Thursday, August 5, 2021

സിന്ദൂരം

 സിന്ദൂരം .... ഇന്ദിരാ ബാലൻ


നെറ്റിയിലണിയാൻ

ഈ സിന്ദൂരമെത്ര

സുന്ദരമായിരുന്നു. 

സന്ധ്യയുടെ നിറവും

പൂക്കളുടെ മണവും

പ്രണയ ഭാവവുമായ്  

സീമന്ത രേഖയിലെ

കുങ്കുമം ഒരലങ്കാരം

എന്നേ തോന്നിയുള്ളൂ.

സിന്ദൂരം  സുരക്ഷയല്ല.

 സ്നേഹം, പരിഗണന, 

കരുതൽ എന്നീ കവചങ്ങളാണ് 

സുരക്ഷ തരുന്നത്. 

അലങ്കാരങ്ങൾക്കപ്പുറം

സിന്ദൂരത്തിന് അർഥമുണ്ടോ? 

പക്ഷേ,  വർത്തമാനകാലത്ത്

സിന്ദൂരത്തിൽ പോലും

വിഷം കലരുന്നു. 

ചന്തങ്ങളെത്ര വേഗം

കലുഷിതമാകുന്നു, 

നെറ്റിത്തടം വികൃതമാക്കുന്നത് പോലെ. 


സിന്ദൂരം തൊട്ടാൽ

കാക്ക കൊത്തില്ലത്രെ. 

പുതിയ അറിവുകളോ 

അറിവുകേടുകളോ? 

ഇലയിട്ട് വിളമ്പുന്ന

രാഷ്ട്രീയ നിറങ്ങൾ.  

ഇപ്പോൾ സിന്ദൂരം 

 പണ്ടേപ്പോലെ സുന്ദരമല്ല.

വാക്കുകൾ, വ്യാഖ്യാനങ്ങൾ, 

കലാപവിളികൾ മുഴക്കുന്നു. 

ഈ സിന്ദൂരത്തിനിപ്പോൾ

ചോരയുടെ മണമാണ്....

No comments: