Sunday, June 25, 2017

പൊട്ടിച്ചിരികൾ


ഉച്ചവെയിലൊഴിഞ്ഞു കുന്നിറങ്ങി വരുവതാരെ
വേനൽ മഴ തൻ തകിലു താളമോ
നോവിൻ കനമൊഴിഞ്ഞു നീ ലാകാശ
മുറ്റത്തു നിറയുന്നു ചില്ലു കവാടം
പതിയെ തുറന്നീ ശലഭമഴകൾ


ഒട്ടുമേ നോവിക്കാതെ ഭൂമി തൻ
ചെവിയിൽ കോരി വിളമ്പുന്നു
അമൃതവർഷിണിതൻ മന്ദ്ര ധ്വനികൾ
കാരണവരെപ്പോലിടക്കെത്തി നോക്കി
പത്തായം തുറന്നൊച്ചയനക്കുന്നിടിമിന്നലുകൾ
മണ്ണിൻ മാറിൽ നിന്നുയർന്ന സുഗന്ധത്തിൽ
നീന്തിത്തുടിക്കുന്നിതാ അക്ഷരത്തുള്ളികൾ
മിഴിയടക്കാതെ കാലപ്പകർച്ച തൻ
കാവലാളായൊതുങ്ങി നിൽക്കുന്നു
കാർമുകിലിലൊളിച്ച സൂര്യനും
കൈകൾ കോർത്തോടി വരുന്നു
രാവും പകലുമെന്നപോലെ
വെയിലും മഴയും പൊട്ടിച്ചിരിച്ചിങ്ങനെ

No comments: