Tuesday, June 16, 2020

മഴവില്ലിൽ വിരിയുന്ന പ്രണയഭേദങ്ങൾ


മഴത്തുള്ളിയിൽ സൂര്യപ്രകാശമേൽക്കുമ്പോൾ ഒരു നിറത്തിൽ നിന്നും ഏഴു നിറങ്ങൾ പുലരുന്നത് പോലെയാണ് ജീവിതത്തിൻ്റെ നിറഭേദങ്ങളും. ഒരു വർണ്ണത്തിൽ നിന്നും വൈവിധ്യങ്ങൾ ജനിക്കുന്നു. ആഹ്ളാദമായും സന്താപമായും രോഷമായും നിർവികാരമായും പ്രണയഭേദങ്ങളായുമൊക്കെ ഏഴിതൾ പൂവിലെ ഇതളുകളായി. ഇതളുകൾ പോലെ നേർമ്മയേറിയതാണ് ജീവിതവും. ശ്രദ്ധിച്ചില്ലെങ്കിൽ നൂറായി ചിതറുന്ന ചില്ലുക്കഷ്ണങ്ങളാകാനും ജീവിതത്തിനാവും. ആ ജീവിതത്തിൻ്റെ നിറഭേദങ്ങളെയാണിവിടെ എം.ചന്ദ്ര പ്രകാശിൻ്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "മഴവില്ലിൽ ഒരു പ്രണയകാവ്യം " എന്ന സമാഹാരത്തിൽ കോർത്തിട്ടിരിക്കുന്നത്.

പ്രണയം എന്നത് വ്യക്തികളെ സംബന്ധിച്ച് ആത്മനിഷ്ഠമാണ്. സർവ്വ ചരാചരങ്ങളോടും തോന്നുന്ന അലൗകികമായ അനുഭൂതി. ഉൻമത്ത മാവാനും തപിച്ചുരുകി ലാവയായി പിളർന്നൊഴുകാനും ആനന്ദനടനമാവാനും നിരാകരിക്കാനുമെല്ലാം പ്രണയത്തിനാവും. "പ്രണയം" എന്ന വാക്കിന് തന്നെ വ്യത്യസ്ത അർത്ഥങ്ങൾ കൽപ്പിക്കപ്പെടുന്നുണ്ട്. നമിക്കുക, നയിക്കുക, പഴക്കം വിരഹം, വിശ്വാസം, യാചന, ഭക്തി എന്നെല്ലാം ശബ്ദാർത്ഥ രൂപകങ്ങളായി വർത്തിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം അഥവാ പ്രേമം എന്ന സ്ഥൂലാർത്ഥത്തിലൊ കേവലതയിലൊ അല്ല അത് ധ്വനിക്കപ്പെടുന്നത്.
വർത്തമാനകാലത്തെ കവിതകൾ പുതിയ ആവിഷ്ക്കരണ ഇടങ്ങളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. എന്നാൽ ഈ കാവ്യസമാഹാരത്തിലെ മഴവില്ലിലെ പ്രണയകാവ്യങ്ങൾ അനുവാചകനോട് സംവദിക്കുന്നത് ജീവിതത്തിൻ്റെ വ്യത്യസ്ത ഭാവങ്ങളിലൂടെയാണ്. സ്വപ്ന സഞ്ചാരിയായും നാടോടിയായും ജീവിത സംഘർഷങ്ങളിൽ പെട്ടുഴലുന്ന മനുഷ്യനായുമൊക്കെ പ്രണയ നിറഭേദങ്ങളിൽ അഭയം പ്രാപിക്കുന്നു .ജീവിതത്തിൻ്റെ ക്രൂരമായ അവസ്ഥയിലും പ്രണയിക്കാൻ കഴിയുന്ന മനസ്സുണ്ടെങ്കിൽ അത് അതിജീവനമാകുന്നു. രീതികളും സ്വരങ്ങളും സമീപനങ്ങളും രചനാ തന്ത്രങ്ങളുമെല്ലാം ജീവിതാനുഭവങ്ങളുടെ തീച്ചൂളകളിലെരിഞ്ഞു പുതു വാങ്ങ്മയങ്ങളുടെ പ്രണയഭാവത്തിലലിഞ്ഞു ചേരുന്നു.
ആത്മദു:ഖം അസാധാരണ ചമൽക്കാരത്തോടെ ആവിഷ്ക്കരിക്കുന്ന കവിതയാണ് ആദ്യ കവിതയായ "ഭൂമിയിലേക്കിറങ്ങി വന്ന നക്ഷത്രം " എന്നത് . ജീവിതത്തിന്നൊപ്പമുണ്ടായിരുന്നവളുടെ വിരഹവും അവൾ നക്ഷത്രമായി ആകാശത്ത് ജീവിക്കുകയും ചെയ്യുന്ന ഒരു സങ്കൽപ്പമായിരിക്കാം ഈ കവിതക്ക് വിത്തേകിയതെന്ന് അനുമാനിക്കുന്നു. നക്ഷത്രങ്ങളുടെ വാസസ്ഥലം ആകാശമാണ്. അവൾ മഴത്തുള്ളിയുടെ ആത്മാവിലൊളിച്ചാണ് തൻ്റെ വീട്ടിലെത്തിയതെന്ന് കവി പറയുന്നു. മഴത്തുള്ളി സ്പർശം മൃദുലമാണ്. അതിന് പ്രണയത്തിൻ്റെ നനുത്ത ഭാവമാണ്. തൻ്റെ കവിതയുടെ അഥവാ ജീവിതത്തിൻ്റെ ഹൃദയരേഖയിലാണ് ഈ കുഞ്ഞു നക്ഷത്രം വന്നിറങ്ങിയതെന്നും കവി ഓർക്കുമ്പോൾ ജീവിതത്തിലാണെന്ന് വ്യക്തമാകുന്നു. ആകാശയിടത്തെ പറ്റി അവളോടാരായുമ്പോൾ ആ കുഞ്ഞു നക്ഷത്രം പറയുന്നത് ഭൂമിയോളം മനോഹരമായി ഒന്നുമില്ലെന്നാണ്. ആ തിരിച്ചറിവ് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യനില്ല എന്നൊരർത്ഥം വ്യംഗ്യമാകുന്നു. പക്ഷികളും പൂക്കളും പുഴകളും ഉള്ള സ്വർഗ്ഗതുല്യമായ ഇടത്തെയാണ് മനുഷ്യർ വെട്ടിയും നിരത്തിയും വികസനം പറഞ്ഞ് വികൃതമാക്കുന്നത്. അതിനാൽ ഹൃദയശൂന്യരായ മനുഷ്യരില്ലാത്ത ആകാശം തന്നെയാണ് അവൾക്കിഷ്ടമെന്ന് കവിയുടെ കുഞ്ഞു നക്ഷത്രം പറയുന്നു. അവളിലൂടെ സമൂഹത്തിൻ്റെ കണ്ണ് തുറപ്പിക്കുന്ന ദൗത്യം കൂടി ഈ കവിതയിൽ ഉൾച്ചേർന്നിരിക്കുന്നു. ജീവിതത്തിൻ്റെ മുറിപ്പാടുകളെ കവിതയാക്കുന്ന രസതന്ത്രമന്ത്രമൊരുക്കുകയാണിവിടെ. തീക്ഷ്ണമായ പ്രണയ ജീവിതത്തിൽ നിന്നും അയാളുടെ കവിതയുടെ ഹൃദയരേഖ മുറിച്ച് അതിൽ നിന്നൊരു വാക്കെടുത്ത് അവൾ ആകാശത്തിലേക്ക് പറന്നുപോയി എന്ന് പറയുന്നിടത്ത് അകാലത്തിൽ നഷ്ടപ്പെട്ട ഒരു ജീവിതത്തിൻ്റെ വിഷാദാത്മകത കവിതയിലൂടെ ജീവിത സൗന്ദര്യമായി പരിണമിക്കുന്നു.
സ്വന്തം എന്ന് കരുതുന്നതൊന്നും ഒരിക്കലും കളവ് പറയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന കവിതയാണ് "സാക്ഷി" .തന്നോട് ഇഴുകി ചേർന്ന് നിൽക്കുന്നതൊന്നും പ്രത്യേകിച്ച് വാക്കുകളുടെ തീവ്രമായ സ്നേഹം തന്നോട് കളവ് പറയില്ലെന്ന് കവി വിശ്വസിക്കുന്നു. സത്യത്തിൽ മിഥ്യയായ ഒരു ചിന്തയാണത്. വർത്തമാനകാല മനുഷ്യൻ ആത്മവഞ്ചനയുടെ പ്രതീകമാണ്. സ്വന്തം മന:സാക്ഷിയെപ്പോലും അനുനിമിഷം ചതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സത്യം എന്നത് എവിടെയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മനഃസാക്ഷിയുടെ പിടച്ചിലിൽ നിന്നും സ്വയം രക്ഷപ്പെടാൻ അവനവനെത്തന്നെ സമാശ്വസിപ്പിക്കുന്ന വാക്കുകളുടെ തേരോട്ടമാണ് സാക്ഷി. അവിടെ നിന്നും ശുഭാപ്തിവിശ്വാസത്തിലേക്ക് നടന്നടുക്കുകയാണ് ഈ കവിത.
