മണ്ണും പെണ്ണും - ഇന്ദിരാ ബാലൻ
മണ്ണും പെണ്ണുമെന്ന
പഴമൊഴി താളിയോലകളിൽ
കുറിച്ചു വെച്ചത്
മണ്ണിലലിഞ്ഞു
ചേരുന്നവർ മനുഷ്യരെങ്കിലും
ഒരു പണത്തൂക്കം
കൂടുതൽ ചേർത്തുവെപ്പൂ
പെണ്ണിനെ മണ്ണിനൊപ്പം
പ്രകൃതിയെന്നാൽ
സ്ത്രീ തന്നെയെന്നർത്ഥം
ആണധികാരത്തിൻ
ലിപികളിൽ ചരിത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്
പെണ്ണിനായ് മാത്രം
ചില നിയമസംഹിതകൾ
ചെത്തിയും മിനുക്കിയും
ഉദാത്തവൽക്കരിച്ചും
ഉപയോഗിച്ചും വലിച്ചെറിഞ്ഞും
പരുവപ്പെടുത്തിയവൾ
പെണ്ണ്;
തെറ്റുതിരുത്തിയാൽ
ചോദ്യങ്ങളുന്നയിച്ചാൽ
ഉറക്കെ ശബ്ദിച്ചാലവളെ
അഹങ്കാരിയെന്ന് മുദ്രകുത്തും...
വിധേയയായി സർവ്വം
ക്ഷമിച്ചു സഹിച്ചു
നിന്നാലവൾ
തറവാടി, കുലസ്ത്രീ ...!
പെണ്ണിനെമണ്ണിനോടു -
പമിപ്പതാരെന്ന
ചോദ്യവുമുദിപ്പുണ്ടിവിടെ
മണ്ണിന്നുണ്ടു പോൽ
സുഗന്ധത്തിന്നറകൾ
ചായങ്ങൾ വീഴും
ക്യാൻവാസുകൾ
രുചിഭേദങ്ങൾ
പെണ്ണിനുമതുപോലെത്രയോ
ഉപമകൾ ധ്വനികൾ
രൂപകങ്ങൾ
അടിച്ചൊതുക്കി
ഒരുക്കി വെക്കുന്ന
മണ്ണിൽ കൃഷീവലൻ
ഉഴുതുമറിച്ചു
വിളയിച്ചെടുപ്പൂ
പൊൻ ധാന്യങ്ങൾ
പെണ്ണിലുമതുപോലത്രെ
തലമുറകൾ ജനിക്കുന്നു
കൊതിച്ച പെണ്ണും മണ്ണും
വിധിച്ചെങ്കിലേ കൈവരൂയെന്ന
വിശ്വാസവും അടയിരിപ്പുണ്ടിവിടെ
പഴമയിലും ഉറുമി വീശിയ
പെൺ ചരിത്രത്തിൻ
സുവർണ്ണ ലിഖിതങ്ങളേറെ
അനീതി തൻ കരം ചോദിച്ചവർക്ക്
മുല ഛേദിച്ചു കൊടുത്ത വളുണ്ടിവിടെ
ചതിക്കുത്തരമായ്
മുലപറിച്ചു പുരം
ദഹിപ്പിച്ചവളുമുണ്ട്
പെണ്ണെന്നാൽ സഹനത്തിൻ
പ്രതീകം മാത്രമല്ല
മണ്ണെന്നാൽ ആർദ്രമാം
ഇടങ്ങൾ മാത്രമല്ല
മണ്ണും പെണ്ണും ശക്തി
തന്നുറവിടങ്ങൾ
വസുന്ധരയായി കത്തിജ്വലിക്കുന്നവർ,
അവഗണനയെ
തിരസ്ക്കാരത്തെ
മഹാദു:ഖത്തെ, സാഭിമാനത്തോടെ
നെഞ്ചിലേക്കേറ്റെടുത്തവളീ
ധരിത്രി ...
സർവ്വമാനവ ഗുണങ്ങളും
ചേരുന്ന
ശക്തിസ്വരൂപണികളിവർ...!
No comments:
Post a Comment