Friday, June 4, 2021

 മനസ്സിൻ്റെ ദ്വന്ദ്വ സഞ്ചാരങ്ങളിലൂടെ - ഇന്ദിരാ ബാലൻ (കഥ- ബൈപോളാർ -കെ.പി.സുധീര)

ഉന്മാദവും വിഷാദവും മാറി മാറി വരുന്ന ഒരവസ്ഥയാണല്ലൊ ബൈപോളാർ . അത്തരം മാനസികാവസ്ഥയുള്ള ജാഗ്രതിയുടേയും പങ്കാളിയായ ജഗദീഷിൻ്റേയും ജീവിതമുഹൂർത്തങ്ങളാണ് ശ്രീമതി കെ.പി.സുധീരയുടെ "ബൈപോളാർ " എന്ന കഥ.
ഒരു കഥ എഴുതുമ്പോൾ അതിൻ്റെ ദൗത്യം സമൂഹത്തിലെ പല തലങ്ങളിലെ പ്രശ്നങളിലേക്കും വിരൽ ചൂണ്ടുക എന്നതാണ്. . ജീവിതത്തിൻ്റെ എത്രയെത്ര വിചാര വികാരബൗദ്ധികതലങ്ങളിലൂടെ പ്രസക്തമായ വിഷയങ്ങളാണ് നല്ലയെഴുത്തുകാരുടെ തൂലികയിലൂടെ ജനിച്ചു വീഴുന്നത്. ബൈപോളാർ എന്ന മാനസികാവസ്ഥയുടെ അപഗ്രഥനാത്മകമായ തലങ്ങൾ ജീവിതത്തിൻ്റെ സംഘർഷങ്ങളിലൂടേയും സൗന്ദര്യങ്ങളിലൂടെയുമൊക്കെ എഴുത്തുകാരി മനോഹരമായി ഈ കഥയിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. മനസ്സിൻ്റെ പരകായപ്രവേശങ്ങൾ. ബൈപോളാർ എന്ന പ്രമേയത്തിലൂടെ സ്ത്രീയുടെ അരക്ഷിതാവസ്ഥ, ബാലപീഡനം, പിതാവിനാൽ പിച്ചിച്ചീന്തപ്പെടുന്ന മകളുടെ അവസ്ഥ തുടങ്ങിയ വിഷയങ്ങളും കഥയിൽ സാന്ദർഭികമായി വരുന്നു . സാമൂഹിക പ്രസക്തമാർന്ന വിഷയത്തിലൂടെ ഈ കഥക്ക് വ്യത്യസ്തമാനങ്ങൾ നൽകാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്.
ബൈപോളാറുള്ള ഒരു വ്യക്തിയിൽ പ്രത്യക്ഷമായി പ്രശ്നങ്ങളുള്ളതായി കാണില്ല. ദ്വന്ദ്വ ഭാവങ്ങളിലൂടെ അവരനുഭവിക്കുന്ന ആത്മ സംഘർഷങ്ങളും ആത്മഹർഷങ്ങളും ഒരുപോലെ അനുഭവവേദ്യമാകുന്നു ജാഗ്രതി എന്ന പെൺസത്തയിലൂടെ. ഇന്ന് ആഹ്ളാദമെങ്കിൽ നാളെ വിഷാദമായിരിക്കും .കുംഭമാസ നിലാവ് പോലെ അതെപ്പോൾ തെളിയും മറയും എന്ന് പറയാനാവില്ല. സന്തോഷത്തിൻ്റെ മലമുകളിലേക്കും സങ്കടത്തിൻ്റെ ആഴക്കടലിലേക്കും അത്തരം മനസ്സുകൾ തന്നെ തന്നെ മറന്ന് പ്രയാണം തുടരുന്നു. പലപ്പോഴും ഒരനിശ്ചിതത്വത്തിൻ്റെ വക്കിലൂടെയായിരിക്കും അവരുടെ സഞ്ചാരം. കുട്ടിക്കാലത്തനുഭവിച്ച അപ്രതീക്ഷിത സംഭവങ്ങളും ചിലപ്പോൾ ഈ അവസ്ഥക്ക് കാരണമായിത്തീരാം. കഥയിൽ ജഗദീഷ് എന്ന കഥാപാത്രത്തിൻ്റെ ചിന്തയിലൂടെയാണ് കഥാകൃത്ത് ജാഗ്രതിയെ വരച്ചിട്ടിരിക്കുന്നത്.
