Social Icons

Friday, February 17, 2017

വിഷമുള്ളുകൾ


ഉഴുതുമറിച്ചു പാകുന്നു
വിഷവിത്തുകൾ
വിളവെടുക്കുന്നു നൂറു മേനി വിഷമുള്ളുകളും
അസത്യത്തിൻ പത്തായം തുറന്നു. കെട്ടി
ച്ചമയ്ക്കുന്നു നുണപ്പന്തലുകൾ
സംശയദൃഷ്ടിയാലുറ്റു നോക്കി ദഹിപ്പിക്കുന്നു
നോവുകൾ തിന്നു തീർക്കും കരൾക്കുടങ്ങളെ
പുകയുന്നു ഗന്ധകതീ തുപ്പും
പണിശാലകൾ തന്നകത്തളങ്ങൾ
പടർന്നുകയറുന്നസഹിഷ്ണുത തൻ
ചോര പുരണ്ട കലാപചിന്തകൾ
സത്യങ്ങളറിയാതെ പുലമ്പുന്നു പാവകൾ
വെട്ടുന്നു ചതിക്കുഴികൾ പടനിലങ്ങളിൽ
വിഷമുള്ളുകളെറിഞ്ഞു സ്വാസ്ഥ്യം കെടുത്തി
അപഹരിക്കുന്നു നന്മ തൻ രാപ്പകലുകളെ
ഒരുക്കുന്നു ശരശയ്യകൾ ആളറിയാതെ
ഉറ്റു നോക്കിനിൽപ്പൂ കാണികളുമൊരു വശം
വിഷത്തുള്ളികൾ നിറച്ചശുദ്ധമാക്കുന്നു
സൃഷ്ടി തൻ ഇറ്റുനോവറിയും തൂലികത്തുമ്പിനെ
ചവിട്ടിക്കുഴക്കുന്നു നീതിസൂര്യന്മാരെ
ശാപാസ്ത്രങ്ങളെയ്തു വീഴ്ത്തുന്നു നീതിബോധങ്ങളേയും
എളിയ ജന്മത്തിൻ കടങ്ങൾ വീട്ടാതെ
അറുത്തു മാറ്റുന്നിങ്ങനെ മൂല്യബോധങ്ങൾ
അവശേഷിപ്പൂ നിണമൊലിക്കും മുദ്രകളായി
ഘനീഭവിച്ച കബന്ധങ്ങൾ തൻ കൂമ്പാരങ്ങൾ
അറിയാപാപങ്ങളിലൊടുങ്ങുന്നു അന്ത്യത്തിൽ
അസത്യത്തിൻ ഗോപുരം തീർത്ത സൂത്രധാരരും.....!.

No comments:

 
Blogger Templates