Friday, June 4, 2021

 നിലാവിൻ്റെ നീലശംഖൂതുമ്പോൾ.... ഇന്ദിരാ ബാലൻ

ജീവിതം എന്ന മൂന്നക്ഷരം നിർവ്വചനങ്ങൾക്കതീതമാണ്. പലർക്കുമത് കൊടുംവെയിലായും തുലാവർഷമായും ഇടവപ്പാതിയായും ചാറ്റൽ മഴയായും മഞ്ഞായും നിലാവായുമൊക്കെ ജീവിതത്തിൽ പകർച്ചകളുടെ നിറഭേദങ്ങളാകുന്നു. പലരും ജീവിതത്തിനോടും അവനവനോടും പടവെട്ടിയാണ് അതിജീവനത്തിൻ്റെ പാതകൾ തീർക്കുന്നത്. ജീവിതം വലിയൊരു വെല്ലുവിളിയായി മുന്നിൽ നിൽക്കുമ്പോൾ ചിലർ വേദനകളെ മറന്ന് പുല്ലാങ്കുഴലിലൂടെ ഒഴുകുന്ന രാഗമായും ക്യാൻവാസിൽ നിറയുന്ന ചിത്രങ്ങളായും മഴയിലുതിരുന്ന ഹിന്ദോളമായും കവിതയുടെ കാൽച്ചിലമ്പൊലികളായും നിലാവിൻ്റെ നീലശംഖിലൂടെ പ്രതിധ്വനി ക്കുന്ന ഓങ്കാരമായുമൊക്കെ വിഭാവന ചെയ്തു ജീവിതത്തെ മൂല്യവത്തതാക്കുന്നു.
അപ്രതീക്ഷിതമായി കുട്ടിക്കാലത്ത് തുടങ്ങിയ പനിയിലൂടെ ശരീരത്തിൻ്റെ ചലനക്ഷമത നഷ്ടപ്പെട്ട മായ ബാലകൃഷ്ണൻ്റെ ജീവിതം അതാണ് പറയുന്നത്. പ്രതിസന്ധിയിലും തളരാതെ വായനയിലൂടെയും എഴുത്തിലൂടേയും ചിത്രം വരയിലൂടേയും ആത്മവിശ്വാസത്തിൻ്റെ തെളിനീരൊഴുക്കി മന:ശക്തിയിലൂടെ അനാരോഗ്യത്തെ കീഴ്പ്പെടുത്തിയ മായയുടെ നാൾവഴികൾ. 90% വും ചലനക്ഷമമല്ലായെങ്കിലും "എഴുത്ത് തനിക്ക് സ്വാതന്ത്യത്തിന്റെ ആഘോഷമാണ് എന്നാണ് മായ പ്രഖ്യാപിക്കുന്നത് ."
എറണാംകുളം ജില്ലയിലെ നായത്തോട് എന്ന സ്ഥലത്താണ് മായയുടെ വീട്. അധ്യാപകരായിരുന്ന കെ.എസ്. ബാലകൃഷ്ണൻ നായരുടേയും പി.കെ. വിജയമ്മയുടേയും മകളാണ് മായ. കുസൃതി നിറഞ്ഞ ബാല്യകാലത്തെ അല്ലലറിയാത്ത ദിനങ്ങളിലൊന്നാണ് മായയെ വിധി വീഴ്ത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന മായ പത്തിൽ പഠിക്കുമ്പോഴായിരുന്നു ഒരു പനിയിലൂടെ ശരീരത്തെ തളർത്താൻ തുടങ്ങിയത്. ശരീര സന്ധികളിൽ അതികഠിനമായ വേദനകൾ തുടങ്ങി. പരിശോധനകളും ചികിത്സകളും .അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും എന്തിനും ഏതിനും താങ്ങും തണലുമായി. വേദനയില്ലാതെ ഒന്നുറങ്ങാൻ ഒരുപാട് കൊതിച്ചു. ഓരോ ദിവസവും ഏത് വിരലാണ് നിശ്ചലതയിലേക്ക് പോകുന്നതെന്നറിയാതെ ആശങ്കയുടേയും വേദനയുടേയും കടന്നു പോയ ദിനങ്ങൾ. പത്താം ക്ലാസിൽ ആ വർഷം പരീക്ഷയെഴുതാനായില്ല. അടുത്ത വർഷം പരീക്ഷയെഴുതി നല്ല മാർക്കോടെ പാസ്സായി.കോളേജിൽ ഫസ്റ്റ് ഗ്രൂപ്പിന് മെറിറ്റിൽ സീറ്റ് ലഭിച്ചു. പക്ഷേ കോളേജിൽ പോയി സാധാരണ കുട്ടികളെ പോയിരുന്ന് പഠിക്കാനായില്ല . മാർച്ച് മാസമാണ് മായക്കിഷ്ടമുള്ള മാസം. ആ മാസത്തിലാണ് അവസാനമായി സ്കൂളിൽ ഓടിനടന്നത്. നീണ്ട് ഇടതൂർന്ന മുടി വെട്ടി. അങ്ങിനെ ആ കാലത്തെ ജീവിതത്തിൻ്റെ സന്തോഷ പൂർണ്ണമായ ദിവസങ്ങൾ മെല്ലെ മെല്ലെ പടിയിറങ്ങി.
അങ്കമാലി നായത്തോടിലെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആയുർവ്വേദ ചികിൽസയാരംഭിച്ചു. എന്നാലതോടെ ഒട്ടും നടക്കാനായില്ല. ഒപ്പം പ്രകൃതി ചികിൽസയും ഹോമിയോപ്പതിയും എല്ലാം പരീക്ഷിച്ചു. ഇരുളിൻ നോവറിഞ്ഞ കിടക്കയെ ശരണം പ്രാപിച്ച നാളുകൾ.ഇടത് കൈമുട്ട് മാത്രം അൽപ്പം ഉയർത്താനാവു. ആ സമയത്ത് പ്രാർത്ഥിച്ചത് സ്വന്തമായി പ്രാഥമിക കാര്യങ്ങളെങ്കിലും നിർവ്വഹിക്കാൻ സാധിക്കണമെയെന്ന് മാത്രമാണ്. ആ അവസരത്തിൽ ഡോക്ടർ രത്നമ്മ വട്ടവും ചതുരവും കൊണ്ട് വന്ന് കൊടുത്ത് ചിത്രങ്ങൾ വരച്ച് വിരലുകളെ ചലിപ്പിക്കാൻ ശ്രമിക്കാൻ പറഞ്ഞു. പതിയെ പതിയെ വിരലുകളെ ചലനക്ഷമമാക്കി പെയിൻ്റിംഗും വാട്ടർകളറും ചെയ്ത് വിരൽത്തുമ്പുകളെ കൈപ്പിടിയിലാക്കി. ക്രമേണ കത്തുകളും കഥകളും കവിതകളും എഴുതി. കത്തുകൾ ആകാശവാണിയിലവതരിപ്പിച്ചു. ഏത് പ്രതിസന്ധിയേയും ഇച്ഛാശക്തിയാൽ മറികടക്കാമെന്ന് പഠിച്ചു. കിടക്കയിൽ നിന്നും വീൽചെയറിലേക്ക് മാറി. ജീവിതത്തിൽ കൂടുതൽ കാറ്റും വെളിച്ചവും വീശാൻ തുടങ്ങി. ഇടക്ക് സ്നേഹമയിയായിരുന്ന അച്ഛൻ വിട പറഞ്ഞു. അമ്മയും സഹോദരങ്ങളും മായയുടെ ആഗ്രഹങ്ങളെ സാധിപ്പിച്ചു കൊടുത്തെപ്പോഴും അരികിലുണ്ട്. പരസഹായത്താൽ വീൽച്ചെയറിലിരുന്ന് അത്യാവശ്യം കാര്യങ്ങൾ ചെയ്യാനാവുന്നു. റുമാറേറായ്ഡ് ആർത്രൈറ്റിസ് രോഗത്തിൽ നിന്നും പുതിയ ജീവിതത്തിന് പല്ലവികളും അനുപല്ലവികളും തീർത്ത് ജീവിതത്തെ മായ കരുത്തുറ്റതാക്കുന്നു.
മാറി നടക്കുമ്പോഴും വിടാതെ നമുക്കൊപ്പം സഞ്ചരിക്കുന്ന കവിതകളുടെ കർത്താവായി മാറി മായ ബാലകൃഷ്ണൻ. വരിഞ്ഞുമുറുക്കി നനവായും ആഹ്ളാദമായും നോവായും ആ വരികൾ മനസ്സിൻ്റെ ചില്ലു പേടകത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളുടെ തുലാസിൽ പല കിതപ്പുകളായി ,ആത്മാവിലെ ഹിന്ദോളമായി, മഴയായി, ആത്മരാഗമായി പൂത്തു വിടരുന്ന കവിതകളായി മായക്ക് സാന്ത്വനവും ശക്തിയുമാകുന്നു. ജീവിതത്തിൻ്റെ വകഭേദങ്ങളിലൂടെ ഒഴുകുമ്പോഴും നീർപ്പോള പോലുള്ള ജീവിതത്തിൻ്റെ ക്ഷണികതയേയും കവിതകൾ ബോധ്യപ്പെടുത്തുന്നു.