ബാങ്കുദ്യോഗസ്ഥനായ ജഗദീഷ് കണക്കിൻ്റെ ലോകത്ത് നിന്നുമിറങ്ങി വീട്ടിലെത്തുന്നു. മാനേജേഴ്‌സ് മീറ്റിംഗിൻ്റെ കെട്ടുകളിൽ നിന്നെല്ലാമൊഴിഞ്ഞു കുറച്ചു നേരം കണ്ണടച്ചു കിടക്കുന്ന ജഗദീഷിനെയാണ് വായനക്കാരൻ ആദ്യം കാണുന്നത്. കിടപ്പിൻ്റെ അലസതയിൽ നിന്നുമുണർന്ന് ദേഹത്തെ അഴുക്കുകളെല്ലാം മാറ്റുന്ന നല്ലൊരു കുളി കഴിഞ്ഞപ്പോഴേക്കും മനസ്സിൻ്റെ ഭാരവും കുറഞ്ഞു. അപ്പോഴേക്കും ജാഗ്രതി കയ്യിൽ രണ്ടു പൊതികളുമായെത്തുന്നു. അവർക്ക് കഴിക്കാനുള്ള ഭക്ഷണം. പത്ത് മണിക്കൂർ ജോലി ചെയ്തിട്ടും കിലോമീറ്ററോളം ഡ്രൈവ് ചെയ്തിട്ടും ജാഗ്രതിയുടെ മുഖത്ത് ക്ഷീണമൊട്ടുമില്ലെന്ന് കാണുമ്പോൾ ജഗദീഷിന് തന്നെ അൽഭുതം തോന്നുന്നു. ജാഗ്രതി അങ്ങിനെയാണ്. ഏത് നിമിഷത്തിൽ ഏത് മാനസിക ഘടനയിലേക്കെത്തുമെന്ന് പറയാനാവില്ല. ബൈപോളാറെന്ന അവസ്ഥക്ക് അടിമയാണ് ജാഗ്രതി .
എന്നിരുന്നാലും അവരുടെ ജീവിതത്തിനിടയിലൂടെ കടന്നു പോകുന്ന മധുരതര പ്രണയ നിമിഷങ്ങളും കഥയിലുണ്ട്. ഒപ്പം രണ്ടു പേരും അവരവരുടെ ജോലി സ്ഥലത്തുണ്ടായ കാര്യങ്ങളും പരസ്പരം പങ്കുവെക്കുന്നതുമൊക്കെ വായിക്കുമ്പോൾ ബൈപോളാർ രോഗിയാണ് ജാഗ്രതി എന്ന് തോന്നില്ല .
ജ്വലിക്കുന്ന സൗന്ദര്യത്തിന്നുടമയാണ് ജാഗ്രതി. അത് കൊണ്ട് തന്നെ ആരാധകരും പ്രണയങ്ങളും ധാരാളം. അവളെ വിവാഹാലോചനക്ക് ചെന്നപ്പോൾ തന്നെ ഡോക്ടർ കൂടിയായ അവളടെ അമ്മ ജഗദീഷിനെ വിലക്കിയതാണ്. എന്നാൽ ആത്മാർത്ഥമായ ഇഷ്ടങ്ങൾ കുറവുകളേയും സ്നേഹിക്കുന്നതും ഉൾക്കൊള്ളുന്നതുമാവണമെന്ന ജഗദീഷിൻ്റെ ഉറച്ച നിലപാടിൽ ആ വിവാഹം നടന്നു. കുറവുകളേയും ഇഷ്ടത്തിൻ്റെ അതേ അനുപാതത്തിൽ ഏറ്റെടുക്കാൻ കഴിയുകയെന്നത് മാനവികതയാണ്. വിവാഹശേഷവും അവൾക്ക് പല പ്രണയങ്ങളുണ്ടാവുന്നു. അതിനേയും ഭർത്താവ് സമരസഭാവത്തോടെ കാണുന്നു എന്ന് പറയുമ്പോൾ ജഗദീഷിൻ്റെ വിശാലമായ മനസ്സിനേയാണ് വരച്ചിടുന്നത്. അറിവിന് വേണ്ടിയുള്ള അവളുടെ ആത്മദാഹം വലിയ വായനയിലേക്ക് നയിച്ചു. ജാഗ്രതിയുടെ സർഗ്ഗാത്മകതയും ഒരു പരിധി