രചനയിലെ ആത്മീയത.... ഇന്ദിരാ ബാലൻ
സർഗ്ഗാത്മക രചന എന്ന സംജ്ഞയെ സംക്ഷേപിക്കാനാവശ്യപ്പെട്ടാൽ അബോധപരമായ സമീപനം എന്നാണ് എൻ്റെ രചനാനുഭവ പശ്ചാത്തലത്തിന് മറുപടി. ഒരു കവിത ജനിക്കുന്നത് ഒരിക്കലും ആസൂത്രിതമായിട്ടല്ല. രാത്രിയാമങ്ങളിലെപ്പോഴൊ അബോധ മനസ്സിൽ തെളിയുന്ന വാങ്ങ്മയങ്ങളാണ് എനിക്ക് കവിതക്ക് ആധാരമായിട്ടുള്ളത്. ആ നിമിഷത്തിൽ മനസ്സിൽ തോന്നിയ വാക്കുകൾ പകർത്തിവെച്ചില്ലെങ്കിൽ ഉണർന്നു കഴിഞ്ഞാൽ ചിലപ്പോഴത് മറന്ന് പോകാറുമുണ്ട്. ഇത് കവിതയുടെ കാര്യത്തിൽ മാത്രമല്ല കഥയായാലും ലേഖനമായാലും മറ്റേത് രചനയായാലും ഈയൊരവസ്ഥ അനുഭവപ്പെടാറുണ്ട്. പാശ്ചാത്യ പൗരസ്ത്യ കാവ്യദർശനങ്ങളെല്ലാം പല കാരികകളിലൂടെ എഴുത്തിനേയും കാവ്യ രചനയേയും എങ്ങിനെ വേണം എന്നത് നിർവ്വചിക്കുന്നുണ്ട്. എന്നാൽ നിർവ്വചിക്കുന്നതിന്നനുസരിച്ച് ചിട്ടപ്പെടുത്തുകയല്ല അറിയാതെ അങ്ങിനെ സംഭവിക്കുന്നു എന്നതാണ് വാസ്തവം.
ഏതൊരു സർഗ്ഗാത്മക ഇടങ്ങളും ധ്യാനാത്മകമാണ്. ആത്മസമർപ്പണത്തോടെയുള്ള ഇടപെടലുകളിൽ ആത്മീയത ദർശിക്കാം. ആത്മീയ പരിസരങ്ങളെ തിരിച്ചറിയുകയോ അനുഭവിച്ചറിയുകയോ ചെയ്താൽ മാത്രമേ ഒരു പരിധിവരെ അതടയാളപ്പെടുത്താനാവു. എൻ്റെ രചനാ വേളകളിൽ അനുഭവപ്പെട്ട ആ പ്രതിഭാസത്തെ അടയാളപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ നടത്തുന്നത്.
നിരീക്ഷണവും അസാമാന്യമായ ഭാവുകത്വവും കാവ്യരചനക്കാവശ്യമെന്ന് പ്രകൃതിയെ പ്രണയിച്ച പാശ്ചാത്യ കവി വേർഡ്സ് വർത്ത് അഭിപ്രായപ്പെടുന്നുണ്ട്. ബാഹ്യലോകത്തെ നിരീക്ഷിച്ച് കവിയുടെ ഭാവുകത്വത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുകയും അതിൻ്റെ ഫലമായി വികാരങ്ങളും അനുഭൂതികളും കാവ്യബിംബങ്ങളായി കവിത ജനിക്കുകയും ചെയ്യുന്നു. വിചിത്ര കൽപ്പനകളെ ശക്തിവിശേഷങ്ങളാക്കുന്നതിൽ ആത്മീയതക്ക് കാര്യമായ പങ്കുണ്ടെന്നാണ് അനുഭവപാഠം. അതു തന്നെയാണ് സർഗ്ഗശക്തി.
സദാ സത്യത്തിൻ്റെ ധർമ്മത്തിൻ്റെ ഭാഗത്തായിരിക്കും യഥാർത്ഥകവിയുടെ നിലപാടുകൾ ഉണ്ടാകുക. ഒരു തരം സത്യാന്വേഷണം തന്നെയാകുന്നു കാവ്യരചനയും . ആത്മീയത എന്നത് ഉപരിപ്ളവമായി കാണേണ്ടതല്ല. ബാഹ്യമായ വേഷവിധാനങ്ങളിലൊ ശരീരപ്രകൃതികളിലൊ അല്ല ആത്മീയത കുടികൊള്ളുന്നത്. അത് ആത്മാവിൻ്റെ തെളിഞ്ഞ അതിഭൗതികമായ ഒരവസ്ഥയാണ്. ഒരു പക്ഷേ നിർവ്വചനങ്ങൾക്കുമതീതം. കാണുന്നത് മാത്രം ശരി, യുക്തിക്ക് നിരക്കുന്നത് മാത്രം ശരി എന്ന വാദഗതിക്കപ്പുറം വളരെ സൂക്ഷ്മമായ അഗോചരമായ അനുഭൂതിയാണ് ആത്മീയത എന്നത് രചനാ വേളകളുടെ അനുഭവസ്ഥലികൾ സാക്ഷ്യപ്പെടുത്തുന്നു. സമാന ചിന്താഗതിക്കാരോടല്ലാതെ എല്ലാവരുമായും മനസ്സിൻ്റെ ഈയവസ്ഥയെ പങ്കുവെക്കാനും കഴിയില്ല. ബാഹ്യാവസ്ഥകളുടെ പക്ഷഭേദങ്ങൾക്കും ക്രൂരതകൾക്കുമെതിരെ ആത്മാവിലനുഭവിക്കുന്ന അന്ത:സംഘർങ്ങളിൽ നിന്നു തന്നെയാണ് യഥാർത്ഥ കലാസൃഷ്ടിയുടെ ഉൽഭവം. അവിടെ അസാധാരണമായ ,ആറാം ഇന്ദ്രിയത്തിൻ്റെ പ്രവർത്തനം അനുഭവവേദ്യമാണ്. നിരീക്ഷണം പ്രതീതി, വികാരം ,ചിന്ത ഇവയുടെ പാരസ്പര്യം സങ്കീർണ്ണമായ പല തലങ്ങളിലൂടെ സഞ്ചരിച്ചു തന്നെയാണ് ഒരു രചന സാക്ഷാൽകൃതമാകുന്നതെന്ന ചിന്തകരുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. പരസ്പര ദ്വന്ദ്വങ്ങൾ തന്നെ പരസ്പര പൂരകമാവുന്ന ഒരവസ്ഥ .മൂല്യവത്തായ വികാരങ്ങളുടെ ഹൃദയാവിഷ്ക്കാരം. ഹൃദയവും ബുദ്ധിയും സമ്മേളിച്ചെഴുതുമ്പോൾ മറ്റൊരു തലം പ്രത്യക്ഷമാകുന്നു.
ആദ്യം നിരീക്ഷിക്കുന്ന വിഷയത്തെ ക്രമാനുഗതമായി എത്തിക്കുന്നിടത്താണ് ആത്മീയത കൂടുതൽ സന്നിവേശിക്കപ്പെടുന്നത്. ശൂന്യമായ ഒരവസ്ഥയിലേക്ക് വിഷയങ്ങളും വരികളും പൂർവ്വ നിശ്ചിതമല്ലാതെ കടന്നു വരുന്നു. ചില വെളിപാടുകളൊ, പ്രവചനങ്ങളൊ എന്നത് പോലെ. എഴുതിക്കഴിഞ്ഞ ശേഷം ഇത് സ്വയം എഴുതിയതോ എന്നൊരു അവിശ്വസനീയത തോന്നാം. കവിയുടെ ആത്മാവിൽ ഉരുത്തിരിഞ്ഞ ദർശനങ്ങളായി അവ പരിണമിക്കുന്നു. ദർശനങ്ങൾ പലതുമാകാം. കവിയുടെ ആത്മാവാണ് എല്ലാം ദർശിക്കുന്നത്. കേവലം മാംസചക്ഷുസ്സല്ല മൂന്നാം കണ്ണായ അകക്കണ്ണു തന്നെയാണ് ആയെഴുത്തിന് പിന്നിൽ . വികാരത്തിന്നുളളിലെ വൈകാരികതയും ആത്മാവും ഭിന്നങ്ങളാകുന്നു. ബാഹ്യവും ആന്തരികവുമായ കാര്യങ്ങൾ കവിതക്ക് ഒരു പോലെ വിഷയമാകുന്നു.
