പലായനം - ഇന്ദിരാബാലൻ
ഭീതിയുടെ
മറ്റൊരു പേര്
പലായനം
അതിലൊളിഞ്ഞിരിയ്ക്കുന്ന
അർത്ഥവ്യാപ്തി
ചരിത്ര ഭൂമികകളിൽ
മാത്രം കണ്ടവ
വർത്തമാനക്കാലത്ത്
തൊട്ട് നിൽക്കുന്നു
ഇടവപ്പാതികളേയും
തുലാവർഷങ്ങളേയും
പെററിട്ട്
മുക്കിക്കളയുന്ന
മഹാമാരിയുടെ
പരകായപ്രവേശങ്ങളിലൂടെ
അതിജീവനത്തിൻ്റെ
വാതിലുകൾ കൊട്ടിയടക്കുമ്പോൾ
ദിശയറിയാതെ
ഉഴലുന്ന സഞ്ചാരങ്ങൾ;
കാൽച്ചുവട്ടിലെ
മണ്ണൊലിച്ചു പോകുമ്പോൾ
ഉയരുന്ന ഭൂമിയുടെ
നിലവിളികൾ !
യാത്രയിൽ,
കൊടുംവെയിലേറ്റ്
കരിയുന്നവർ
പെരുമഴയിൽ
കുതിർന്നൊലിയ്ക്കുന്നവർ
ഹിമപാതങ്ങളിൽ
മരവിക്കുന്നവർ
മുന്നിൽ കെട്ടിപ്പൊക്കുന്ന
അതിരുകൾ, മതിലുകൾ
ഈ മഹാകാവ്യമളക്കാൻ
ഏതളവുക്കോലുണ്ടിവിടെ?
സ്വയം കണ്ടെത്താനാകാതെ
കാൽച്ചുവടുകളുറപ്പിക്കുവാൻ
മണ്ണ് തിരഞ്ഞുക്കൊണ്ടിരിക്കയാണ്
അവരിപ്പോഴും !
No comments:
Post a Comment