മുദ്രിതയിലൂടെ .....
ജിസ ജോസെന്ന യുവ എഴുത്തുകാരിയുടെ പ്രഥമ നോവലാണ് "മുദ്രിത ." ആദ്യ കൃതി തന്നെ ഇരുത്തി വായിപ്പിക്കാനുതകുന്ന രചനാപാടവം. സ്ത്രീ ജീവിതങ്ങളുടെ അറിയാചുരുളുകളിലേക്കുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും നിറഞ്ഞ ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട് നോവൽ. " മുദ്രിത "യിലൂടെ തുറക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ ആരോഹണാവരോഹണങ്ങൾ വൈവിധ്യമാർന്നവയാണ്. " വനിത'' എന്ന പോലീസ് ഓഫീസർക്ക് ലഭിക്കുന്ന പരാതിയെ തുടർന്നാണ് നോവലിൻ്റെ സഞ്ചാരം. പെണ്ണിൻ്റെ ഇടപെടലുകൾക്കും യാത്രകൾക്കും വിവിധ മാനം നൽകാൻ ഈ രചന പര്യാപ്തമാവുന്നു. പെണ്ണിൻ്റെ വിവരങ്ങളാകുമ്പോഴെന്നും പ്രതിലോമകാരിയാകുന്ന സമൂഹത്തിൻ്റെ കാപട്യങ്ങളും തന്ത്രങ്ങളും അനായാസമായി ആവിഷ്ക്കരിക്കപ്പെടുന്നു. ഒരു ഡിറ്റക്ടീവ് നോവലിൻ്റെ മാനസിക പിരിമുറുക്കങ്ങളും നോവലിനെ കോച്ചി വലിക്കുന്നുണ്ട്. അതോടൊപ്പം ഇക്കോ ഫെമിനിസത്തോടും ചേർത്ത് വായിക്കപ്പെടേണ്ട സന്ദർങ്ങളും ധാരാളം.
പ്രകൃതിയെ എങ്ങിനെയൊക്കെ ചൂഷണത്തിന് വിധേയമാക്കുന്നുവെന്നത്
നദീ- സ്ത്രീ പാരസ്പര്യത്തിലൂടെ അനാവൃതമാക്കുന്നു. സ്ത്രീ ജീവിതത്തിൻ്റെ വ്യത്യസ്ത ഭൂമി ശാസ്ത്രങ്ങളുടെ അടയാളപ്പെടുത്തലുകൾ. അടയാളപ്പെടുത്താനാദ്യമെത്തുന്നവൾ മറ്റുള്ളവരുടെ രംഗപ്രവേശത്തോടെ തിരശ്ചീനയാകുന്നു. മുദ്ര അടയാളമാകുമ്പോൾ മുദ്രിത അടയാളപ്പെടുത്തുന്നവളാകുന്നു. മുമ്പേ വരുന്നവർ പിന്നാലെ വരുന്നവർക്ക് വഴിമാറി കൊടുത്ത് അദൃശ്യയാകുന്നു. ഒരാൾ മാത്രമല്ല പറയുന്നത്. ബാക്കി ഒൻപത് പേര് കൂടിയുണ്ട്. ആ കാണാതാവലിൻ്റെ പിന്നാലെയെത്തുന്ന പരാതി. പരാതിയുടെ തുടരന്വേഷണങ്ങളിൽ പരാതിക്കാരന് കാണാതായവളുടെ വിവരങ്ങളൊന്നും തന്നെ അറിയില്ലെന്നത് മറ്റൊരു ആശ്ചര്യജനകമായ വസ്തുത. വ്യക്തമായ രേഖകളില്ലാത്ത പരാതി സ്വീകരിക്കില്ല എന്ന വിഷയത്തിലൂടെ താളുകളുണരുന്നു. മുദ്രിത അനിരുദ്ധനെന്ന ടൂർ ഓപ്പറേറ്റർക്ക് അയച്ച മെയിലിലൂടെ വിവരങ്ങൾ അന്വേഷിക്കുന്ന വനിത എന്ന പേരുള്ള പോലീസ് ഓഫീസർ. കൂടുതലും സ്ത്രീ കഥാപാത്രങ്ങൾ.
മാൻ മിസ്സിങ്ങ് അനുദിനം നടക്കുന്ന വർത്തമാനകാല സംഭവങ്ങളിലേക്കും പ്രമേയം ചൂട്ടു വെളിച്ചമാകുന്നു. കാണാതാവൽ കേസ് റജിസ്റ്റർ ചെയ്യുക കേരള പോലീസ് ആക്ട് 57 പ്രകാരമാണ്. അപ്രകാരമാണ് നോവലിന് യവനിക ഉയരുന്നത്. ഒററച്ചരടിൽ കോർത്ത മാലയായല്ല ആകാംക്ഷ നിറഞ്ഞ വിവിധ മാലകളായാണ് സംഭവപരമ്പര നീളുന്നത്.
സ്ത്രീകളെ കാണാതായാൽ അതിന് പിന്നിൽ കഥകളും വ്യാഖ്യാനങ്ങളും സമൂഹത്തിലുയരും. എന്നാൽ പുരുഷനത് അത്ര ബാധകമല്ല താനും. മാത്രമല്ല ഇറങ്ങിപ്പോയ സ്ത്രീകൾ തിരിച്ചു വന്നാലതിൽ അത്ര സ്വീകാര്യതയുമില്ല. പുരുഷനെ സപ്രമഞ്ചത്തിൽ കയറ്റി ഇരുത്തുന്നവർ തന്നെ സ്ത്രീയെ തുരത്തിയോടിക്കാൻ മുന്നിലെത്തും. സ്ത്രീയുടെ മുന്നിലെന്നും വിലക്കുകളുടെ മതിലുകളുണ്ട്. എത്ര പുരോഗമനം കൈവരിച്ചാലും മതിലുകൾ ഉയർന്നു കൊണ്ടിരിക്കയാണ്. " കാണാതെ പോയവർ " എന്ന വാർത്ത സ്ത്രീകളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ പരിതാപകരവും. കാണാതായ സ്ത്രീ അനർത്ഥങ്ങളില്ലാതെ തിരിച്ചെത്തണെയെന്നൊരു പ്രാർത്ഥന പോലീസ് ഓഫീസറുടെ ഉള്ളിലുയരുന്നുണ്ട്. അവരും ഒരു സ്ത്രീ ആയത് കൊണ്ട് കൂടിയാവാം ഈ പ്രാർത്ഥന. അപ്പോൾ അവരോർക്കുന്നത് അൻപത്തിയൊമ്പതാം വയസ്സിൽ ആത്മഹത്യ ചെയ്ത അഡോലിൻ വെർജീനിയ വുൾഫിനേയാണ്.
കാണാതെപോയതെന്ന് പറയുന്നതിലൂടെ നോവലിസ്റ്റ് ചില ചോദ്യങ്ങളുയർത്തുന്നുണ്ട്. "ആർക്കാണ് കാണാതെ പോയത്? പോയവൾ ഒരു പക്ഷേ സ്വയം കണ്ടെത്താനുള്ള അന്വേഷണത്തിലാണെങ്കിലോ, സ്ത്രീയെന്നും കണ്ടെത്തപ്പെടേണ്ടവളാണ് എന്ന്. സ്ത്രീക്കായി മാത്രം ഒരുക്കി വെച്ച നിയമസംഹിതകളിൽ അവളെ വിലങ്ങണിയിക്കുവാൻ ഇനി മറ്റെന്തെങ്കിലും കാരണം വേണോ? സ്ത്രീ സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി തൂലിക ഉയരുന്നുണ്ടിവിടെ.
വിവര സാങ്കേതികതയുടെ കാലത്ത് ഇറങ്ങിപ്പോയവരെ കണ്ടെത്താൻ സൈബർ സെൽ സഹായങ്ങളുണ്ട്. കണ്ടെത്തിയാലും മുക്കിലുപേക്ഷിച്ച ക്ലാവ് പിടിച്ച ഓട്ടുപാത്ര സമാനമായിരിക്കും അവളുടെ ശേഷിച്ച ജീവിതമെന്നും എഴുത്തുകാരി ചുവന്ന മഷിയിട്ടുറപ്പിക്കുന്നു.
സ്ത്രീ മിസ്സിംങ്ങ് കേസുകളിൽ മൊഴി കേട്ടിട്ട് സ്വാതന്ത്ര്യത്തോടെ വിട്ടയയ്ക്കുന്ന കോടതി വിധിയെക്കുറിച്ച് വിമർശനാത്മകമായ സമീപനം കാണാം. " പോയവളെ പോയിടത്തു നിന്നും പിടിച്ചു കൊണ്ടു വന്നിട്ട്, പിന്നീട് ഇഷ്ടത്തിന് പൊയ്ക്കൊള്ളാനുള്ള അനുമതി. അവരിലെത്ര പേർക്ക് സ്വാതന്ത്ര്യത്തോടെ പോകാനാകും എന്ന ചോദ്യമുണ്ട്.കാരണം അഭിമാനം പെണ്ണിനുമുണ്ട്. അത് വ്രണിതമാക്കപ്പെടുമ്പോഴായിരിക്കാം ഒരു സ്ത്രീ ഇറങ്ങിത്തിരിക്കുന്നത്. ആദ്യത്തെ പോക്ക് കണ്ണിറുക്കി പൂട്ടി ഏതോ താഴ്ചകളിലേക്ക് രണ്ടും കൽപ്പിച്ച് ചാടിയാൽ മതി. രണ്ടാമത് വീണ്ടും ആ മാനസിക ഭാവത്തോടെ ഇറങ്ങിപ്പോകാനാകുമോ? ഉത്തരം നൽകേണ്ടത് സമൂഹമാണ്. ഇവിടെ കാണാതായ സ്ത്രീ 50 വയസ്സിന് മുകളിലുള്ളവരാണ്. ഇരുത്തവും പക്വതയും അനുഭവങ്ങളും കൊണ്ട് ജീവിതം വരിഞ്ഞു കെട്ടിയവർ. ആ പ്രായത്തിലുള്ളവർ ഒളിച്ചോടിയാൽ കഷ്ടം വെക്കുന്ന സമൂഹം. ഒളിച്ചോടാൻ കാരണം പ്രണയവും, വിവാഹേതര ബന്ധവും മാത്രമാണോ? ഇറങ്ങിപ്പോക്കിന് വയസ്സ് ഒരു ഘടകമാണോ? പല ചോദ്യങ്ങളും ഉള്ളിലുയരാം. മനസ്സ് മരവിക്കുന്ന നേരത്ത് ഏത് പ്രായത്തിലും സ്ത്രീകളും ഒളിച്ചോടാം ,സുരക്ഷിത സ്ഥാനങ്ങളിലേക്കോ മരണത്തിലേക്കോ .കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്വത്ത് തർക്കം ഇത്തരം കാരണങ്ങളും കാണാതായതിന് പിന്നിലുണ്ടാകാമെന്ന് നോവലിസ്റ്റ് സമർത്ഥിക്കുന്നുണ്ട്.
ടൂർ ഓപ്പറേറ്ററിൻ്റെ ഭാഗമായാണ് അനിരുദ്ധൻ മുദ്രിതയുമായി പരിചയപ്പെടുന്നത്. വെറും ഓൺലൈനിലൂടെ മാത്രം. എന്നാൽ അവരയച്ച മെയിലുകളിലുള്ള വിവരങ്ങളല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും അറിയില്ല. പഠിക്കുന്ന കാലത്താണ് ചില സുഹൃത്തുക്കളുമായി അനിരുദ്ധൻ ടൂർ ഓപ്പറേറ്ററായി "ഹിമാദ്രി ടൂർസ് ആൻറ് ട്രാവൽസ് നടത്തിയിരുന്നത്. പ്രകൃതിയേയും യാത്രയേയും ഇഷ്ടപ്പെട്ടിരുന്നതിനാൽ ആത്മാർത്ഥതയുള്ള ഒരു പ്രോജക്റ്റായാണ് സ്വീകരിച്ചത്. എന്നാൽ സുഹൃത്തുക്കൾ വഴിപിരിഞ്ഞതോടെ അനിരുദ്ധനും ആ പ്രോജക്റ്റ് ഉപേക്ഷിച്ചു. അതിന് ശേഷം പി.എസ്.സി. കോച്ചിംഗ് സെൻ്ററിൻ്റെ അധ്യാപകനായിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മുദ്രിതയുടെ കാൾ വരുന്നത്. ഒറീസ്സയിലേക്കുള്ള ഒരു യാത്ര അവരടക്കം പത്ത് സ്ത്രീകളുടെ . വിചിത്രവും കർക്കശവുമായ ചില നിബന്ധനകൾ മുദ്രിതക്കുണ്ടായിരുന്നു. മഞ്ഞുകാലത്ത് വിചിത്രമായൊരു യാത്ര സംഘടിപ്പിക്കാനും കൂട്ടുപോകാനുമുള്ള സന്ദേശമായിരുന്നു അനിരുദ്ധന് കിട്ടിയത്. സ്ത്രീകൾ മാത്രമടങ്ങുന്ന ലെസ്ബോസെന്ന വാട്സാപ്പ് കൂട്ടായ്മയിൽ നിന്നുമാണ് യാത്രക്ക് തുടക്കമിടുന്നത്. മുദ്രിതയുടെ നേതൃത്വത്തിൽ . പരസ്പരം അറിയാത്ത പത്തു പേർ. അപരിചിതരെങ്കിലും ഏക മനസ്സായി അവരാഗ്രഹിക്കുന്നു ഒരു യാത്രയ്ക്ക്. സ്ത്രീകൾ കൂട്ടമായി യാത്ര ചെയ്യാനാഗ്രഹിക്കന്നത് കെട്ടുപാടുകളിൽ നിന്നും കുറച്ചു ദിവസങ്ങളെങ്കിലും സ്വാതന്ത്ര്യം ആഘോഷിക്കുവാൻ കൂടിയാകാം. ദൂരയാത്രകൾക്ക് അനുവാദമില്ലാത്തവർ പോലും ആത്മീയ യാത്രകളിൽ സ്വാതന്ത്ര്യം കണ്ടെത്തുന്നവരുണ്ട്. മുന്നിലൊരു അധികാര ചിഹ്നങ്ങളുമില്ലാതെ ഉള്ളിലെ ചിറക് വിരിച്ച് സ്വതന്ത്രരായി.
അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിൻ്റെ പ്രാരാബ്ധങ്ങളിൽ ഒരിരുനിലക്കെട്ടിടത്തിൻ്റെ മുകളിലുള്ള ഒറ്റമുറിയായിരുന്നു അനിരുദ്ധൻ്റെ ഹിമാദ്രി ഓഫീസ്. ഏതൊരു സംരംഭത്തിനും മുടക്കുമുതൽ ആവശ്യമാണ്. ഒന്നുമില്ലെങ്കിലും അനിരുദ്ധൻ്റേയും സുഹൃത്തുക്കളുടെയും ഓഫീസ് എങ്ങിനെ വേണമെന്നത് ദന്തഗോപുരം കയറിയ ഭാവനയിലായിരുന്നു. ഏത് ജോലിക്കും അതാതിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നങ്ങളുണ്ട്. വിട്ടുവീഴ്ചകൾ, നഷ്ടങ്ങൾ, പരാതികൾ, കുറ്റങ്ങൾ, കുറവുകൾ എല്ലാം അതിൻ്റെ ഭാഗമായി ഉണ്ടാവും. എന്നാലും ഉന്തിത്തള്ളിക്കൊണ്ടുപോയി മൂന്ന് വർഷം. കെട്ടുപാടുകളും സഹപ്രവർത്തകരുടെ നിസ്സഹകരണവും ഓഫീസ് പൂട്ടലുമൊക്കെ വളരെ ചടുലമായി ആവിഷ്ക്കരിച്ചിരിക്കുന്നു.
അതോടൊപ്പം തന്നെ ആ പ്രായത്തിലുള്ള ആൺകുട്ടിയുടെ മനസ്സും ശക്തിയും ദൗർബല്യവും ചിന്തകളും മന:ശാസ്ത്രപരമായ വിശകലനങ്ങളിലേക്ക് തിരിയുന്നു.
കേസിൻ്റെ ഭാഗമായി അനിരുദ്ധൻ്റെ നോട്ടുപുസ്തകത്തിലൂടെയാണ് മുദ്രിതയുടെ മെയിലുകളിലേക്ക് വനിത പ്രവേശിക്കുന്നത്. രണ്ടു മനുഷ്യർ തമ്മിലുള്ള സംവാദത്തിനോ സംഭാഷണത്തിനോ അപ്പുറം പരിസ്ഥിതിയുടെ വിനാശത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണവ. നദിയെന്ന പ്രതീകത്തിലൂടെ സ്ത്രീകളനുഭവിക്കുന്ന പീഡനത്തിലേക്കും അപമാനങ്ങളിലേക്കും കഥകളും ഉപകഥകളുമെത്തുന്നു. ഒരു ടൂർ ഓപ്പറേറ്ററോട് യാത്രക്ക് വേണ്ട കാര്യങ്ങളെ യാത്രികർക്ക് പറയേണ്ടതുള്ളു. എന്നാലിവിടെ ചില അറിയാഭൂഖണ്ഡങ്ങളിലേക്ക്, തിരിച്ചറിവുകളിലേക്കാണ് ഈ മെയിൽ നമ്മെ ക്ഷണിക്കുന്നത്. രചനയുടെ ഐന്ദ്രജാലികത എന്ന് തന്നെ പറയാവുന്നതാണ്. തനിക്ക് പറയാനുള്ളത് കഥാപാത്രസൃഷ്ടിയിലൂടെയും അവരുടെ വാക്കുകളായും നോവലിസ്റ്റ് ഇവിടെ നിർവ്വഹിച്ചിരിക്കുന്നു.
നദികളാണ് അനിരുദ്ധൻ്റെ മനസ്സിന് ചുറ്റും ഒഴുകുന്നത് .അതിനുദാഹരണമാണ് തനിക്കൊപ്പം പ്രവർത്തിക്കുന്ന മേഘ്ന. അവളെ കാണുമ്പോഴൊക്കെ ബംഗ്ളാദേശിലെ കിഷോർ ഗഞ്ച് ജില്ലയിലെ മലനിരകളിൽ നിന്നുൽഭവിക്കുന്ന ബംഗ്ളാദേശിലൂടെ മാത്രമൊഴുകി ചാന്ദ് പൂരിൽ വെച്ച് പത്മയുമായി കൂടിച്ചേരുന്ന മേഘ്ന നദിയുടെ ചരിത്രമാണ് ഇരച്ചെത്തുന്നത്. പാരിസ്ഥിതിക ദർശനവും ഒപ്പം പരിമിതികളിൽ മാത്രം നിറഞ്ഞും ഒഴുകിയും തൃപ്തിപ്പെടുന്ന സ്ത്രീ ജീവിതങ്ങളേയും ചേർത്ത് വെക്കുന്നുണ്ടിവിടെ. ഇതൊക്കെ നേരിൽ കാണാതെ പുസ്തകങ്ങൾ വായിച്ച് നേടിയ അറിവ് മാത്രമാണെന്നയാൾ സാക്ഷ്യപ്പെടുത്തുന്നു.
ഒറീസയിലെ മഹാനദി, വൈതരണി, ബ്രാഹ്മണി തുടങ്ങിയ പല നദികളെ കുറിച്ചും അറിവുണ്ടായിരുന്നെങ്കിലും ചിത്രോൽപ്പലയെ കേട്ടത് മുദ്രിതയിൽ നിന്നായിരുന്നു. ഈ നദീ വിചാരങ്ങളെല്ലാം സൂക്ഷ്മവും നിഗൂഢവുമായ സ്ത്രീ മനസ്സിൻ്റെ ഉള്ളറകളിലേക്കെത്തിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. ഇവിടെയാണ് ഇക്കോ ഫെമിനിസത്തിൻ്റെ അടരുകൾ കാണുന്നത്. ചിത്രോൽപ്പലയും മുദ്രിതയെപ്പോലെ പിടി തരാതെ ഒഴുകുന്നവളാണ്.
ഇതിനിടയിൽ ഓഫീസിലെ സംഘർഷഭരിതമായ നിമിഷങ്ങളും നാടകീയചാരുതയോടെ കോർത്തിണക്കിയിരിക്കുന്നു. പരീക്ഷകളടുത്തു വരുന്ന ഈ സമയത്ത് ആസൂത്രണം ചെയ്യുന്ന ഈ യാത്രകൾ സാധ്യമാണോയെന്ന സംശയത്തിൻ്റെ ചുളിവുകൾ മേഘ്നയുടെ നെറ്റിയിൽ തെളിയുന്നു. വ്യക്തിപരമായ പ്രശ്നങ്ങളുടെ ശ്വാസമുട്ടൽ എങ്ങിനെയാണ് പൊതു കാര്യങ്ങളിലേക്കിറങ്ങി പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും എഴുത്തുകാരി വ്യക്തമാക്കുന്നു.
യാത്രകളെപ്പോഴും യൗവ്വനത്തിൻ്റെ ഊർജ്ജസ്വലതയിൽ നടത്തണമെന്നാണ് അനിരുദ്ധൻ്റെ അഭിപ്രായം. ജോലിയുടേയും വീടിൻ്റേയും ആഭ്യന്തര പ്രശ്നങ്ങളിൽപ്പെട്ട് യാത്ര മുടങ്ങുമോയെന്നൊരു ആശങ്ക അയാളിലുടലെടുക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇച്ഛാശക്തികൾ മനസ്സിനെ ഭരിക്കുമ്പോൾ മുൻ പിൻ നോക്കാതെ മനുഷ്യർ തീരുമാനങ്ങളെടുക്കാം. യാത്രയെ മുടക്കാൻ ഒരു പ്രതിപക്ഷവും ചിലപ്പോൾ മുന്നിലുണ്ടാകാം. നിവൃത്തികേടിൻ്റെ പുറത്ത് ചില സ്വാധീനങ്ങൾക്ക് വശംവദരായാലും ആത്മാഭിമാനമുള്ളവർ ആ കടം എന്നായാലും വീട്ടും. രണ്ടും കൽപ്പിച്ചയാൾ ജോലി പോയാലും യാത്ര മുടക്കില്ലയെന്ന തീരുമാനത്തിൽ ഓഫീസിൽ നിന്നിറങ്ങുന്നു. അപ്പോഴും ഉപബോധമനസ്സിലുറങ്ങുന്ന പത്മ മേഘ്നയെക്കുറിച്ചുള്ള ചില പ്രണയ ചിന്തകൾ അവളുടെ കയ്യിലെ കുപ്പിവളകളുടെ ചിലമ്പൊച്ചകളായി വാർന്നു വീഴുന്നുണ്ട്. അവളറിയാത്ത അവളോടുള്ള പ്രണയം .പറയാത്ത വാക്കുകൾ, പറഞ്ഞാൽ ഒരു നഷ്ടവുമില്ലാത്ത വാക്കുകൾ എത്ര വാശിയോടെ ചാപല്യത്തോടെ മനുഷ്യൻ മൂടിവെക്കുന്നുവെന്ന ദുരഭിമാനചിത്രവും നോവലിസ്റ്റ് അനിരുദ്ധനിലൂടെ പറയുന്നു. ഓഫീസായ "ഗ്രാൻ്റ്മാ" യിൽ നടന്നത് ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങായിരുന്നെങ്കിൽ അതിൻ്റെ മറ്റൊരു മുഖം വീട്ടിലും അരങ്ങേറി. മുപ്പത് വയസ്സായ ഉത്തരവാദിത്വബോധമുള്ള തൻ്റെ സ്വാതന്ത്ര്യത്തിലേക്ക് ആരും ഇടിച്ചു കയറി വരേണ്ടതില്ലെന്ന് കഥാപാത്രം പറയുന്നുണ്ട്. സ്വാതന്ത്ര്യം ഓരോ വ്യക്തിയുടേയും മനുഷ്യാവകാശമാണ്. എത്ര സുശക്തബന്ധങ്ങൾക്കും അത് തടയിടാനാവില്ല. അച്ഛൻ്റെ വേർപാട് തീർത്ത അതിജീവനം അമ്മയിലും സഹോദരിയിലും ഉണ്ടായ സ്വഭാവമാറ്റം. അമ്മ കൂടുതൽ പ്രതികരിക്കാൻ തുടങ്ങിയെങ്കിൽ സഹോദരി മൗനത്തിലേക്കും ആത്മീയ സാധനകളിലേക്കും ചേക്കേറി. അമ്മ ഉച്ചത്തിൽ സംസാരിച്ചും സ്വയം മിനുക്കിയും ജീവിതത്തെ തിരിച്ചുപിടിക്കുമ്പോൾ വർണ്ണങ്ങളില്ലാത്ത ലോകത്തെയാണ് സഹോദരി തിരഞ്ഞെടുത്തത്. രണ്ടു സ്ത്രീകളുടേയും വഴി അതിജീവനം തന്നെയാണ്. മൗനവും കലഹവും പ്രതിഷേധമാണ്. പലപ്പോഴും സംസാരിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. നാവ് രുചിക്കാൻ മാത്രമല്ല വാക്കുകൾ പറയാനും കൂടിയുള്ളതാണ്. നല്ലത് പോലെ ചീത്തയും. ഈ പ്രശ്നങ്ങളെ മറികടക്കാൻ ചില സാധൂകരണങ്ങളുമായി എഴുത്തുകാരിയെത്തുന്നുണ്ടിവിടെ. .അത്യാവശ്യങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ മിണ്ടുന്നത് കുറയ്ക്കാൻ കഴിയണമെന്ന് . നോക്കിനിൽക്കെ തേച്ചുമിനുക്കിയ നിലവിളക്ക് കരിപിടിച്ച് പോകും എന്ന് പറയുന്നതിലൂടെ മനുഷ്യ മനസ്സിലൂറുന്ന വിഷാദചിന്തകളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രകൃതിയുടെ വിരുദ്ധ സ്വഭാവങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്നത് കടുത്ത അനുഭവങ്ങൾ കൂടിയാണെന്ന് ഉറപ്പിക്കുന്നതാണ് അനിരുദ്ധൻ്റെ അച്ഛൻ്റെ മരണവുമായുള്ള സംഭവങ്ങൾ. അച്ഛൻ മരിച്ചു കിടന്നത് ഒറ്റക്കല്ല. വിവസ്ത്രരായി അജ്ഞാതയായ സ്ത്രീയോടൊപ്പമാണ്. അതറിയുമ്പോൾ സാധാരണക്കാരായ സ്ത്രീകളിൽ ഉദാത്ത മനോഭാവമൊന്നും ഉണ്ടാവില്ല. ക്ഷോഭവും അപമാനവുമാണവർക്ക് കിട്ടുന്നത്. അതിൽ നിന്നും മാനസിക വ്യതിയാനങ്ങൾ സംഭവിക്കുന്നു. മുന്നോട്ടുള്ള ജീവിതത്തെ ക്രമപ്പെടുത്തുവാൻ . ചില വേദനകളെ മറയ്ക്കുവാൻ വേഷപ്പകർച്ചകൾ അനിവാര്യം. ദാമ്പത്യ ബന്ധത്തിൻ്റെ പൊരുത്തക്കേടുകൾ! സംഘർഷഭരിതമായ ഒരവസ്ഥയിൽ നിന്നാണ് അനിരുദ്ധൻ മുദ്രിതയുടെ ആവശ്യപ്രകാരം യാത്രക്കിറങ്ങുന്നത്. അതയാളുടെ കൂടി ആവശ്യമാണിപ്പോൾ.
നദികളും സ്ത്രീകളും പശ്ചാത്തലമായി വരുന്ന നോവലിൽ നിരവധി നദികൾ വായനക്കാരെ വന്ന് പൊതിയുന്നുണ്ട്. രുദ്രയായും ,വിരഹിണിയായും ,പക തീർക്കുന്നവളായും. പ്രകൃതി തന്നെയാണ് സ്ത്രീ. സ്ത്രീയുടെ ഭാവങ്ങൾ തന്നെയാണ് ഋതുഭേദങ്ങൾ. കടലിൽ അന്തർധാനം ചെയ്യപ്പെടുന്ന പുഴകൾ. കടൽ പുരുഷനും പുഴ സ്ത്രീയുമായാണല്ലൊ സാഹിത്യ സങ്കൽപ്പങ്ങൾ .ഒരു തരത്തിൽ ആത്മഹത്യ ചെയ്തവരത്രെ പുഴകളും. ഭൂചലനങ്ങളിലൂടെ മാഞ്ഞു പോയ സരസ്വതി നദി പോലുള്ള നിരവധി നദികൾ നമ്മോട് സംവദിക്കുന്നു. ഒപ്പം ഭൂമിശാസ്ത്ര ഘടനകളിലേക്കും ചിന്തകൾ വ്യാപരിക്കുന്നു. നദിയിലൂടെ സ്ത്രീ ജീവിതത്തിൻ്റെ ഭൂകമ്പങ്ങൾ . വർത്തമാനകാലത്ത് പോലും നടമാടുന്ന വീട്ടകങ്ങളിലെ മുയൽ വേട്ടകൾ. സ്വന്തം അച്ഛൻ്റെ കാമ മോഹത്തിന് ഇരയാകുന്ന പെൺകുട്ടികളുടെ കഥകൾക്ക് പരിഛേദമായി വർത്തിക്കുന്നു സരസ്വതി നദിയുടെ കഥ. സരസ്വതിയുടെ പല പേരുകളിലൊന്നാണ് ശതരൂപ.നൂറു രൂപത്തിലുള്ളവൾ അഥവാ ഒരു രൂപത്തിലും ഒതുങ്ങാത്തവളെന്ന് നോവലിസ്റ്റ് വ്യാഖ്യാനിക്കുന്നു. സരസ്വതി നദി അച്ഛനായ ബ്രഹ്മാവിനാൽ ബലാൽക്കാരത്തിനിരയായവൾ എന്ന പഴങ്കഥ വർത്തമാനകാല പീഡനങ്ങളുടെ രൂപകം തന്നെയായി മാറുന്നു. പ്രതിരോധിക്കുമ്പോൾ ബ്രഹ്മാവിന് കീഴടക്കാൻ തലമുളച്ചു എന്ന് പറയുമ്പോൾ ആസക്തനായ പുരുഷന് പെണ്ണിനെ കീഴടക്കാൻ ആക്രമണോത്സുകതയുടെ ചിഹ്നമായി ലിംഗം മാത്രമല്ല തലയും ബലാൽക്കാരത്തിനുള്ള ഉപാധിയാകുന്നുവെന്ന് നോവലിൽ പറയുന്നുണ്ട്. ശരീരം മുഴുവൻ കൊണ്ടും ഹിംസിക്കുന്നവൻ, തുളച്ചുകയറുന്നവൻ എന്ന പ്രത്യക്ഷാർത്ഥം ഭീതിദമായ സമകാലിക വാർത്തകളിലേക്കെത്തിക്കുന്നു. അപമാനിതയും വ്രണിതയുമായി പൊള്ളിക്കരിഞ്ഞവളെ വീണ്ടും പൊള്ളിക്കാനാവില്ല. ഈ സംഭവങ്ങളൊക്കെ എത്തിക്കുന്നത് പെണ്ണിൻ്റെ ആത്മഹത്യാ കാരണങ്ങളിലേക്കാണ്. ദുരിതകാണ്ഡങ്ങൾ താണ്ടിയ ഒരു പെണ്ണ് ആത്മഹത്യയെക്കുറിച്ച്, ഒളിച്ചോട്ടത്തെക്കുറിച്ച് ചിന്തിക്കുന്നതിലെന്താണ് തെറ്റ്? സരസ്വതി നദിയിൽ നിരവധി പേർ ആത്മാഹുതി ചെയ്തിട്ടുണ്ടത്രെ. അവരുടെ കണ്ണീര് കുടിക്കേണ്ടി വന്നതുകൊണ്ട് കൂടിയാണ് സരസ്വതിയിൽ നിന്നും ശതരൂപയായത്. ഭൂഗർഭത്തിലൂടെ അഗ്നിജ്വലിപ്പിച്ച് അവളിപ്പോഴും ഒഴുകുന്നു. ഇത്തരം എത്രയോ സ്ത്രീകൾ ഈ ഭൂമുഖത്ത് ജീവിക്കുന്നു. എത്രയോ തവണ മരിച്ചു ജീവിച്ചിരിക്കുന്നവർ. ഇതൊരു ആമുഖം മാത്രമെ ആവുന്നുള്ളു. മുദ്രിതയുടെ മെയിൽ കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിന്നരികിലൂടെ ഒഴുകിയിരുന്ന പുണ്യനദിയായ ചന്ദ്ര ഭാഗയെക്കുറിച്ചും അനിരുദ്ധനോട് പറയുന്നു. ഒരാളെ പ്രണയിച്ച് മറ്റൊരാളുടെ ക്രൂരതക്കിരയായവളാണ് ചന്ദ്രഭാഗ. പെണ്ണിൻ്റെ ഇഷ്ടം തിരഞ്ഞെടുക്കാനിവിടെ അധികാരമില്ലേ എന്ന ഒരായിരം ചോദ്യങ്ങൾ ഉത്തരമില്ലാതെ പ്രതിധ്വനിക്കുന്നുണ്ട്.
നോവലിന് ആധാരമായ വിഷയങ്ങൾ ഗവേഷണപരമായ പഠനങ്ങളിലൂടെ എഴുത്തുകാരി സ്വായത്തമാക്കിയിട്ടുണ്ടെന്ന് ഈ ഉപകഥകൾ വെളിപ്പെടുത്തുന്നു. ഒരു പുരുഷൻ സ്ത്രീയെ വായിക്കുന്നതും, മനസിലാക്കുന്നതും, വിലയിരുത്തുന്നതും എണ്ണമറ്റ സംഭവപരമ്പരകളിലൂടെ ഇഴപിരിയാതെ വലിയൊരു ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്നു. അധീശത്വ മനോഭാവത്തിൽ തകർക്കാനുള്ള മനുഷ്യൻ്റെ കുറ്റവാസനകളേയും വിശദമായി പ്രതിപാദിക്കുന്നു. സൗമ്യതയും അനുരഞ്ജനവും ഇല്ലാതാകുമ്പോഴുള്ള തീക്ഷ്ണതയും ദഹനവും പൊള്ളിയും വെന്തും തളർന്നുമുള്ള ഭാവങ്ങൾ വായനക്കാരെ അലട്ടാതിരിക്കില്ല. പ്രണയത്തിൻ്റേയും പകയുടേയും വേലിയേറ്റങ്ങളും, വേലിയിറക്കങ്ങളും. തൻ്റെ സ്വാധീനവലയത്തിലായില്ലെങ്കിൽ എത്ര വേഗം പക കുടിയേറുന്നു. നമുക്ക് മുന്നിൽ നടക്കുന്ന നരവേട്ടകളും ആസിഡ് പ്രണയങ്ങളും അസഹിഷ്ണുതയുടെ അടയാളങ്ങൾ! ആഴ്ന്നിറങ്ങിയ പെണ്ണനുഭവങ്ങളുടെ നേരെഴുത്താണ് ഈ നോവൽ. അതീവ ശ്രദ്ധയോടെ ഒരെഴുത്തിൽ നിന്നും മറ്റൊരെഴുത്തിലേക്ക് പേന ചലിയ്ക്കുന്നു.
കേവലം കാഴ്ചകൾ തേടിയോ, നേരമ്പോക്കിനോ അല്ല മുദ്രിതയടക്കമുള്ളവർ യാത്രക്ക് തിരിക്കുന്നത്. അടിയറവ് പറയേണ്ടി വന്ന സ്വത്വാന്വേഷണങ്ങളെ തിരക്കിയാണ്. അഥവാ തിരിച്ചുപിടിക്കാൻ. ആത്മഹത്യ ചെയ്ത സ്ത്രീകളുടെ ബീഭൽസത നിറഞ്ഞ സ്ത്രീ മുഖങ്ങളിൽ നാം കണ്ടവരുമുണ്ടാകാം. നിശ്ചയിച്ച പ്രകാരം യാത്രാ ദിവസം വന്നെത്തുമ്പോഴാണ് അന്ന് മുദ്രിതയെന്ന കേന്ദ്ര കഥാപാത്രം മാത്രം എത്തുന്നില്ലെന്നറിയുന്നത്. ആകസ്മികമായ ഗതിവിഗതികൾ. അവിടെ നിന്നും തുടങ്ങുന്ന അന്വേഷണാത്മകത നിറഞ്ഞ നോവൽ പലതും സ്ത്രീ ജീവിതങ്ങളോട് പറയുന്നു, ഓർമ്മിപ്പിക്കുന്നു. മുദ്രിതയിലൂടെയുള്ള അന്വേഷണം സർവ രഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാ നാരായണി, ബേബി വെണ്ണിലാ, ഹന്ന, ശാശ്വതി, മരിയ നളിനി, മധു മാലതി എന്നീ ഒൻപത് സ്ത്രീകളിലേക്കെത്തുമ്പോൾ നോവലിൻ്റെ ഗതി മാറുന്നു. ഈ പേരുകൾക്കെല്ലാം പറയാനോരോ ആഴമുള്ള ജീവിതങ്ങളുണ്ട്. തട്ടിയും, മുറിഞ്ഞും, മറിഞ്ഞും, എഴുന്നേറ്റും ,പൊരുതിയും ഉള്ള അതിജീവന കഥകൾ .നിലവിലെ വ്യവസ്ഥിതിയോടുള്ള ഒരു കൂട്ടം സ്ത്രീകളുടെ കലഹത്തിൻ്റെ കഥയാണിത്. ഒപ്പം നാഗരിക ജീവിതത്തിൻ്റെ സ്വാർത്ഥതയും ഹൃദയശൂന്യതയും ,രാഷട്രീയ സാമൂഹ്യ പരിസരങ്ങളും അനാവൃതമാകുന്നു. ഉദ്വേഗഭരിതമായല്ലാതെ വായിച്ചു മടക്കാനാവില്ല ഈ പുസ്തകം.
മുദ്രിതയെ അവസാനം നാമറിയുന്നത് വാക്കറിൽ നടക്കുന്ന ഒരു സ്ത്രീയായാണ്.ശക്തമായ നിലപാടുകൾ പറഞ്ഞത് അവരാണോയെന്ന് സംശയം തോന്നാം. എന്നാൽ നമ്മളിൽ ഓരോരുത്തരിലും മുദ്രിതയുണ്ട്. അടയാളപ്പെടുത്തുന്നവൾ. മൗനത്തിന് മറുപടിയായി ഉച്ചത്തിൽ വാക്കുച്ചരിക്കുന്നവൾ. സ്ത്രീപക്ഷ നിലപാടുകൾ ഉറച്ച ശബ്ദത്തിൽ പറയുന്നവൾ. മലയാള സാഹിത്യത്തിൻ്റെ പുതിയ ഭാവുകത്വത്തിന് മുതൽക്കൂട്ടാണ് ഈ കൃതി. സ്വപ്നവും യാഥാർത്ഥ്യവും ഭ്രമാത്മകതയും പലയിടത്തും നിന്നും ശക്തമായി ഒഴുകിയെത്തുന്ന നദികളായി സ്ത്രീകൾ മാറുന്നു. ചതിക്കപ്പെട്ടവൾ പ്രതികാര ദുർഗ്ഗയായി വെള്ളപ്പൊക്കങ്ങളുണ്ടാക്കുന്നു. ആസുരതയെ ഒന്നോടെ വിഴുങ്ങി അവൾ പ്രളയഭരിതയായി ഒഴുകുകയാണിപ്പോഴും . വായനാന്ത്യത്തിൽ ഒരന്ത:സംഘർഷം നമുക്കൊപ്പം കൂടാം.....!
ഇന്ദിരാ ബാലൻ
No comments:
Post a Comment