വരെ ഈമാനസികാവസ്ഥക്ക് ആക്കം കൂട്ടി. ഇടക്കൊക്കെ അവളുടെ കണ്ണുകളിലെ ജ്വലിക്കുന്ന തിളക്കം ജഗദീഷ് കണ്ടു. അതിനെ മനസിലാക്കി പെരുമാറുന്ന ജഗദീഷ് മനുഷ്യത്വത്തിൻ്റെ പ്രതീകമാണ്. ന്യൂനതകളേയും വൈചിത്ര്യമായ പൊരുത്തക്കേടുകളേയും സ്നേഹിക്കാനും മനസിലാക്കാനും സാധാരണക്കാർക്ക് കഴിഞ്ഞെന്ന് വരില്ല. അതിൽ നിന്നും വ്യത്യസ്ഥനാണ് കഥയിലെ നായകനായ ജഗദീഷ് . സ്വന്തം പിതാവിനാൽ പിച്ചിച്ചീന്തപ്പെട്ട ഒരു ബാല്യം ജാഗ്രതിക്കുണ്ട്. അതിനാൽ തന്നെ അവൾ സ്നേഹം അർഹിക്കുന്നുണ്ടെന്ന ബോധം ജഗദീഷിലുണ്ട്. വർത്തമാനകാലത്തെയലട്ടുന്ന വളരെ പ്രസക്തമായ ഒരു വിഷയത്തെയാണ് കെ.പി.സുധീര ഈ കഥയിലൂടെ പ്രതിപാദിച്ചിരിക്കുന്നത്.
ലോകത്തിൻ്റെ വിവിധ കോണുകളിൽ ഇത്തരം മാനസികാസ്ഥിരതയുള്ളവർ ധാരാളമുണ്ട്. ശരാശരി എല്ലാ മനുഷ്യരിലും ഒരംശം ബൈപോളാർ അവസ്ഥയുണ്ട്. പ്രതിഭാശാലികളിലാണ് ഇതിൻ്റെ തോത് കൂടുതൽ . ബൈപോളാറുള്ളവരിൽ ചിലരൊക്കെ സാഹസിക പ്രവൃത്തികൾ ചെയ്യുന്നവരും ഉണ്ട്. നീന്താനറിയാത്തവർ നീന്തുകയും മരത്തിൽ കയറാനറിയാത്തവർ മരം കയറുകയുമൊക്കെ ചെയ്യുന്നതായി കേട്ടിട്ടുണ്ട്. പല വ്യക്തികളിലും പലവിധത്തിലായിരിക്കുമെന്ന് മാത്രം. ഉന്മാദത്തിൻ്റെ മറ്റൊരവസ്ഥ. ചിലപ്പോൾ അമിതാനന്ദവും മറ്റു ചിലപ്പോൾ അമിതവൈകാരികവും വേറെ സമയത്ത് വിഷാദവും ഇത്തരക്കാരിൽ കയറിപ്പറ്റുന്നു. ആ സമയത്ത് ചെയ്യുന്നതും പറയുന്നതുമൊക്കെ അതിഭാവുകത്വം കലരുമെങ്കിലും അവർ സ്വയമേവ അതറിയുന്നില്ല. ആത്മഹത്യാ പ്രവണതയും ഇതിൻ്റെ ഫലമായി ഉണ്ടാവുന്നു .ഈ അവസ്ഥ മനസിലാക്കാതെ പോവുന്നിടത്ത് പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നു. എന്നാൽ കഥയിലെ നായകനായ ജഗദീഷ് ബൈപോളാറെന്ന രോഗത്തെ മനസ്സിലാക്കിയത് കൊണ്ട് അവരുടെ ജീവിതം പലപ്പോഴും പ്രശ്നങ്ങൾക്കപ്പുറം സ്നേഹത്തിൻ്റെ ഈടുവെയ്പുകൾ നിറഞ്ഞതാകുന്നു എന്നതാണ് കഥയിലെ രസതന്ത്രം. പരസ്പരം മനസ്സിലാക്കിയുള്ള പ്രണയം ഊർജ്ജദായിനിയാണ് എന്ന് കഥ വ്യംഗ്യമായി പറയുന്നു.
മാനിക് ഡിപ്രഷൻ എന്നു പറയുന്ന ബൈപോളാർ ഡിസോർഡർ ബാധിച്ചവർ ഉന്മാദം നിറഞ്ഞ മാനസികാവസ്ഥകളിലായിരിക്കും . ഇവിടെ ജാഗ്രതിക്കതുണ്ടെങ്കിലും അവളുടെ ജോലിയും തിരക്കും കുറച്ചൊക്കെ അതിനെ നിയന്ത്രിക്കുന്നുണ്ട്. എന്നിരുന്നാലും അവളുടെ ഇഷ്ടങ്ങൾ നടക്കാതിരുന്നാൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ കഠിനമായ വിഷാദവസ്ഥയിലേക്ക് വീഴുകയും ചികിത്സക്ക് വിധേയയാവുകയും ചെയ്യുന്നു. മനസ്സിലാക്കുന്ന ഒരാൾ കൂടെയുള്ളതാണ് അവൾക്കുള്ള മറുമരുന്ന്.
ചില ആൻ്റി ഡിപ്രഷൻ മരുന്നുകൾ കൗൺസിലിംഗ് ജീവിത ശൈലിയിലെ നല്ല മാറ്റങ്ങളൊക്കെ പ്രതിവിധികളാക്കി ഈ രോഗലക്ഷണങ്ങളെ കുറയ്ക്കാനാവുമെന്ന് ആരോഗ്യരംഗം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ബൈപോളാർ അവസ്ഥകളെ മനസ്സിലാക്കാതെ എത്രയെത്ര ജീവിതങ്ങൾ ദഹിച്ചു പോകുന്നു. സ്നേഹവും പരിഗണനയുമാണ് ഏത് രോഗത്തിനും പ്രാഥമികമായ ഔഷധം. അതിന്നൊപ്പം മരുന്ന് കൂടിയാകുമ്പോൾ ചികിത്സ ഫലപ്രാപ്തിയിലെത്തുന്നു. ആ ഒരു തിയറിയാണ് ജഗദീഷിൻ്റെ ജാഗ്രതിയോടുള്ള ജീവിതസമീപനം. അതെഴുത്തുകാരിയുടെ കാഴ്ചപ്പാട് തന്നെയാവാം . മന:ശാസ്ത്രപരമായ സമീപനം കഥയുടെ അന്തർധാരയായി വർത്തിക്കുന്നു. സമൂഹത്തിൽ ഈയവസ്ഥക്കിരയായവർക്കോ അവർക്കൊപ്പമുള്ളവർക്കോ ഉള്ള ഒരു ബോധവൽക്കരണം കൂടിയാണ് ഈ കഥ . സാഹിത്യത്തിൻ്റെ ധർമ്മവും അത് തന്നെയാണല്ലൊ - കഥാർസിസ്. മാനസികമായ പല അവസ്ഥകളും രോഗങ്ങളും ന്യൂനതകളുമൊക്കെ മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിച്ചാൽ ,സഹകരിച്ചാൽ ആരോഗ്യപരമായ ഒരു സമൂഹത്തെ വാർത്തെടുക്കാം എന്നൊരു ചിന്തയുടെ ഉയർന്ന തലങ്ങളിലേക്കെത്താൻ കെ.പി. സുധീരയുടെ "ബൈപോളാർ '' എന്ന കഥക്ക് കഴിയുന്നുണ്ട്. എഴുത്തിൻ്റെ തഴക്കമുള്ള ഈ കഥാകാരി സമൂഹത്തിന് നൽകുന്ന ഉത്തമ സന്ദേശം കൂടിയാകുന്നു ഈ കഥാതന്തു.

No comments: