മുത്തശ്ശി തൻ പായാരം പോലെ
മുറ്റത്തു വന്നു പുലമ്പുന്നീ മഴ
കുട്ടികൾ കലപില കൂട്ടുമ്പോലെ
കുത്തിമറിഞ്ഞു കലഹിക്കുന്നീ മഴ
സ്വരങ്ങൾ നൃത്തം വെക്കും
മധ്യമ പഞ്ചമമാവുന്നുണ്ടീ മഴ
ഇടന്തലയും വലന്തലയും മുറുക്കി
ചെമ്പട താളത്തിൽ മുറുകുന്നുണ്ടീ മഴ
മൗനനൂലിലണിയായ് കിടപ്പുണ്ട്
പറയാതെ പോയ വാക്കുകളിങ്ങനെ
കാറ്റിൻ ദലമർമ്മരങ്ങളിലിറ്റു വീഴുന്നു
ജീവിതത്തിൻ കടൽച്ചൊരുക്കുകളും
തീർക്കുന്നുണ്ടവ വല്ലാത്തൊരാധിയും
ദിനരാത്രങ്ങളിൽ വെളുപ്പും കറുപ്പുമായി
ചിത്രങ്ങൾ വരച്ചും മായ്ച്ചും
ചേർത്തു പിടിയ്ക്കുന്നു ജീവിതമഴയിങ്ങനെ!
.... ഇന്ദിരാ ബാലൻ ......
No comments:
Post a Comment