പ്രപഞ്ചത്തിന്‍ മടിത്തട്ടിലേക്ക്
കൂപ്പു കുത്തി നില്‍പ്പുയീകൂരകള്
മഴയേറ്റു മഞ്ഞേറ്റു വെയിലേറ്റു
വിവശമായുലഞ്ഞടിത്തറയിളകി
ജലരേഖകളാം കിനാക്കളുമായി
ജാലകപ്പഴുതുകളേതുമില്ലാതെ
സാരി കൊണ്ടൊരു മേല്‍ക്കൂര കെട്ടി
ജീവിത ചക്രവ്യൂഹത്തിലകപ്പെട്ടോര്‍
താങ്ങി നിര്‍ത്താനുത്തരങ്ങളില്ല കഴുക്കോലില്ലാ,
ചുമരുകളില്ലാ, മിന്നിത്തിളങ്ങും തറകളില്ലാ
പച്ചമണ്ണിന്‍ നെഞ്ചു മാത്രം കൂടെ
ഗോക്കള്‍,ശ്വാനന്‍മാര്‍, കുക്കുട-
ങ്ങളെന്നിങ്ങനെയെന്നു വേണ്ടാ
നിരന്നു നില്‍പ്പുയിവര്‍ക്കു ചുറ്റും
സ്നേഹമസൃണരായി മിണ്ടാപ്രാണികള്‍
നാടോടികളായി നാടു നീളേയലയുമ്പോഴും
കൂടെക്കൂട്ടുന്നിവരീ പ്രാണിവര്‍ഗ്ഗങ്ങളേയും
തീയെരിയുന്ന നെഞ്ചുമായി
തീയെരിയാത്തോരടുപ്പിന്നരികിലായി
നാളെയെന്നില്ലിവര്‍ക്കു മുന്നില്‍
വര്‍ത്തമാനത്തിന്‍ തുടിപ്പുകള്‍ മാത്രം
കിട്ടുന്നതുകൊണ്ടു തൃപ്തരായി
സംഘര്‍ഷമില്ലാതെ സ്വതന്ത്രരായി
പുറത്തെ ജീവിതം മധുരതരം
അകത്തേയോ നരക ഭീതിദം
പ്രകൃതി തന്‍ താളനിശ്വാസങ്ങള്‍
മാത്രമിവര്‍ക്കു ലഭിപ്പൂ കടലോളം
ഭൂഗോളത്തിന്‍ മറുവശത്തുയരുന്നനു-
നിമിഷം രമ്യമണിസൌധങ്ങളായിരങ്ങള്‍
പണപ്പെരുപ്പിന്‍ ഹുംങ്കാരങ്ങള്‍
മാത്രമവിടെ കൊഴുത്തു ചീര്‍ത്തു കിടപ്പൂ
കൊളസ്ട്റോള്‍ രക്തസമ്മര്‍ദ്ദങ്ങളതി-
സാരങ്ങള്‍ ദഹനക്കേടുകള്‍
പതറുന്നു ഓടുന്നു എറിയുന്നു
നോട്ടുകെട്ടുകളേറെയാശുപത്രികളില്‍ .....
എന്നാലും കൊടുപ്പില്ലൊരിറ്റു വെള്ളവും
പരദൂഷണം കൊണ്ടു നാക്കിനെയലങ്കരിപ്പോര്‍
അറിയുന്നീലയീ പുറമ്പോക്കിലുരുകും
പച്ചജീവിതത്തിന്‍ കയ്‌പ്പുകളെ
ദരിദ്രഗര്‍ത്തങ്ങളിലലയുമിവര്‍ക്കോ
ഉഴക്കരിക്കഞ്ഞിവെള്ളത്തിന്‍ ചിന്ത മാത്രം
സങ്കടപുഴകളില്‍ നീന്തുമ്പോഴും
താളലയമാക്കുന്നിവരരനിമിഷം ജീവിതത്തെ.... !
3 comments:
അറിയുന്നീലയീ പുറമ്പോക്കിലുരുകും
പച്ചജീവിതത്തിന്‍ കയ്‌പ്പുകളെ
.. ഇഷ്ടപ്പെട്ടു
നന്നായിട്ടുണ്ട്
'പ്രപഞ്ചത്തിന്‍ മടിത്തട്ടിലേക്ക്
കൂപ്പു കുത്തി നില്‍പ്പുയീകൂരകള്'
..സത്യം !!!
ഈ ഇടത്തില്‍ ആദ്യമായാണ്..ഇഷ്ടായി..
ആശംസകള്‍.
Post a Comment