Monday, December 6, 2010

അഞ്ചു കവിതകൾ

വാക്കിന്റെ രസായനം



അക്ഷരത്തിന്റെ അക്ഷയഖനി
അഗ്നിസന്നിഭമാണ്‌
ഹേമന്താഭയേറുന്ന
ഹിമവൽ സന്ധ്യയാണ്‌
പ്രാലേയസ്മിതത്തിന്റെ
മാനസസരോവരവുമാണ്‌
കുങ്കുമരാഗമണിഞ്ഞു നിൽക്കുന്ന
സന്ധ്യാദേവിയുടെ തുടുത്ത
കവിളിണയിലെ പ്രണയവുമാണ്‌
കൽപ്പനകൾ......രൂപകങ്ങൾ
വിരിഞ്ഞു സൗരഭ്യസൂനങ്ങളുടെ
സുന്ദരാക്ഷരങ്ങൾ.
വിമലീകരണത്തിന്റെ
കൽപ്പദ്രുമങ്ങളായി
ജ്ഞാനപൂരിതമാകുന്ന
ഈ സൗഗന്ധികം
ഭാഷയുടെ ആരണ്യഗർഭത്തിലാണ്‌
ഉദയം കൊണ്ടത്‌
സൗന്ദര്യമായ്‌,ശക്തിയായ്‌,സത്യമായ്‌.
വാക്കിന്റെ രസനയായുയർന്ന്‌
ദ്യോവിൻ വീഥിയിലെ അനർഘപരിമളമായ്‌
വാക്കിന്റെ രസായനമായി........


തമസ്സേ വീണ്ടുമെത്തുന്നുവോ?



ഹേ, സൂര്യദേവാനമിക്കുന്നു
ആദിത്യമന്ത്രങ്ങളുരുക്കഴിച്ച്‌
തപ്‌ഃധ്യാനത്തിലെന്ന പോലെ എന്റെ മനസ്സ്‌
നിന്റെ മായാസ്വപ്നത്തിലാകൃഷ്ടമായിരിക്കുന്നു
ഉഷ്‌ഃകിരണങ്ങളുടെ സ്പർശനമേറ്റപ്പോൾ
ദിവ്യമായ ഒരനുഭൂതി എന്നിലുണർന്നു
നിന്നുജ്ജ്വലകാന്തിയിൽ
ഞാൻ വിസ്മിതയായി
ത്രപയുടെ ആവരണം എന്റെ മേൽ പതിച്ചിരിക്കുന്നു
ഒരു പ്രണയിനിയുടെ വികാരോജ്ജ്വലനിമിഷങ്ങളെന്നപോലെ..
ആ അരുണശോഭയിൽ
രാഗിണിയായ ഞാൻ ആഹ്‌ളാദാതിരേകത്താൽ
പുളകിതയായി
എന്നാലോ ദേവാ ഞാനറിയുന്നു
ക്ഷണികതയുടെ മിന്നലാട്ടം
എല്ലാം പൊലിയേണ്ടതാണെന്ന്‌
പടിഞ്ഞാറു പെറ്റുകിടക്കുന്ന
ചെങ്കലിനെ കണ്ടപ്പോൾ
ഹൃദയം വ്യാകുലമാകുന്നു
എന്റെ സ്വപ്നത്തെ അപഹരിച്ച്‌
നീയീ അരങ്ങോഴിയുകയാണല്ലേ?
അസ്തമനത്തെ അനുഗമിച്ചെത്തുന്ന
തമസ്സിന്റെ വേതാളരൂപികൾ
എന്നെ ഭയചകിതയാക്കുന്നു
നിരന്തരം വേട്ടയാടുന്ന
ദുഃഖമാം തമസ്സേ
നീ വീണ്ടും കരിമേഘങ്ങളെറിയുമോ?..........



പക്ഷി


എങ്ങു നിന്നോ വന്ന്‌
എവിടേക്കോ പറന്നടുക്കുന്ന പക്ഷീ
തള്ളക്കിളിയുടെ ചിറകുകൾക്കുള്ളിലെ
നനുത്ത ചൂടിൽ വിറച്ച ശരീരഭാഷയുമായി
കുഞ്ഞിച്ചിറകുകൾ വീശി
മരച്ചില്ലകളിൽ ചാഞ്ചാടി
കവിതയുടെ ശീലുണർത്തി നീ വളർന്നു
മെല്ലെ, മെല്ലെ വിഹായസ്സിന്റെ
വിവിധ കോണുകളിലേക്ക്‌
സ്വച്ഛന്ദം പറന്ന്‌, പറന്ന്‌
തഴക്കം പൂണ്ട ചിറകുമായി
ഇപ്പോൾ ഏതു ഭ്രമണപഥത്തിലും
അനായസേന പറക്കാറായ പക്ഷി
നിന്റെ ചിറകുകൾ മലയിടുക്കുകളിൽ
പെട്ട്‌ തകരാതിരിക്കട്ടെ


സൗഹൃദം


രാത്രിമഴയുടെ നനുത്ത സ്പർശനം പോലെ
ആമയദൂരീകരണത്തിനായി
എന്റെ ഗ്രീഷ്മസന്ധ്യയിൽപെയ്തിറങ്ങി
നോവുകളെ അലിയിപ്പിച്ച അക്ഷരമഴയെ.
നിന്നെ സ്നേഹിപ്പൂ ഞാൻ
കനക്കുന്ന ജീവിതത്തിന്റെ
കനൽപ്പാളികൾക്കു മീതെ നടന്നു നീങ്ങുമ്പോൾ
പുനർജ്ജനിയുടെ മന്ത്രമുരുവിട്ടു
ജന്മാന്തരബന്ധത്തിന്റെ ഇഴ ചേർത്തുപീടിച്ച സൗഹൃദമെ
എന്റെ കാവ്യനഭസ്സിൽ
അക്ഷരത്താരകൾ വിരിയിച്ച്‌
പുതുസുഗന്ധമായി നീ നിറയുന്നു
കണ്ടൂ ഞാനാ മിഴികളിൽ
ജ്വലിക്കുന്ന നഭശ്ചരഗോളം പോലെ
പ്രസരിക്കുന്ന പ്രഭാഭാസുരമുകുളങ്ങൾ
ഭാഷയുടെ സപ്തസാഗരങ്ങളും താണ്ടി വന്ന
സുകൃതമെ അറിയുന്നു ഞാൻ
കാവ്യലോകത്തിന്റെ നീതിസാരങ്ങൾ
മന്നിലെ വെറുമൊരു പുൽക്കൊടിയായൊരെന്നിൽ
അറിവിന്റെ തീർത്ഥം തളിച്ച
നവഭാവുകത്വമെ വിസ്മരിക്കാനാവില്ല
നിന്നെ ന്യൂനമെന്നറിഞ്ഞാലും..........


കൂനി


രാവേറെക്കഴിഞ്ഞു യാമങ്ങൾക്കൊഴിഞ്ഞു
വ്രണിതചിത്തയായ്‌ വിവശയായ്‌
വിനിദ്രയാ് മൃത്യുവെ കാത്തുകിടപ്പൂ
പരിചിതമോരുന്നുവോ നിനവുകളൂറുന്നുവോ
കൽപ്പാന്തക്കാലത്തിന്നിഴപ്പിരിഞ്ഞുവോ
കാമിനീമണിയെ കാട്ടിലെറിഞ്ഞൊരാ
ത്രേതായുഗത്തിൻ കാഹളം മുഴങ്ങി
പാപക്കറ പുരണ്ടു കർമ്മകാണ്ഡത്തിൽ
ബധിരത നടിച്ചു നിന്നുപോയ്‌ ലോകം
സത്യത്തിൻ മുഖമെത്രയ്യൊ ക്രൂരമായ്‌
പവിതരബന്ധത്തിൻ വേരു മുറിച്ചെന്നു
പൊരുളേതുമറിയാതെ ശാപാസ്ത്രമെയ്തു
പിടഞ്ഞു ഹൃദയം കടലെരിഞ്ഞു കണ്ണിൽ
ഒരു യുഗസത്യമുണർത്തിയൊരു സാധ്വിയെ
വിട്ടയക്കുക ലോകമേ ശാന്തമായ്‌



ഇഷ്ടം


എന്റെ പുലർക്കാലസന്ധ്യേ
നീയെന്താണെന്നോടു പറയുന്നത്‌?
ഊഷരതക്കു മേലെ വീണ
നനവിന്റെ തുള്ളികളായി
വീണ്ടും വേട്ടയാടപ്പെടുന്നുവോ?
എന്റെ ചിറകുകളുടെ ശക്തി
ക്ഷയിച്ചെന്നു കരുതുമ്പോഴും
മനസ്സേ, നീ സ്വർണ്ണരഥത്തിലേറി
ഇതെവിടേക്ക്‌
അഭിശപ്തയാണു ഞാൻ
പേടു വന്ന വൃക്ഷം പോലെ ജീർണ്ണിച്ചവൾ നിനക്കെന്നെയറിയില്ല
ഒരു മെഴുകുപ്രതിമയായി ഉരുകുന്നവൾ
വിഷദംശനത്തിന്റെ അടയാളങ്ങൾ
എന്നിലുണ്ടെന്നറിയുമ്പോൾ
നിന്റെ ഈയിഷ്ടം വിദൂരത്താകും.....................

No comments: