ഇറങ്ങിപ്പോയവൾ .......ഇന്ദിരാ ബാലൻ
കുറച്ചു ദിവസമായി അവൾ അമ്മയും
അമ്മമ്മയും മാത്രമാണ്
ജീവിതത്തിന്റെ
ഹംസതാളങ്ങളിൽ നിന്നും
അശ്വവേഗങ്ങളിലേക്ക്
കുതിക്കുമ്പോൾ
എപ്പോഴോ
അവളപ്രത്യക്ഷയായിരുന്നു
പഴയ വോയൽ സാരി ചുറ്റി
പേന പൂട്ടി
എവിടേക്കാണ് അവൾ
പടിയിറങ്ങിയത്?
ജീവിതത്തിന്റെ
ഗതിവിഗതികൾക്കിടയിൽ
രാപ്പകലുകൾ കൊഴിഞ്ഞപ്പോൾ
അവളെ തീർത്തും
മറന്നത് പോലെയായി
എന്നാൽ കുറച്ചു നാളുകൾക്ക്
ശേഷം സ്വയം
ഊർന്നു പോയത് പോലെ
ഒരു ശൂന്യത
എല്ലായിടവും പരതി നോക്കി
സ്വസ്ഥത അസ്വസ്ഥതയായി
പിന്നറിഞ്ഞു അവൾ
തന്നിൽ തന്നെയുണ്ട്
തനിക്കവളില്ലാതേയോ
അവൾക്ക് താനില്ലാതേയോ
കഴിയാനാകുമോ
ഏകാന്തതയിൽ മനസ്സിന്റെ
പതിപ്പുകളിൽ
അക്ഷരമണികളിൽ
ആശ്വാസത്തിന്റെ
നീർമണിപ്പൂക്കൾ
ഉതിർത്തവൾ
അവൾ പോകുമ്പോൾ
അരുതെന്ന് പോലും
വിലക്കിയില്ല
പിന്നീടറിഞ്ഞു
അവളെവിടേയും പോയിട്ടില്ല
തന്നിലേക്ക് ലയിച്ചു ചേർന്ന
നിഴലല്ലേ അവൾ
അക്ഷരപ്പൊയ്ക തീർത്ത്
കവിതകളുടെ
വെള്ളാമ്പലുകളായി
വിരിഞ്ഞു നിന്നവൾ.....!
അവളിറങ്ങിപ്പോയാൽ
പിന്നെ താനുണ്ടോ?
അപ്പോഴും അവളെന്നെ
നോക്കി സാകൂതം പുഞ്ചിരിച്ചു...!
No comments:
Post a Comment