Saturday, January 22, 2022

അമ്മയെന്ന ക്യാൻവാസ്

 അമ്മയെന്ന ക്യാൻവാസ് ..... ഇന്ദിരാ ബാലൻ


"അമ്മ" യെന്ന സത്യത്തെ, ശക്തിയെ അതിൻ്റെ  സാർവ്വജനീനതയോടു കൂടി ഒരു ക്യാൻവാസിലെന്നതു പോലെ വരച്ചിട്ട വാങ്ങ്മയച്ചിത്രമാണ് യുവകവി കൃഷ്ണനുണ്ണി ജോജിയുടെ "അമ്മ പൂർത്തിയാക്കാത്ത ചിത്രങ്ങൾ " .


അമ്മ എന്ന വിശ്വമാനവികതയുടെ നേർസാക്ഷ്യമെന്നു പറയാം ഈ കവിത.  അമ്മയുടെ ചിത്രങ്ങളിലെ മഴമേഘങ്ങൾ  അമ്മയുടെ കൈ പിടിച്ച് പെരുമഴയിലൂടെ നടന്നുപോകുന്ന ആ ചെറുപ്പക്കാരൻ്റെ സ്വപ്നങ്ങളായിരുന്നു. ഒരിക്കലും പ്രസവിക്കാത്ത ചിത്രങ്ങളായി അവ ഉള്ളിൽ ഘനീഭവിയ്ക്കുന്നുണ്ട്.


അമ്മ ബാക്കി വെച്ചു പോയ, അഥവാ വരച്ചു തീർക്കാത്ത ഒഴിഞ്ഞ ക്യാൻവാസായാണ് അവരുടെ വെളുത്ത വീടിനെ കവി ഉപമിയ്ക്കുന്നത്.ആ ഉപമയിലുണ്ട് നിസ്സഹായതയും കണ്ണീരും . അവിടുത്തെ ജനലുകളിലെ ഉണങ്ങാത്ത ചായം പോലെയുള്ള ദിനരാത്രങ്ങളിൽ നിറയുന്നുണ്ട് ഉപ്പുരസമുള്ള നനഞ്ഞ വിചാരങ്ങൾ. ആറ്റികുറുക്കിയ വരികളിലൂടെ ഒഴുകുന്നുണ്ട്  തിരക്കോളേറിയ  ഒരു കടൽ. ബാല്യത്തിലെ താരാട്ടിന് ഒരു ചിത്രമെങ്കിലും വരയ്ക്കുമെന്ന പ്രത്യാശയുടെ പ്രതീക്ഷയുടെ ഉണങ്ങാത്ത മുറിവിൻ്റെ നീററലുണ്ട്.

ഒഴിഞ്ഞ ചുമരുകളിൽ കരിക്കട്ട കൊണ്ട് വരച്ചിട്ട ചിത്രത്തിന് ചോരയുടെ കുടുംചുവപ്പുണ്ട്. കടലാസിൽ പേനകൊണ്ട് വരച്ച മലകൾ അടുപ്പിലിട്ട് കത്തിച്ചതാണത്രെ അമ്മയുടെ ക്യാൻവാസിലെ സൂര്യൻ.മലകൾ ഉയരത്തിലാണ്.ഉയരങ്ങളിലെ സൂര്യനെ എത്തിപ്പിടിയ്ക്കാൻ  വെമ്പൽ കൊണ്ട ഹൃദയമാണ് അടുപ്പിലെരിഞ്ഞു തീർന്നത്. രൂപകങ്ങളും കൽപ്പനകളും  കൊണ്ട് ജീവിതത്തിൻ്റെ ,ത്യാഗത്തിൻ്റെ, സഹനത്തിൻ്റെ വലിയൊരു ചിത്രമാണ് കവി  വരച്ചിട്ടിരിക്കുന്നത്.ഈ അമ്മക്ക് മാധവിക്കുട്ടിടെ നെയ് പായസത്തിലേയും, കോലാടിലേയും അമ്മയുടെ ഛായ തോന്നുന്നുവെങ്കിൽ അതിലൽഭുതമില്ല. കാരണം സ്വന്തം ഇഷ്ടങ്ങളെ കഴിവുകളെ തനിക്കൊപ്പമുള്ളവർക്ക് വേണ്ടി തീറെഴുതി ജീവിതം ഹോമിച്ചു തീർക്കുന്ന അമ്മമാർ ഇങ്ങനെയൊക്കെയാണ്. പാതിരാത്രികളിൽ എല്ലാവരും ഉറങ്ങുമ്പോൾ കണ്ണീരൊഴുക്കി തന്നിലേക്കു തന്നെ ഒതുങ്ങുന്നവർ.   അമ്മക്കെ ഇങ്ങിനെയൊക്കെ ആവാൻ കഴിയു. അത് തന്നെയാണ് സ്ത്രീയുടെ ശക്തി. ത്യജിക്കാനും വിട്ടുകൊടുക്കാനും കഴിയുന്നത് ഹൃദയശുദ്ധിയും മാനവികതയുമാണ്. അതിന് മുമ്പിൽ ഒരാസുരതയ്ക്കും വിജയിക്കാനാവില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെ അറിയില്ലേ? കുഞ്ഞിന് വേണ്ടി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് പൂതത്തിന് നൽകിയവൾ. അമ്മയുടെ അകക്കണ്ണിൻ്റെ തെളിച്ചം ഏതിരുട്ടിനും കെടുത്താനാവില്ല. 


ഈ അമ്മയുടെ ചിത്രങ്ങളിൽ മകനുണ്ട്. സൂര്യനും ചന്ദ്രനുമായല്ല, വയലേലകളിൽ ഇരുട്ട് കനക്കുമ്പോൾ വീട്ടിലേയ്ക്ക് വഴി തെറ്റുന്ന മിന്നാമിനുങ്ങിയായി. ആ മിന്നാമിനുങ്ങിൻ്റെ വീട് അമ്മയുടെ ഹൃദയമാണ്. അമ്മയുടെ ഓർമ്മകൾക്ക് നാഴികവട്ടത്തിൻ്റെ മിടിപ്പാണെന്ന് കവി ഊന്നിപ്പറയുന്നു. അമ്മ വരയ്ക്കാത്ത ചിത്രങ്ങൾ കാലത്തിൻ്റെ ക്യാൻവാസിൽ ഒരിക്കൽ പൂർത്തിയായേക്കാം എന്ന നിഗമനത്തിൽ കവിതയെത്തുമ്പോൾ നമുക്കുറപ്പിക്കാം  ഓർമ്മകളുടെ തീച്ചൂടിലുണരുന്ന അമ്മയുടെ ക്യാൻവാസുകളിൽ തെളിഞ്ഞിരുന്നത് കണ്ണീരിൻ്റേയും സഹനത്തിൻ്റേയും വ്യാകരണങ്ങളായിരുന്നുവെന്ന്. അതിപ്പോഴും പച്ച വിറകു കൂട്ടികത്താൻ പ്രയാസപ്പെടുന്ന അടുപ്പിനെപ്പോലെ പുകഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട് .... അമ്മയുടെ ഹൃദയം ,അതാണീ ചിത്രങ്ങളുടെ ക്യാൻവാസ്. ...!

No comments: