിഞ്ഞാൽ കവി മനസ്സിലും ആസ്വാദക മനസ്സിലും ഊറിത്തെളിയുന്ന സ്വസ്ഥത ആത്മീയഭാവം നിറഞ്ഞതാണ്. വികാരപരമായ കവിഹൃദയവുമായി അനുവാചകർ തന്മയീഭവിക്കുന്ന അവസ്ഥയിൽ ആന്തരികമായ വിശ്രാന്തി യനുഭവപ്പെടുന്നെങ്കിൽ അത് തന്നെയാണ് കവിതയിലെ ആത്മീയത. ബൈബിളിൽ നിന്നും സ്വീകൃതമായ ബിംബകൽപ്പനകൾ ജീവിത ദർശനവുമായി ഇഴചേർത്തപ്പോൾ ഈ കാവ്യത്തിൻ്റെ ആത്മീയതലത്തിന് മറ്റൊരു മാനം കൂടി കൈവരുന്നു.
ഏഴ് തലമുറകളുടെ കഥ പറയുന്ന ഈ കാവ്യം കേരളീയ ജീവിതത്തിൻ്റെ സംസ്കാര ചരിത്രത്തിൻ്റെ രേഖയാണെന്ന് പല മാധ്യമങ്ങളും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ഇത് കേവലതയിലെ അക്ഷരവിന്യാസങ്ങളല്ല ബൌദ്ധിക ചിന്തയിൽ നിന്നും ഉരുവം കൊണ്ട കവിതകളാണ്. അതു കൊണ്ടുതന്നെയാവാം ഈ കാവ്യത്തെ ഉത്തരാധുനിക മഹാകാവ്യം എന്ന് വിശേഷിപ്പിക്കുന്നത്. ഇതിഹാസത്തിലെ കഥാപാത്രങ്ങളെപ്പോലെ നിരവധി ചിന്തകളും വിഷയങ്ങളും കഥാപാത്രങ്ങളും കൊണ്ട് ഈ കൃതി മൗലികമാർന്നിരിക്കുന്നു. ശുഷ്ക്ക ബോധത്തെ മാറ്റിമറിച്ച് ചിന്തയുടെ താഴിട്ടുപൂട്ടിയ വാതിലുകളേയും ഈ കവിതാ വായന തുറപ്പിക്കുന്നു.
ഇത്തരം കവിതകൾ സാമാന്യ വായനക്കാരുടെ ചിന്താശക്തിക്കും ആസ്വാദനത്തിനും അതീതമായി നിലകൊള്ളുന്നവയാണ്. ജീവിതത്തിൻ്റെ ഉപരിപ്ളവതയിലല്ല ജീവിതാദർശങ്ങളുടെ ഉള്ളറയിലേക്കാണ് ഈ കാവ്യം വെളിച്ചം വീശുന്നത്. സമത്വാധിഷ്ഠിതമായ ഒരു സാമൂഹ്യാവസ്ഥയോട് സംവദിച്ച് ഭിന്നതലവർത്തിയായ മനുഷ്യമനസ്സിൻ്റെ സൂക്ഷ്മ ഭാവങ്ങളിലേക്ക് അത് കടന്നു ചെല്ലുന്നു. " പീഡനങ്ങളിൽ നിന്നും ഉയിർക്കൊള്ളുന്നവർ ഔന്നത്യത്തിലെത്തുന്നു" അതാണ് ജീവിതം എന്ന സന്ദേശം ഈ രചന നൽകുന്നുണ്ട്. വീണും മുറിഞ്ഞും കരഞ്ഞും നേരിട്ടും എഴുന്നേറ്റ് തുടരുന്ന ജീവിതം - അത് തന്നെയല്ലെ യഥാർത്ഥ ആത്മീയത.
No comments:
Post a Comment