മൗനത്തിലുയിർക്കൊണ്ട അംഗുലീഭാഷ- ഇന്ദിരാ ബാലൻ
ഭാഷക്ക് മുമ്പേ ലോകത്തിൽ ആശയ വിനിമയോപാധി ആംഗ്യങ്ങളിൽക്കൂടിയായിരുന്നല്ലൊ. മൗനത്തലുയിർക്കൊണ്ട അംഗുലീ ഭാഷ. ആംഗ്യം കാണിക്കുന്നതിനൊപ്പം മുഖത്തും ഭാവങ്ങൾ മിന്നിമറയും. അതിന് നാട്യശാസ്ത്രമോ ഹസ്തലക്ഷണ ദീപികയോ പഠിക്കേണ്ടതില്ല. ജന്മനാ മനുഷ്യനോടൊപ്പം ആംഗ്യ ഭാഷയും ഉയിർക്കൊള്ളുന്നു. ഏതൊരു ഭാഷക്കുമപ്പുറത്തും സാധ്യതകളുടെ മാനം , വാതിലുകൾ ആംഗ്യത്തിനുണ്ട്. ആംഗ്യത്തിനെ കലാപരമായി പറയുമ്പോൾ അത് മുദ്രയായി മാറുന്നു. മുദ്രയിൽ നാട്യധർമ്മിയും ലോകധർമ്മിയും ഉണ്ട്. കലാരൂപങ്ങൾക്കായി നിയതമായ കലാ ദർശനങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് ചലിപ്പിക്കുമ്പോൾ ആംഗ്യം നാട്യധർമ്മിയാകുന്നു. നിത്യജീവിതത്തിൽ ചലിപ്പിക്കുമ്പോളത് ലോകധർമ്മിയുമാകുന്നു. ശബ്ദമില്ലാത്ത ഭാഷ തന്നെയാണല്ലൊ ആംഗ്യം. ഈ ആംഗ്യം എന്ന പദത്തിനെ ഇഴ വിടർത്തി പരിശോധിച്ച് കാവ്യാത്മകമായി അവതരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന കവിതയാണ് വീരാൻ കുട്ടിയുടെ "ആംഗ്യങ്ങളുടെ സ്കൂൾ " എന്ന കവിത. പാഠങ്ങൾ പഠിപ്പിക്കുന്ന അനുഭവ പരിസരമാണ് ഏത് വിദ്യാലയങ്ങളും . "കവി പറയുന്നു, ആംഗ്യങ്ങളെ നേരെയക്കാൻ ചെല്ലുന്ന കൈകളെ ഒരു സ്കൂളിലും എടുക്കില്ല .ടീച്ചർ പറയും ,ഇവയെ വീട്ടിലേക്ക് തന്നെ കൊണ്ടു പൊയ്ക്കൊള്ളു. ഒന്നും പഠിപ്പിക്കാനില്ല. ശരിയാണ് ആംഗ്യം എന്നത് ഭാഷക്കും മേലെയാകുന്നു. ഭാഷയ പൂർണ്ണമാകുമ്പോൾ ,ഭാഷ അറിയാതിരിക്കുമ്പോൾ നമുക്കവസാനാശ്രയം ആംഗ്യമാണ്. ചതുർവ്വിധാഭിനയങ്ങളിലാണ് ആംഗികം എന്ന അഭിനയ രീതി. അതിൽ പിന്നണിയിൽ ഭാഷയിലൂടെ വ്യക്തമായ അർത്ഥങ്ങൾ വിനിമയം ചെയ്യപ്പെടുന്നുണ്ട്. സാധാരണ വ്യവഹാരത്തിൽ ആംഗ്യം മനസ്സിലാക്കലിലൂടെ അർത്ഥം ഗ്രഹിച്ചെടുക്കണം.. ഈ ആംഗ്യങ്ങൾ എവിടെ വെച്ചാണ് വിരലുകൾക്കൊപ്പം വന്നെന്നാണ് കവിയുടെ അന്വേഷണം.
വാക്കുകൾ അവസാനിക്കും വരെ അവക്ക് തുണയായി നൃത്തം ചെയ്യാൻ അടി തെറ്റി വരുന്ന വാക്കിന് ഊന്നുവടിയായി തെറിച്ച വാക്കിന് വാശി കൂട്ടാൻ (ഥപ്പാട്) കഷ്ടം വെക്കാൻ ചൂണ്ടാൻ ഞെരിയാൻ /ക്കാൻ കുരുവിയും മീനും എന്ന് വേണ്ട സകല ജീവജാലങ്ങളുമാകാൻ ആംഗ്യത്തിന് കഴിയുന്നു. പ്രപഞ്ചം തന്നെ വിരിയിക്കാനാകുന്നു ആംഗ്യ ഭാഷയിലൂടെ.
ആംഗ്യം ഭാഷക്ക് മുമ്പേ ജനിച്ചവ. അടുത്തവരിയിൽ കവിത നിറഞ്ഞ് തുളുമ്പുന്നു. ആകാശം കുഴച്ച് വാക്കുകളുടെ ശിൽപ്പം പണിയാനുള്ള അതിൻ്റെ കരവിരുത് ഇന്നും തുടരുന്നു. എത്ര ആഴത്തിലേക്കാണ് കവിച്ചിന്ത വായനക്കാരനെ കൊണ്ടു പോകുന്നത്. ഒരു വാക്കിൻ്റെ അടരുകളെ അടർത്തിയെടുത്ത് വ്യത്യസ്ത ആകാശങ്ങളിലൂടെ ആശയസംവേദനത്തിനുള്ള ഭൂമികയൊരുക്കുന്നു. ആംഗ്യത്തെ സംബന്ധിച്ച് ഭാഷ കേവലം കുഞ്ഞു മാത്രമാണ്. നടക്കാൻ തുടങ്ങിയിട്ടില്ലാത്ത തൻ്റെ തന്നെ കുഞ്ഞ്. തൻ്റെ കണ്ണെത്തിയില്ലെങ്കിൽ എവിടെയും അടിതെറ്റി വീഴാവുന്ന കുഞ്ഞ്. ഒരമ്മയെ പോലെ കരുതലും സ്നേഹവും സുരക്ഷിതത്വവും നൽകേണ്ടിയിരിക്കുന്നു. അതിന് ഒരു കൈ സഹായം ആവശ്യമാണ്. അല്ലെങ്കിൽ ഭാഷ നിർജ്ജീവമായിപ്പോകാം എന്ന വരികളിൽ കടലുപോലെ വ്യാഖ്യാനങ്ങൾ നിറയുന്നു. അംഗുലീ ഭാഷയുടെ പ്രണയമാണ് ഈയിടെ കണ്ട "സൂഫിയും സുജാതയും" എന്ന സിനിമ .
ഭാഷ ആലോചിച്ചു പറയേണ്ടവ .ഔചിത്യപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ ഭാഷയുടെ അടിവേര് തന്നെ പറിച്ചെറിഞ്ഞപ്പെട്ടേക്കാം. അതിന് കൈത്താങ്ങായി ഈ ആംഗ്യം ഇവിടെ ആവശ്യമാണ് എന്ന തീരുമാനത്തിൽ കവിതയുടെ താളടയുന്നു. കവിത പ്രതിരോധമാണ്, ചിന്തയാണ് ,പ്രവർത്തനമാണ് അവിരാമമായ പ്രവർത്തനങ്ങളുടെ കർമ്മമണ്ഡലമാണെന്നും കേവല വൈകാരിക ചിന്തയിലൊതുങ്ങേണ്ടതല്ലെന്നും വീരാൻ കുട്ടിയുടെ ഈ കവിത ആംഗ്യത്തിലൂടെ ബോധ്യപ്പെടുത്തുന്നു!
No comments:
Post a Comment