Sunday, June 6, 2021

 കണിപ്പൂവുകൾ.... ഇന്ദിരാ ബാലൻ

സൂര്യന്റെ ഉച്ചണ്ഡ താണ്ഡവം
ജീവിതത്തിന്റെ
രസതന്ത്രങ്ങളിൽ
സകലതിനേയും
തട്ടിമറിച്ച
നഗരപാച്ചിലിന്റെ
ഉഷ്ണവേഗങ്ങളിൽ
ചുട്ടുപഴുക്കുന്ന
തിരഞ്ഞെടുപ്പു ചർച്ചകൾ
അട്ടിമറികളുടെ
രംഗ വേദികൾ
കൊടികയറുന്ന
പൂരങ്ങൾ വേലകൾ
സമാധാനത്തിന്റെ
വെള്ളിൽപ്പക്ഷികൾ
വിളിപ്പാടകലെ
ചൂട് അതിന്റെ
എല്ലാ അഹങ്കാര ധാടികളോടെയും
സകലതും ചുട്ടുപൊള്ളിക്കുന്നു
ചിന്തകളും വിചാരങ്ങളും
ഉഷ്ണത്തിൽ കുതിർന്നു മറിയുന്നു
കുടഞ്ഞു കയറാൻ
ശ്രമിക്കുന്നുണ്ടെങ്കിലും
ചുട്ടുപഴുത്ത കരങ്ങൾ
വലിച്ച് താഴ്ത്തുന്നു
കറങ്ങുന്ന പങ്കക്കുള്ളിലും
ശീതീകരണ യന്ത്രത്തിനും
ഇപ്പോൾ ഒരേ നിശ്വാസങ്ങൾ
ഉഷ്ണം കരുത്തുറ്റ
ചിറകുകളുമായി
വീശിയടിക്കുമ്പോഴും
അങ്ങ് നിരനിരയായി
പൂത്തു നിൽക്കുന്ന
കണിപ്പൂവുകൾ
ഏത് കനലെരിഞ്ഞാലും
ഞങ്ങൾക്ക് പൂക്കാതിരിക്കാനാവില്ലല്ലൊ
പൂക്കൾ കൊണ്ട് നിങ്ങളെത്ര
സമൃദ്ധരായാലും
വിഷുവല്ലേ
കണിയൊരുക്കാൻ
ഞങ്ങൾ തന്നെ വേണ്ടേ
കാടുകളെത്ര കരിഞ്ഞാലും
മേട സൂര്യനെ വരവേൽക്കാൻ
പൂക്കളുടെ കവിതയായി
ഞങ്ങളിവിടെ പൂത്തു നിൽക്കും!

No comments: