നിറങ്ങൾ.... ഇന്ദിരാ ബാലൻ
നിറങ്ങളുടെ
കലവറയാണ് ജീവിതം
എത്ര പെട്ടെന്നാണ്
നിറങ്ങൾ മാറുന്നത്
സ്വഭാവങ്ങളിൽ
നിറം കലരുന്നില്ലേ
താൽപ്പര്യങ്ങൾ
സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ
എത്ര വേഗം നിറം മാറാം
പറയുന്ന വാക്കുകളിൽ
എത്ര തരം നിറങ്ങൾ കലർത്താം
ചായക്കൂട്ടുകളിൽ നിന്നും ചിത്രങ്ങൾ
ജനിക്കുന്നത് പോലെ
വാക്കുകളിൽ നിന്നും
വാങ്ങ്മയങ്ങൾ ഉണരുന്നത് പോലെ
നവരസങ്ങൾക്കും നിറങ്ങളുണ്ട്
എങ്കിലും
വെള്ള പച്ച ചുവപ്പ് കറുപ്പ് നീല
ഇവ ജീവിത ഭാവങ്ങളിൽ
മുന്നിട്ട് നിൽക്കുന്നു
വെളുപ്പ് നൻമയേയും സമാധാനത്തേയും
പച്ച....സമൃദ്ധിയേയും
ചുവപ്പ് വെല്ലുവിളിയേയും
സ്നേഹത്തേയും രോഷത്തേയും
കറുപ്പ് വിഷാദത്തേയും ഭയത്തേയും
നീല വിഷത്തേയും ഭ്രമ കൽപ്പനയേയും
ധ്വനിപ്പിക്കുന്നു..
വൈരുദ്ധ്യങ്ങളുടെ സങ്കലനങ്ങൾ!
സന്ദർഭത്തിനും ഭാവനക്കുമനുസരിച്ച്
പരികൽപ്പനകൾ പിറവികൊള്ളുന്നു
സമൃദ്ധിക്കപ്പുറം
പച്ച കലർപ്പില്ലാത്തത്
എന്നൊരർത്ഥവും ധ്വനിപ്പിക്കുന്നില്ലേ
നിത്യജീവിതത്തിൽ
പച്ച ചേർന്ന് നിൽക്കുന്നു
പച്ച വെള്ളം പച്ച നുണ
പച്ച രക്തം പച്ച മണം അതിനേക്കാളുപരി
കേൾക്കുന്ന വാക്ക്
പച്ച മനുഷ്യൻ
ഏതൊക്കെ ബഹുമതി
പട്ടങ്ങളുടേയും ആവരണങ്ങൾക്കുള്ളിൽ
അവൻ വസിക്കുന്നുവെങ്കിലും
ആ പുറന്തോട് പൊട്ടിച്ചിറങ്ങിയാൽ
അവൻ കേവലം
പച്ച മനുഷ്യൻ മാത്രം
സംസ്ക്കാരത്തിനും
സംസ്കാര ഹീനതക്കും
"പച്ച" ചേരുന്നു.....!
No comments:
Post a Comment