അടർന്നു വീഴുന്ന വാക്കിൻ്റെ ഇലകളിലൂടെ അളന്നു തീർക്കുന്ന ജീവിതത്തിൻ്റെ ആഴവും മായയുടെ കവിതകളിൽ കാണാം. ഈറനുടുത്ത സന്ധ്യകളിലും വെയിൽമേലാപ്പിട്ട കസവണിപ്പാടങ്ങളിലും ആകാശം ചുറ്റുന്ന വെൺക്കാവടികളിലും നീലാകാശത്ത് തെളിയുന്ന പുഴയിലും മഴയിലുതിർക്കുന്ന വളപ്പൊട്ടുകളിലുമൊക്കെ തംബുരു ശ്രുതിയിലുണരുന്ന ഹിന്ദോളരാഗത്തിലൂടെ ആ കവിതകൾ നൃത്തം വെച്ചു. ജീവിതത്തിൻ്റെ അകവും അകലങ്ങളും തൻ്റെ കവിതകളിലൂടെ പ്രതിഫലിപ്പിക്കാൻ മായക്ക് കഴിയുന്നു. ഓർത്താൽ ഓരോ ജീവിതവും വിസ്മയകരങ്ങളാണ്. ജീവിതത്തിൻ്റെ താക്കോൽപ്പഴുത് തുറക്കുമ്പോൾ തരുന്ന അനുഭവങ്ങളുടെ അറകൾക്കെന്ത് ആഴമാണ്. ആ ആഴത്തിൽ നിന്നും മുത്തുകളും രത്നങ്ങളും വാരിയെടുത്ത് ജീവിതത്തെ പ്രകാശപൂർണ്ണങ്ങളാക്കുന്നവർ. കവിതയുടെ നിലാവ് ചുറ്റിപ്പിടിക്കുമ്പോൾ മായ തൻ്റെ ശാരീരിക വേദനകളെ മറക്കുന്നു.
ഇപ്പോൾ ഓൺലൈനിലും, ആനുകാലികങ്ങളിലും കവിതകളും ബാലസാഹിത്യ കഥകളും, അനുഭവക്കുറിപ്പുകളും, എഴുതുന്നു .
ആദ്യപുസ്തകം 2015 ഇൽ "തുടികൊട്ട് " കവിതാസമാഹാരവും
2017 ഇൽ രണ്ടാം കവിതാസമാഹാരം "നിഷ്കാസിതരുടെ ആരൂഢം" വും പുറത്തിറങ്ങി. സംസ്ഥാന ഭിന്നശേഷി കൂട്ടായ്മയായ വരം സാഹിത്യസമിതിയുടെ 2018 ലെ "വരം സാഹിത്യപുരസ്‌ക്കാര"ത്തിന് മായ അർഹയായി.അംഗപരിമിതർക്കായിട്ടുള്ള സംസ്‌ഥാന സർക്കാരിന്റെ കമ്മീഷണറേറ്റ് 'നിഷ്കാസിതരുടെആരൂഢം' മികച്ച കൃതിയായി തിരഞ്ഞെടുത്തു.
കൂടാതെ നിരവധി കലാ സാഹിത്യസാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ ആദരവുകളും ലഭിച്ചിട്ടുണ്ട്. .
നിലാവിലെ നീലശംഖൂതുമ്പോൾ നിറയുന്ന ഓങ്കാരനാദം പോലെ മായയുടെ മനസ്സിൽ ഭാവനയുണരുമ്പോൾ കവിതയുടെ വിത്ത് കതിരിടുന്നു. ജീവിതത്തിൻ്റെ നിറഭേദങ്ങളുടെ ചിത്രങ്ങളുടെ വർണ്ണവിസ്മയങ്ങളായി, കവിതയുടെ വാഗ്സ്ഥലികളായി. നിർബാധമിനിയും ആ വിരലുകളും മനസ്സും ജീവിതത്തിൻ്റെ വരികളും വരകളും ശക്തമായി ആവിഷ്ക്കരിക്കട്ടെയെന്നാശംസിച്ചുകൊണ്ട് ഈ പരിചയപ്പെടുത്തലിന് തൽക്കാലം വിരാമം കുറിക്കുന്നു.

No comments: