Sunday, June 13, 2021

 ഒരാൾ സമൂഹമായി മാറുമ്പോൾ - ഇന്ദിരാ ബാലൻ


കവിതയായിത്തീരാൻ കൊതിക്കുന്ന വാക്കുകളും സമുദ്രമായിത്തീരാൻ കൊതിക്കുന്ന തുള്ളികളും സൂര്യനാകാൻ കൊതിക്കുന്ന  ചെറു തിരികളും ശലഭങ്ങളാകാൻ കൊതിക്കുന്ന പൂക്കളും ശിൽപ്പമാകാൻ കൊതിക്കുന്ന ശിലകളും സുഗമ സംഗീതമായ് മാറുവാൻ കൊതിക്കുന്ന സ്വരങ്ങളുടെയൊക്കെ ഇടയിൽ ഒരു പച്ചയായ മനുഷ്യനാവാൻ കൊതിച്ചിട്ടും " ഒരാൾ ''ഒരു ജനസമുദ്രമായ് മാറിയ പ്രമേയമാണ് കവി റഫീക് അഹമ്മദിൻ്റെ "വയ്യ " എന്ന കവിതയുടേത്. ഒരാളിൽ നിന്നും ഒരു സമൂഹമായി, രാഷ്ട്രമായി വികസിക്കുമ്പോൾ അയാൾ ഒരു പ്രസ്ഥാനം തന്നെയാകുന്നു. ഒരു പാട് ജന്മങ്ങളുടെ നെടുവീർപ്പുകളും പെയ്തൊഴിയാത്ത സങ്കടക്കടലുകളും കൊണ്ടയാൾ വിക്ഷുബ്ധനാണ്. വർത്തമാനകാലത്തിൻ്റെ അതിസങ്കീർണ്ണമായ പ്രശ്നങ്ങളിൽപ്പെട്ട് ആ മനസ്സ് ഉഴലുകയാണ്. ഒരു തുള്ളി മാത്രമാവാൻ കൊതിച്ച് ഒരു മഹാവർഷമായ് മാറുന്ന മനുഷ്യ ബോധങ്ങളുടെ ,മാനവികതയുടെ ചിത്രം എത്ര ആഴത്തിലാണ് കവി വരച്ചിട്ടുള്ളത് .....