വികസനം -ഇന്ദിരാ ബാലൻ
ഒഴിഞ്ഞുപോയി
വീടിൻ പച്ചപ്പുകൾ
വികസനത്തിൻ
ടൈൽസുകളായെല്ലാം....
കാറ്റിൻ മർമ്മരങ്ങളില്ല,
കരുതലിൻ കാവലുകളില്ല
വീടോ വാസത്തിനല്ലാതെ
അലങ്കാരത്തിൻ
പ്രതീകം മാത്രമായ്
ദൂരങ്ങളെ താങ്ങി
കനം വെച്ചു കിടപ്പുണ്ട്
നടന്നു തേഞ്ഞകാലുകൾ
അഹന്ത തൻ
കോടാലികളൊ
വെട്ടിമാറ്റുന്നു
തണൽമരച്ചില്ലകളെ...
ഒഴുകാനാവാതെ
മെലിഞ്ഞു കിടപ്പുണ്ട്
മൗനമായ് പുഴകളും...
അണച്ചു പിടിക്കേണ്ടവരെ
തെറ്റുകൾ തിരുത്താതെ
വെട്ടി നുറുക്കി
ചിന്നുന്നു ചോരപ്പുഴകളും
രണഭൂവാകുന്നിവിടം
ദിനരാത്രഭേദമെന്യേ
കിളികൾ തൻ
കളമൊഴികളും
കവർച്ച ചെയ്തു
ശിശിരകാലത്തിലമർന്നു
പോറുന്നു മഞ്ഞു
മൂടിയ ജീവിതങ്ങൾ
നെടുവീർപ്പിടുന്നു
കാലചക്രത്തിൻ
ഋതുക്കളും...
സമരവീര്യമാർന്ന്
കേൾക്കുന്നുണ്ടിവിടെ
വികസനത്തിൻ
കാഹളങ്ങൾ
വികസനമത്
മർത്യ മനസ്സിൽ
നിന്നുയരണം
മാറ്റൊലികളാ-
യെന്നെത്രയോ
കാലമായ്
കവികളും
പാടുന്നുണ്ടിവിടെ .....!
No comments:
Post a Comment