Thursday, November 25, 2010

അഗ്നി

ആളിപ്പടരുന്നിതിന്ദ്രിയങ്ങളിൽ
പ്രതികാരവഹ്നി തൻ ജ്വാലകൾ
അക്ഷൗഹിണി തൻ കാഹളം മുഴക്കി
ഉഗ്രധ്വംസനത്തിൻ രണഭൂമിയുണരുന്നു




ഫണമുയർത്തുന്നു അന്തരാത്മാവിൽ
ഉറയൂരിയ സർപ്പകോപങ്ങൾ
അപമാനവീഥിയിലൂടെ വ്രണിതമാക്കിയ
സാഭിമാനങ്ങൾ.

നിരാശ്രയയായോരുകൺകോണുയരവെ
ദയാവായ്പ്പിൻ കിരണത്തിനായ്‌
കേൾപ്പീലൊരു ധർമ്മ ധൈര്യ വീര്യത്തിൻ
ചാണൂരപടഹധ്വനികളും



ഘനീഭവിക്കും നീഹാരശൈലങ്ങളെപ്പോൽ
നിർവ്വ്വീര്യരായി നിൽപ്പിതാരോ
ആനതശിരസ്ക്കരായ്‌
ആസുരരാടുന്നൊരീ ശ്മശാനഭൂവിൽ



പ്രാർത്ഥനായാമത്തിന്നൊടുവിലൊരു
അദൃശ്യപത്മകരസ്ഫുരണത്താൽ
തിരിയുന്നു ലോകം മറയുന്നു
മൂകാന്ധകാരകെടുതികൾ

അഴിയുന്നു മിഴികൾ
അനർഗ്ഗളപ്രവാഹമായ്‌
ഇന്ദ്രിയബോധത്തിന്നപ്പുറത്തു
ഉലയിലൂതുന്നു കനൽക്കട്ടകൾ


വന്യമായീ ഹൃദന്തവും
കടുന്തുടികൊട്ടീ വൈരാഗ്യവും
എരിയും പാവകജ്വാലയിൽ
ചെയ്തു ഘോരശപഥവും

ഇന്ദ്രനീലാഭ ചാർത്തിയ
ജീവിതവസന്തർത്തുവിൻ
ശ്രുതികൾ മുറിഞ്ഞു
ആഞ്ഞുവീശി മണൽക്കാറ്റുകൾ

പ്രണയത്തിൻ മാനസസരസ്സിലെ
നീലാംബരിയായ സവ്യസാചി തൻ
മന്ത്രമുരുവിട്ട ഹൃത്തടത്തിലാളി-
ക്കത്തുന്നു പടുതിരികളിങ്ങനെ

പകുത്തു ജീവിതവും
വെറുമൊരു വാക്കിൻ പേരിൽ
ശൂന്യമനസ്ക്കയായി താണ്ടി-
കനൽപ്പുഴകളേറെ....

വേട്ടയാടുന്നൊരാ നരാധമന്റെ
മാറിടം പിളർന്ന
ചുടുരുധിരവുമായി വരിക
വൃകോദരാ പുരട്ടുക വേഗം
തവ സഖി തൻ കബരീഭരത്തിൽ........................

1 comment:

ജയിംസ് സണ്ണി പാറ്റൂർ said...

വാക്കുകളും വരികളും അഗ്നി നാളങ്ങളാകുന്നു
ശ്രേഷ്ഠമീ കവിതയോ അനര്‍ഗ്ഗളമൊഴുകുന്നു