പ്രവാചക തുല്യനാണ് കവി എന്ന അഭിപ്രായത്തെ സാധൂകരിക്കുന്നതിനുതകുന്നതാണ് കാവ്യരചനയിലെ ആത്മീയത. അദൃശ്യമായ ഇടപെടലിലൂടെ എഴുത്തിൻ്റെ സുതാര്യത വ്യക്തമാകുന്നു. സന്ദേശം പകരുന്നവനാണ് പ്രവാചകൻ. ആ സന്ദേശത്തെ കാവ്യാത്മകമാക്കി കവി ലോകത്തിന് നൽകുന്നു. ഋഷിയല്ലാത്തവൻ കവിയല്ല എന്ന പൗരസ്ത്യദർശനത്തിൽ ഋഷി തുല്യമായ മനസ്സിനുടമയായിരിക്കണം കവി എന്ന് വ്യക്തമാക്കുന്നുണ്ട്. അറിയുകയും ശബ്ദിക്കുകയും വർണ്ണിക്കുകയും ചെയ്യുന്നവനത്രെ കവി. അപ്പോൾ ദർശനമാണ് കവിത. ഇഹലോകത്തെ മറികടന്ന് ശൂന്യതയിൽ അൽഭുതം സൃഷ്ടിക്കാനുള്ള കഴിവ് ഋഷിക്കുണ്ട്. അതീന്ദ്രിയ ജ്ഞാനിയാണ് ഋഷി . എല്ലാ ഇന്ദ്രിയ സുഖങ്ങളേയും പരിത്യജിച്ച് മനസ്സിൻ്റെ ആത്മീയാവസ്ഥയെ പ്രാപിച്ചവൻ. ഒരു സത്യസന്ധനായ കവി തികച്ചും അന്തർമുഖനായിരിക്കുമ്പോഴും ലോകത്തിന് നേരെ തുറന്ന കണ്ണുമായിരിക്കുന്നവനാണ്. സമൂഹത്തിന് നേരെ പിടിച്ചൊരു കണ്ണാടി കവി മനസ്സിലുണ്ട്. കണ്ണാടിയിൽ പ്രതിഫലിക്കുന്ന ചിത്രങ്ങൾ വാഗ്രൂപങ്ങളായി സർഗ്ഗാത്മക രചനകളായി ഉയിർക്കൊള്ളുന്നു. ഋഷികൾ ശൂന്യതയിൽ നിന്നും അൽഭുതങ്ങൾ സൃഷ്ടിക്കുന്നത് പോലെ കവിയുടെ തൂലികയിൽ നിന്നും അൽഭുത സൃഷ്ടികൾ വാർന്നു വീഴുന്നു. അത് തന്നെയല്ലെ രചനയിലെ ആത്മീയത. ആത്മദർശനത്തിൽ നിന്നുണ്ടായ ആത്മജ്ഞാനമോ, താളാത്മകമായ വെളിപാടോ ആയി കവിത മാറുന്നു . എന്നാൽ വർത്തമാനകാലത്ത് ബിംബങ്ങളുടെ വേഷമണിഞ്ഞ ധൈഷണികതയാണ് കവിതയായി ജനിക്കുന്നത്. അവിടെ ആത്മാവിനേക്കാൾ മസ്തിഷ്ക്കമാണ് പ്രവർത്തിക്കുന്നത്. ഹൃദയം മാത്രം പ്രവർത്തിക്കുമ്പോൾ കവിത കൂടുതൽ വൈകാരികമാകുന്നു. എങ്ങനെയായാലും ഭാവനയും കവിത്വവും പ്രതിഭയും ചേരുമ്പോൾ മാത്രമേ കാവ്യ പരിവേഷം ഉണ്ടായിരിക്കുകയുള്ളു. അല്ലെങ്കിലത് കേവലങ്ങളായ വാക്കുകളോ വസ്തുതകളോ മുദ്രാവാക്യങ്ങളൊ മാത്രമായി അവശേഷിക്കുന്നു. ആത്മീയതയുടെ ഇടപെടലിൽ വാക്കുകൾ, വരികൾ കാവ്യാത്മകമായി മാറുന്നു. അത് ബുദ്ധിയുടെ പക്ഷത്തേക്കാൾ ഹൃദയത്തിൻ്റെ അല്ലെങ്കിൽ ആത്മഭാഷണത്തിൻ്റെ സ്ഥാനത്ത് തന്നെയാണ് നിൽക്കുന്നത്.
പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി വാദഗതികൾ നിലവിലിരിക്കെ അവനവൻ്റെ എഴുത്തനുഭവങ്ങളിലെ ആത്മീയതയെ സ്വയം വിലയിരുത്തുമ്പോഴെ എഴുത്തിൽ എത്രത്തോളം ആത്മീയതയനുഭവപ്പെടുന്നു എന്നത് വ്യക്തമാക്കാനാകു. ആസൂത്രിതമായ എഴുത്തിടങ്ങളിൽ കൃത്രിമത്വം അനുഭവപ്പെടാം. എന്നാൽ തനിയെ ഒരു പ്രവാഹം പോലെയുള്ള എഴുത്തിൽ കല്ലുകടി അനുഭവപ്പെടില്ല. എഴുത്തിനെ കൂടുതൽ പ്രകാശമാനമാക്കുന്ന മറ്റൊരു ഘടകം അനുഭവസമ്പത്തുമാകാം. മൂർച്ചയേറിയ ജീവിതാനുഭവങ്ങൾ ഒരെഴുത്തുകാരനെ സംബന്ധിച്ച് രചനക്കാവശ്യമായ പദാർത്ഥങ്ങളെ നൽകുന്നു. അസംസ്കൃത പദാർത്ഥങ്ങളായിരിക്കാം അവയിൽ കൂടുതലും. അസംസ്കൃതത്തെ സംസ്കരിച്ചെടുത്ത് കൂടുതൽ തെളിമയോടെ ആവിഷ്ക്കരിക്കുന്നിടത്തും ആത്മീയത പ്രകടമാകാം. ആത്മീയതയുടെ പകർന്നാട്ടങ്ങൾ പലവിധത്തിലും പല തോതിലുമായിരിക്കാം.
അറിഞ്ഞുവരുന്തോറും അറിയാനാവാത്തത്രയും നിഗൂഢമായിരിക്കും ആത്മീയതയുടെ കേന്ദ്രം. സ്വയമറിയാൻ ശ്രമിക്കുന്തോറും സ്വയമൊന്നുമല്ല എന്നൊരു ബോധവും ഉരുത്തിരിയുന്നു. എപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നവരിൽ ആത്മീയതയുടെ പ്രവർത്തനം എത്രത്തോളം സാധ്യമെന്നെന്നറിയില്ല. എഴുത്തിൻ്റെ അപൂർവ്വ വേളകളിൽ ആത്മീയതയുടെ മിന്നലാട്ടം ശ്രദ്ധേയമാണ്. മനസ്സിൻ്റെ ഉള്ളറകൾ തുറന്ന് പ്രകാശമാനമായ ഒരിടമാണ് ആത്മീയതയുടെ ഉറവിടമെന്നൊക്കെ നാം വിശ്വസിക്കുന്നു. ഒരു വിഷയത്തോട് ഏകാഗ്രതയും മനനവും സാധ്യമാക്കിയാൽ ആത്മീയമായി ഉണരും. ഉണർവ്വിലെ ഉറക്കമായ ധ്യാനാത്മകതയിൽ പ്രസരിക്കുന്ന പ്രകാശരേണു. ആ ചെറിയ കണം പ്രക്ഷുബ്ധമായ മനസ്സിൽ വരികൾ കുറിക്കുന്നു. അത് കവിതയായി രൂപാന്തരം പ്രാപിക്കുന്നു.
കവിയും വിശ്വാസിയും അവിശ്വാസിയും യുക്തിവാദിയുമെല്ലാം ആത്മീയതയുടെ വൈവിധ്യവും വൈചിത്ര്യങ്ങളുമാണെന്ന തിരിച്ചറിയലിൽ ആത്മീയതയെ കൂടുതലറിയുന്നു. ഇരുട്ടിനെയകറ്റി വെളിച്ചം പ്രദാനം ചെയ്യുന്നത് ആത്മീയതയാണ്. ഒരു രചന അല്ലെങ്കിൽ ഒരു കഥാപാത്രമായി തൻമയത്വത്തോടെ പകർന്നാടുമ്പോൾ ആത്മാവ് ചോരാതെ അതേ തീവ്രതയോടെ പ്രേക്ഷക മനസ്സിൽ അല്ലെങ്കിൽ വായനക്കാരിൽ സാത്മീഭവിക്കുന്നതാണ് ആത്മീയത.
പഴയ കാലത്തേപ്പോലെ ഉദ്ബോധനവും ആനന്ദവും മാത്രമല്ല കവിത. അത് പ്രതിരോധവും അനീതികളോടുള്ള വെല്ലുവിളിയും യുദ്ധവും കൂടിയാണ്. മൃദുസമീപനങ്ങൾ എന്നത് പോലെ ഭാഷയിൽ ശക്തമായ സമീപനങ്ങളും കൈക്കൊള്ളുന്നുണ്ട്. കൃത്യമായ ആവിഷ്ക്കാരങ്ങളിൽ ആത്മീയത ദർശിക്കാം. മനുഷ്യനെന്ന കേവലതക്കപ്പുറം ഈ പ്രപഞ്ചത്തെ നയിക്കുന്ന വലിയൊരു ശക്തിയുണ്ട്. ആ ശക്തി തന്നെയാകുന്നു ആത്മീയതയും. ഭക്തി എന്ന കേവലാർ ത്ഥത്തിലൊതുങ്ങുന്നതല്ല ആത്മീയത. രചനകൾ മൗലികവും അഖണ്ഡവുമായിരുന്നാൽ അതിൽ ആത്മീയതയുടെ കരസ്പർശമുണ്ടാകും. .നാം കാണാത്ത കാര്യങ്ങളെക്കുറിച്ച് കേട്ടും അറിഞ്ഞും പഠിച്ചും ആവിഷ്ക്കരിക്കുന്നിടത്ത് സംഭവിക്കുന്ന അനായാസവും ഉദാത്തവുമായ എഴുത്ത് ആത്മീയതയുടെ ഫലശ്രുതിയാണ്.
ഇക്കാലയളവിനുള്ളിലെ രചനാ വേളകളിൽ സ്വകാര്യമായി അനുഭവപ്പെട്ട കുറച്ചു കാര്യങ്ങളാണിവിടെ പ്രതിപാദിച്ചത്. അതെത്രത്തോളം സ്വീകാര്യമാകുമെന്നറിയില്ല." പല ജനത പലേ നിബന്ധനം" എന്നാണല്ലൊ. ആത്മീയതയനുഭവപ്പെട്ട ആത്മാർത്ഥതയുടെ എഴുത്താണെങ്കിൽ ആ എഴുത്തിന് എതിരേ കൊട്ടിയടച്ച വാതിലുകളെല്ലാം കാലവിളംബം നേരിട്ടാലും സാക്ഷനീക്കി അക്ഷരങ്ങൾ പുറത്തു വന്നിരിക്കും. കസ്തൂരി മണമുള്ള വാക്കുകളായി..... കവിതകളായി എന്ന് മാത്രം പറഞ്ഞു കൊണ്ട് സ്വാനുഭവത്തിലുളവായ ആത്മീയതയുടെ ഈ ചെറു കുറിപ്പിന് വിരാമം കുറിക്കുന്നു....!
No comments:
Post a Comment