Thursday, August 5, 2021

ഓടക്കുഴൽ

 ഓടക്കുഴൽ - ഇന്ദിരാ ബാലൻ


കേവലമൊരു 

മുളന്തണ്ട് ഞാൻ. 

എന്നിൽ സുഷിരങ്ങളിട്ട്, ആത്മനിശ്വാസധാരയിലൂടെ 

രാഗ വിസ്ഫോടനങ്ങൾ

തീർത്തത് നീയാണ്. 

പുഴയിലെ ഓളമാവാൻ

കാറ്റിൻ്റെ ഈണമാവാൻ  

കാടിൻ്റെ മൗനമാവാൻ

ഈ മുളന്തണ്ടിനാവും.

ചിലപ്പോഴൊക്കെ

നീലക്കടമ്പിൻ്റെ

പൂക്കളായി വിരിഞ്ഞു, 

പ്രണയത്തിൻ്റെ

ഉന്മാദ ഗീതങ്ങളായി, 

വിരഹത്തിൻ്റെ

ജലസ്പർശമായി. 

ഹൃദയവ്യഥയുടെ

പാരമ്യത്തിലത്രെ

എന്നിലെ നാദത്തിൻ

മധുരലയം. 

വിരളമായി 

സംഗീതത്തിൻ്റെ

മഹാമേരുവിലൂടെ

അനാദിയായി

ഒഴുകി ....

മുളന്തണ്ടിൽ നിന്നും

ഓടക്കുഴലായി.

ജയദേവരുടെ

ഗീതഗോവിന്ദത്തിലൂടെ 

പ്രണയത്തിൻ്റെ ആത്മീയ സുന്ദര 

സ്വരപല്ലവികളായതും

ഞാൻ തന്നെയായിരുന്നു...!

No comments: