Friday, June 4, 2021

 സ്നേഹാക്ഷരം ....... ഇന്ദിരാ ബാലൻ

ജീവന്റെ നേർത്ത
ചിറകടി നേരത്താണ്
ജീവന സംഗീതത്തിന്റെ
തീർത്ഥവുമായി
നീയണഞ്ഞത്
ജീവിത ശൂന്യതയെ
അർത്ഥ പൂർണ്ണമാക്കി
നീ നിറഞ്ഞു
കുങ്കുമരാഗം നിറച്ച് നീ പാടി
സ്നേഹഗംഗയായൊഴുകി
യാത്മാവിനെ തഴുകി
മാരിവില്ലിന്നേഴു നിറം പകർന്ന്
അസ്വാതന്ത്ര്യത്തിന്റെ
വിലങ്ങുകളഴിച്ചു
നനുത്ത കറുകനാമ്പിൽ
സ്നേഹാക്ഷരം കുറിച്ച്
സാന്ദ്രമൗനത്തെ ഭഞ്ജിച്ചൊ-
രൂഷ്മള ലഹരിയായി
തുടുക്കും കവിളിണയിലിറ്റു
വീഴും നനവിന്നാർദ്രതയായി
കുളിരേകും വിപഞ്ചികാ
തന്ത്രികൾ മീട്ടി
കൃഷ്ണഗീതത്തിൻ
മുരളികയൂതി
സിരകളിലൂടൊഴുകിയുന്മാദമായ്
അന്ത്യത്തിലൊരു നാടൻച്ചിന്തിൻ
ശീലു മൂളി
സത്വരം ഗമിച്ചു നീ
യാത്ര പോലുമോതാതെ !

No comments: