Wednesday, November 17, 2010

വിഷാദസന്ധ്യകൾ

നിശ്ശബ്ദവേദനയാൽ നിമീലിത
നേത്രനായ്‌ കിടപ്പൂ മഹാശയൻ
നിസ്സഹായത തൻ തടവറയിൽ
ഏകാന്തനായാതുരൻ ഓർമ്മകളിൽ
തപിച്ചന്തഃരംഗത്തിന്നാളൊഴിഞരങ്ങിൽ
കൊഴിഞ്ഞ കാലത്തിലെ
കൊഴുത്ത രംഗങ്ങൾക്ക്‌
പുനർജ്ജന്മം തേടുകയാവാം


ചുവരിൽ കോണിൽ ചിലന്തിവലയിൽ
കുടുങ്ങിയ ചിത്രശലഭം
ചിറകിട്ടടിക്കുന്നു.....
നെടുനാളായി കോപ്പുകളുറങ്ങുന്ന
കളിപ്പെട്ടിയുടെ മൂലകളിലരിക്കുന്ന
പ്രാണികളെ വിഴുങ്ങുവാൻ നാവിട്ടിളക്കി
തക്കം പാർത്തിരിക്കുന്നോരു
വയസ്സൻ പല്ലി!



തിരശ്ശീല നീങ്ങിയ കാലത്തിൻ
കളിയരങ്ങിൽ
സൂര്യതേജസ്സിയന്ന വണ്ണം
സത്വരജസ്തമോഭാവ പൂരിതമാം
സമ്മോഹനത തൻ തിലകം ചാർത്തി
വർണ്ണരാജിയാർന്നോരു മൂർത്ത ബിംബങ്ങളായി.............................

സൗവർണ്ണവിളക്കിൻ ദീപ്തശോഭയിൽ
അതീതകാലത്തിൻ യുഗപ്രഭാവന്മാരാം
കഥാപുരുഷന്മാർ, കഥാനായകന്മാർ
സ്വകായത്തിൽ പരകായങ്ങളായി
വളർന്നിദ്രധനുസ്സൊളി ചിതറു-
മുടലുമായ്‌ ഉയിർക്കൊണ്ടു


കർമ്മഭൂമിയിൽ ധർമ്മപരിപാലനം
സ്വധർമ്മമാക്കിയ അവതാരമായ്‌
വൃ‍ീളാവിവശയാം മാനിനിയുടെ
നീലോൽപ്പല നേത്രങ്ങളിലെ സ്വപ്നമായ്‌
മനസ്സിലെ നിനവായ്‌,കനവായ്‌
നിറഞ്ഞുനിൽക്കും മനോരമണനായ്‌

ദുർവ്വ്വിധിയുടെ ശാപഗ്രസ്തത്തയിൽ
രാജ്യധർമ്മദാരപരിത്യക്തനായ്‌
ശപ്തമാം നിമിഷത്തിലുയർന്ന
നാഗഫണദംശനത്താൽ വിരൂപഗാത്രനായ്‌
വിധിവൈപരീത്യത്തിൻ സൂതനായ്‌
അശ്വഹൃദയജ്ഞനായ്‌


സ്വപുത്രനെ വധിക്കുവാൻ
നിയുക്തനാം ഭക്തനായ്‌
ക്ഷാത്രതേജസ്സിൻ വെണ്മഴുവേന്തിയ
രൗദ്രമൂർത്തിയായ്‌............
മൃത്യുവിൻ കരാള വക്ത്രത്തിലകപ്പെട്ട
സ്വപുത്രയോർത്തു ഹതാശനായ്‌
ദുഃഖത്തിൻ ഘനശ്യാമബിംബമായ്‌

ലങ്കാപുരി തന്നശൊകവനികയിൽ
ശിംശിപാവൃക്ഷത്തണലിലമരും
ദുഃഖത്തിന്നൊരു സ്നേഹസ്വാന്തനസന്ദേശമായ്‌
ദ്രാവിഡപുത്രി തൻ ലാസ്യമായ്‌

അനന്തമായോരാത്മാംശങ്ങളെത്രയെത്ര
നോവുന്ന നിനവുകളിൽ തപ്ത നിശ്വാസങ്ങൾ
നിപതിക്കവെ.............
ധനാശിച്ചുവടു ചവിട്ടിത്തളർന്നുപോയ
ജീവന്റെ നൈമിഷികതയെക്കുറിച്ചോർത്തുപോയോ?
വിധിയുടെ കളിപ്പാവയാം
ജീവിതത്തിന്റെ കേവലതയെ
കുറിച്ചോർത്തുപോയോ?
വ്രണിതമായ്‌ കിടക്കുമാ വപുസ്സും മനസ്സും
സ്മരണയിലൊരു നിലവിളക്കിൻ
തിരിയായവശേഷിക്കവെ
യുഗങ്ങളും മന്വന്തരങ്ങളുമേറെ-
ക്കഴിഞ്ഞെന്നാലും ഒരു വിഷാദസന്ധ്യയായി
മങ്ങാതെ മറയാതെ നിൽപ്പൂ!..........

No comments: