ആദ്യെഴുത്ത്.....പെൻസിൽ വിചാരം
നീലച്ചട്ടയുള്ള ഡയറിത്താളിൽ
പണ്ടൊരഞ്ചാം ക്ലാസുകാരി
കുറിച്ചിട്ട പെൻസിലിൻചിത്രം
പടി കടന്ന് വരുന്നുണ്ട്
പെൻസിലിന്നെന്ത്, മനസ്സ്
വികാരം?എന്നാലാച്ചിത്രത്തിൽ
കാണാം നമുക്കാ പെൻസിലിൻ
പൊള്ളും ഹൃത്തടം ,പേടിച്ച -
രണ്ടിരിപ്പൂ കുട്ടമ്മാൻ്റെ കൊച്ചു
കടയിൽ പേനകൾക്കിടയിലൊരു
ഭാഗത്ത് , ആളുകൾ വരുമ്പോൾ
വിറപ്പൂ പെൻസിലും ,ആരാണെന്നെ കൊണ്ടുപോയി ചെത്തി ചെത്തി ചെറുതാക്കുകയെന്നൊരാശങ്ക
വളരുന്നു മനസ്സിൽ,കത്തിയോ,
ബ്ലെയ്ഡോ, കട്ടറോ കാണുമ്പോൾ
ആലില പോലെ വിറച്ചാധി കൂടും.
ലോകത്തിലെല്ലാവരുംവളരുമ്പോൾ ഞാൻമാത്രമിങ്ങനെചെത്തി -
ചെറുതാവുന്നതിൻ പൊരുൾ തിരഞ്ഞാകുലതയോടെ
കുട്ടമ്മാൻ്റെ കടയിൽ ഒളിച്ചു
കഴിഞ്ഞതിൻ ചിത്രം കുഞ്ഞു
ഭാവനയിലുണർന്നിരുന്നതിപ്പോഴു-
മേറെ തെളിഞ്ഞു കിടപ്പൂ മനസ്സിൽ.
പെൻസിലിൻ ആത്മകഥയാണാദ്യം
എഴുതിയതെന്നോർക്കുമ്പോൾ ചുണ്ടി-
ലൂറി വരുന്നുണ്ടൊരു ചെറു ചിരിയും!
... ഇന്ദിരാബാലൻ ....
No comments:
Post a Comment