Wednesday, October 27, 2021

പ്രവാസം

 പ്രവാസം .... ഇന്ദിരാ ബാലൻ


മുപ്പത്തിരണ്ടാണ്ടുകളെത്ര

വേഗം പറന്നീ പ്രവാസ മണ്ണിൽ

പെറ്റമ്മയും പോറ്റമ്മയും 

ഒന്നെന്നറിവൂ ജീവിത വേളയിൽ


അമ്മ തൻ ഗർഭപാത്രത്തിൻ

മറ്റൊരു പേരത്രെ പ്രവാസം

 മല്ലിഗെപ്പൂ ഗന്ധമൊഴുകും

കന്നഡ നാടിൻ ചാരുതയും


വാക്കുകൾ കടഞ്ഞെടുക്കേണം

ഈ നാടിൻ പാട്ടെഴുതുവാൻ

കർണ്ണാടക തൻ കുതിപ്പായൊ -

ഴുകന്നിവിടെ കാവേരി

അവൾ തൻ കിതപ്പുകളത്രെ

കന്നഡമണ്ണിൻ ഖനികളും


പൂത്തുനിൽപ്പൂ കണിക്കൊന്ന -

പോലിവിടേയും പീതപുഷ്പങ്ങൾ

പട്ടു വിരിച്ചു നിൽപ്പൂ

ഗുൽമോഹറുകളും

പെരുമ തൻ വർണ്ണസങ്കലന -

ങ്ങളിങ്ങനെ പൂവിട്ടു നിൽപ്പൂ


കാവ്യത്തിൻ കനക മഴ

പെയ്യിച്ച കനകദാസരും

പുരന്ദരവിOല മുദ്ര 

ചാർത്തിയ പുരന്ദരദാസരും


സമത്വത്തിൻ വിത്തു

പാകി കനലുകളാറ്റിയ

ബസവണ്ണയും

ദേശസ്നേഹം 

സിരകളെയൂട്ടിയ

കൂവെമ്പു, പൊന്ന, പമ്പ

മഹാനുഭാവർ തൻ

കാലടികൾ പതിഞ്ഞ

പുണ്യഭൂവിത്....


പൂക്കളെ സ്നേഹിച്ചു

വർണ്ണങ്ങളെ തേടി നടന്ന

യെല്ലമ്മയെന്ന രേണുകാംബ

വാണൊരീ മണ്ണ്


കൽപ്പാന്തങ്ങളേറെ

കഴിഞ്ഞെന്നാകിലും

ചിരസ്ഥായികളായി

മോഹനരാഗ നൃത്ത

സംഗീത ശിൽപ്പങ്ങളും


ആത്മഹർഷങ്ങളായി

തുംഗ, കാവേരി, കൃഷ്ണ

ബ്രഹ്മപുത്രാ നദീ സഞ്ചയങ്ങളും


യക്ഷഗാനം, കരഗാട്ടെ, 

ജാത്രെ  എന്നു വേണ്ട 

നാടോടി പെരുമ 

തന്നുൽസവങ്ങളും

വിളമ്പുന്നു പലമ തൻ

പെരുമകളും


ആശാനാശയ ഗംഭീരമായ്

പാടിയ ഗെരൊസൊപ്പാ

നിർഝരികളുമീ നാടിൻ

കഥകൾ തോറ്റിയുണർത്തുന്നു


കന്നഡ തൻ സഖിയാം

കേരള മണ്ണിൽ നിന്നു

മെത്തിയൊരീയാർദ്രമാം

മനസ്സും വണങ്ങുന്നു

മഹിമയേറും കർണ്ണാടകയാം

 പോറ്റമ്മയെ എന്നുമെന്നും!

No comments: