നീതിപീoങ്ങൾ ഉണർന്നിരിക്കട്ടെ..... ഇന്ദിരാ ബാലൻ
ഏതിരുട്ടിലും നീതിദേവത അകക്കൺ തുറന്നിരിക്കട്ടെ. കണ്ണിനെ കറുത്ത ശീല കൊണ്ട് മൂടി കയ്യിൽ തുലാസുമായി നിൽക്കുന്ന നീതിദേവതയുടെ ചിത്രം കാണുമ്പോഴൊക്കെ ആ തുലാസിൽ എത്ര ജീവനുകൾ പിടയുന്നുണ്ടാവാം എന്ന് തോന്നുമായിരുന്നു. ആത്യന്തികമായി നന്മയുടെ തുലാസ് ഉയരട്ടെയെന്ന നിശ്ശബ്ദ പ്രാർത്ഥനയും.
തെറ്റു ചെയ്തവർക്ക് നേരെ വധശിക്ഷ വിധിക്കുകയും പിന്നീടത് നീട്ടിവെക്കുകയും ചെയ്യുന്ന സ്ഥിരം കാഴ്ചകൾ കാണുമ്പോൾ മഹാപാപങ്ങൾക്ക് വീണ്ടും വളം വെച്ചു കൊടുക്കുന്ന പ്രതീതിയാണനുഭവപ്പെട്ടിരുന്നത്. എത്രയോ ഗോവിന്ദച്ചാമികൾ ഇപ്പോഴും തടിച്ച് കൊഴുത്ത് വീർത്ത് ജയിലിനുള്ളിൽ സുഖജീവിതം നയിച്ചു കൊണ്ടിരിക്കയാണ്. പല ഗൂഢാലോചനകൾക്ക് പിന്നിലും പ്രവർത്തിക്കുന്ന മാഫിയാ കണ്ണികളും. ലൈംഗിക പീഡന കൊലക്കേസിനെതിരെ ഇപ്പോൾ നടപ്പിലാക്കിയ വധശിക്ഷ ഒരു പരിധി വരെ നീതി സംരക്ഷിക്കപ്പെടാനുള്ള വാതിലാവുകയാണെന്ന് വിശ്വസിക്കാം.
2012 ഡിസംബർ 16ന് രാത്രി 10.40 ന് ഡൽഹിയിൽ നടന്ന നിർഭയക്കൊലക്കേസിനാണിവിടെ അന്ത്യശിക്ഷ നടപ്പാക്കിയിരിക്കുന്നത്. രാജ്യം സ്വതന്ത്രമായ ശേഷം ആദ്യമായാണ് നാല് പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റിയിരിക്കുന്നുവെന്നാണ് വാർത്ത. ഇത് വരെ തൂക്കിലേറ്റിയ കണക്കിലിപ്പോഴും തർക്ക വിഷയമത്രെ.
സർക്കാരിൻ്റെ ഔദ്യോഗിക രേഖകൾ പ്രകാരം അൻപത്തിരണ്ടു പേരെയാണ് തൂക്കിലേറ്റിയതെന്ന് . എന്നാൽ 755 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയിട്ടുള്ളതെന്ന് ഡൽഹി നാഷണൽ ലോ സർവ്വകലാശാലയുടെ കണക്കുകൾ പറയുന്നു. എന്തായാലും നീതിക്ക് വേണ്ടി നിയമം നടപ്പാക്കുകയെന്നതാണ് പ്രധാനം. അതിൽ പക്ഷഭേദങ്ങൾ കാണിക്കരുതെന്നും അപേക്ഷയുണ്ട്.
വധശിക്ഷ കൊണ്ട് കുറ്റങ്ങൾ ഇല്ലാതാകുന്നുണ്ടോയെന്നത് മറ്റൊരു വിഷയം. എന്തായാലും മാതൃകാപരമായ ശിക്ഷാവിധികളാൽ കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ തടയാനാവുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്ത് സുരക്ഷയും നിയമപരിരക്ഷയും നടപ്പിലാക്കിയാലേ സമൂഹ ജീവിതം ഭദ്രമാകുകയുള്ളു.വധ ശിക്ഷയേക്കാൾ ക്രൂരതയാണ് ആ പെൺകുട്ടിയോട് ചെയ്തത്. വധശിക്ഷ പ്രാകൃത ശിക്ഷാരീതിയെന്നഭിപ്രായപ്പെട്ടിട്ടൊന്നും കാര്യമില്ല. പ്രാകൃതമായി പെരുമാറിയവർക്ക് ശിക്ഷ ഇത് തന്നെയായിരിക്കണം. പീഡനത്തിനും കൊലക്കും ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ മനസ്സറിയനായാൽ ഈ ശിക്ഷയിൽ ഒരു കടുപ്പവും തോന്നില്ല. എത്ര ക്രൂരമായാണ് നിർഭയയുടെ ആന്തരികാവയങ്ങൾ പോലും അക്രമികൾ വലിച്ചൂരിയിട്ടത്. ഈ സമയത്ത് അവൻമാരുടെ മനുഷ്യത്വം എവിടെയായിരുന്നു? മനുഷ്യാവകാശം മനുഷ്യർക്കള്ളതാണ്. ഇവിടെ അതല്ല പ്രശ്നം. രാഷ്ട്രീയ സാമ്പത്തിക സാമൂഹികസ്വാധീനമുള്ളവർ കുറ്റം ചെയ്താൽ ശിക്ഷക്കുള്ള മുറവിളികൾ ഉയരുന്നില്ലായെന്നത് ശ്രദ്ധേയം. അവിടെയാണ് പാകപ്പിഴകൾ സംഭവിക്കുന്നത്.
വധശിക്ഷയെന്ന വിഷയത്തിൻ്റെ സങ്കീർണ്ണതകൾക്കിടയിലൂടേയും ബഹുസ്വരതയുടെ സംഭവബഹുലമായ ജീവിത പാoങ്ങളിലൂടേയുമാണ് വർത്തമാനകാലം കുതിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളും ജീവിതങ്ങളുടെ നിർവ്വചിക്കാനാവാത്ത ഉൾപ്പൊരുളുകളും വലിഞ്ഞുകയറി ഇത്തിൾക്കണ്ണികളാകുന്നവരും ഒരു മരണം മറ്റു പല ജീവിതങ്ങൾക്കും ജീവിതോപാധിയും സമാധാനവുമായിത്തീരുന്ന സമസ്യകളും ,മഹാദുരന്തങ്ങളുടെ വൈറസ് വ്യാപനങ്ങളും പ്രതിരോധങളും ജാഗ്രതയും എല്ലാം സമ്മിശ്രമായ വൈകാരികാനുഭവങ്ങൾ സൃഷ്ടിക്കുകയാണ് . ഈയവസ്ഥയിൽ മനുഷ്യജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചോർക്കാതിരിക്കാനാവില്ല.
സമകാലിക ജീവിതത്തിൽ നിറഞ്ഞു കവിയുന്ന അപ്രസക്ത വാർത്തകളുടെ അതിപ്രസരത്തിൽ കുറ്റവാളികൾ നിരന്തരം രക്ഷപ്പെടുമ്പോൾ നീതി നടപ്പാക്കുന്ന ഇത്തരം വാർത്തകൾ പ്രസക്തമാകുന്നു. ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യങ്ങൾ അവനെ നിർമ്മിച്ചെടുക്കുന്നു. പീഡനത്തിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടികളുടെ അമ്മമാരുടെ ഈറ്റുനോവിൻ്റെ കടച്ചിൽ ഏത് കടലിലൊഴുക്കിയാലാണ് ശമിക്കുക? ജീവിതാന്ത്യം വരെ അവരെയത് അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അത് പോലെ തന്നെ കുറ്റവാളികളായവർക്ക് ജന്മം നൽകിയ അമ്മമാരും അവരുടെ ഭാര്യമാരും വേദനിച്ചുകൊണ്ടിരിക്കും. ആ നിലവിളികൾ ചോര പോലെയുള്ള ഒരു തുള്ളി കൊഴുത്ത കണ്ണീരായി അവശേഷിക്കുന്നു.
പീഡിപ്പിക്കപ്പെടുന്നവരിൽ നീതി ലഭിക്കാതെ ബലിയാടായവരും ചത്തതിനൊക്കുമേ ജീവിക്കുന്നവരും നമുക്കിടയിലുണ്ട്. മാനഭംഗം എന്നത് ഒരു സ്ത്രീയെ മാനസികമായും ശാരീരികമായും കൊല്ലുന്നു. സാംസ്കാരികമായ ഉന്നമനത്തിലൂടെ സമൂഹം ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമെ ഈ അരാജകാവസ്ഥക്ക് തടയിടാനാവു. അപകടത്തിൽ പെട്ടവർ കേസുകളിലേക്കോ നിയമ നടപടികളിലേക്കോ കടന്നാൽ അതിനെ ദുർബ്ബലപ്പെടുത്താനും പിന്തിരിപ്പിക്കാനുമാണ് കൂടുതൽ ശ്രമങ്ങൾ കാണാറുള്ളത്. പ്രതികൾ പ്രബലരാണെങ്കിൽ ഭീഷണിയും സമ്മർദ്ദവും ഫലം. പരാതിക്കാരിൽ ആൾബലവും സാമ്പത്തിക സാമൂഹിക ബലവും കുറഞ്ഞവരെങ്കിൽ കേസിൻ്റെ നടപടിക്രമങ്ങളിലെ സങ്കീർണ്ണതയും സമ്മർദ്ദവും താങ്ങാനാകാതെ നിരാശരാകുന്ന സ്ഥിരം കാഴ്ചകൾ.
ഈയവസ്ഥയിൽ ഇത്തരം ചില ചലനങ്ങൾ പ്രത്യാശാ ഭരിതങ്ങളാണ്.
മഹാമാരിയിൽ ജീവിതം സ്തംഭനാവസ്ഥയിൽ നിൽക്കുമ്പോഴും കുറ്റങ്ങൾ കുറ്റങ്ങളല്ലാതാവുന്നില്ല. കൊറോണ വിപത്തിനാൽ വരുമാന സ്രോതസ്സുകളെല്ലാം അടഞ്ഞ് രാജ്യം സാമ്പത്തിക ഭീഷണി നേരിടുന്ന ഈ പ്രതിസന്ധിയിലും സത്യങ്ങൾ നടപ്പിലാവട്ടെ. അനീതിയുടെ ചാട്ടവാറടികൾക്ക് മുകളിൽ നീതിയുടെ ശംഖൊലികൾ മുഴങ്ങുക തന്നെ വേണം. കുറ്റവാളികളൊരിക്കലും രക്ഷപ്പെടരുത്. ശിക്ഷ നടപ്പാക്കുന്നതോടൊപ്പം രതിവൈകൃതങ്ങളിലേക്ക് വഴുതി വീഴുന്ന
തരത്തിൽ ,സമൂഹത്തിൻ്റെ പൊതു ലൈംഗിക ബോധനിർമ്മിതിയിൽ കാര്യമായി സ്വാധീനിക്കുന്ന എല്ലാ അധീശ ശക്തികളേയും തിരിച്ചറിയാൻ പീഡനത്തിന്നിരയാക്കപ്പെടുന്നവർക്ക് കഴിയണം. സ്ത്രീ ഉപഭോഗവസ്തുവോ ഇരയോ അല്ല. അവൾ സമൂഹത്തിൻ്റെ ചാലകശക്തിയാണ്. സത്യവും മിഥ്യയും തിരിച്ചറിയാനാവണം. അനാവശ്യ മൗനങ്ങൾ ഭഞ്ജിക്കപ്പെടണം. നാവില്ലാത്തവൻ്റെ നാവാകാൻ നീതിപീഠത്തിനും സാംസ്കാരിക വാചാലതകൾക്കും കഴിയട്ടെ. കയറിന് ഊഞ്ഞാലാവാനും തൂക്കു കയറാവാനും ഒരു പോലെ കഴിയുമെന്നും മറക്കരുത്. എവിടേയും രണ്ടു പക്ഷങ്ങളുണ്ടാകാം. മനുഷ്യനെ കൊന്നൊടുക്കുന്ന വൈറസുകളെപ്പോലെ കുറ്റകൃത്യങ്ങളുടെ വൈറസുകൾ പെറ്റുപെരുകാതിരിക്കാൻ കൃത്യമായ മാതൃകാപരമായ ശിക്ഷാ നടപടികൾക്ക് സ്വാഗതമോതാം.
No comments:
Post a Comment