സംസ്കാരത്തിൻ്റെ ഊർജ്ജവും ചൈതന്യവും വഹിച്ചവയായിരുന്നു പണ്ട് പുഴകൾ. എന്നാൽ ആധുനിക മനുഷ്യൻ പുഴയേയും വെറുതെ വിട്ടില്ല. കച്ചവടമാഫിയയുടെ അനധികൃത മണൽക്കടത്തിൽ പുഴ അസ്ഥി മാത്ര പ്രായമായി. ഒഴുകാൻ മറന്നു പോയ പുഴയെ കാണുമ്പോൾ തളർവാതം പിടിച്ചു മരിച്ച വല്യമ്മയുടെ ആത്മാവായാണ് കവിക്ക് തോന്നുന്നത്. ഇരുകരകളേയും കെട്ടിപ്പിടിച്ചുറങ്ങുന്ന ഈ പുഴ മനസ്സും ശരീരവും രണ്ടു പേർക്ക് വീതിച്ച പഴയ കൂട്ടുകാരിയുടെ നിനവും ഉണർത്തുന്നു. കുരിശിലേറ്റപ്പെട്ട ക്രിസ്തുവായും ആത്മജ്ഞാനം കൈവരിച്ച സന്യാസിയുടെ ഹൃദയരേഖയായും ഋതുമതിയായ പെൺകുട്ടിയായും പല രൂപകങ്ങളിലൂടെ പുഴ കവി മനസ്സിൽ ഭാവപ്രസരണം നടത്തുന്നു. ജീവിതാനുഭവങ്ങളുടെ തേരുരുളൊച്ചകളുടെ ആരോഹണാവരോഹണങ്ങൾ മഴവില്ലായി വിരിയിക്കാൻ കവിതയിലൂടെ എഴുത്തകാരന് സാധിക്കുന്നുവെന്നത് അഭിനന്ദനീയമാണ്. ഈ സമാഹാരത്തിൽ തൊണ്ണൂറോളം കവിതകളുണ്ട്. ഓരോന്നും പ്രണയത്തിൽ ചാലിച്ച ചുവരെഴുത്തുകളെപ്പോലെ മായാതെ കിടക്കുന്നു. തോറ്റ കുട്ടി ഒരിക്കലും ജയിച്ച കുട്ടിയെക്കാൾ പിന്നിലല്ല അവൻ്റെ തോൽവിയേയും ജയമാക്കി കാണുന്ന അമ്മ മനസ്സിൻ്റെ വലുപ്പം "ജയിച്ച കുട്ടി തോറ്റ കുട്ടി" എന്ന കവിതയിൽ ദർശിക്കാം. തോറ്റവരിൽ പലരും ചരിത്രത്തിൽ രാജപാത വിരിച്ചിട്ടവരാണ്. അതിനാൽ ജയം തോൽവി എന്നൊന്നില്ല . " മൂർധാവിലൊരു സ്നേഹ മുത്തമിട്ടമ്മ പതുക്കെപ്പറഞ്ഞു,
" ഉണ്ണീ നീ ജയിച്ച കുട്ടിയാണെനിക്കെന്നും " ആ ഒരു വാക്കിൽ തോറ്റവരും ജയിച്ചവരാകുന്നു. അതാണ് അമ്മയുടെ, വാക്കിൻ്റെ മഹത്വം. അമൃത് പോലെ വറ്റാത്ത സ്നേഹത്തിൻ്റെ നിറവാണ് ഈ കവിതയുടെ ഉൾത്തുടിപ്പ് .
ഇങ്ങിനെ ജീവിതത്തിൻ്റെ പല തലങ്ങളും വ്യത്യസ്ത നിറങ്ങളിലൂടെ പ്രണയഭാവങ്ങളിലൂടെ മുൾമുനകളേയും അഴകുകളാക്കാൻ ഈ കവിക്ക് കഴിയുന്നു. പുതുകാലത്തിലെ വെറും പറച്ചിലുകളോ മുദ്രാവാക്യങ്ങളൊ ആവാതെ ഈ പുസ്തകത്തിലെ ഓരോ കവിതയും ഓരോ ജീവിത പരിസരങ്ങൾ അടയാളപ്പെടുത്തി അനുവാചക മനസ്സിൽ പ്രണയത്തിൻ്റെ അലൗകികാനുഭൂതി പകരുന്നു. മനുഷ്യൻ്റെ ഏതസ്വാസ്ഥ്യങ്ങളേയും ഒപ്പിയെടുത്ത് ഊഷ്മളമായി ആവിഷ്കരിക്കാൻ ഈ കവിതകൾക്കാവുന്നു എന്നത് ശ്രദ്ധേയം. സിദ്ധാന്തവൽക്കൃതമായ ജീവിത ബോധമല്ല കവിയുടേത്. ജീവിതവുമായി ഇണങ്ങിച്ചേർന്ന വൈകാരികവും സർഗ്ഗാത്മകവുമായ പരിണാമമാണത്. പ്രണയ ദൂരങ്ങളളന്നെത്തുന്ന ജീവിതത്തിൻ്റെ സ്പന്ദനങ്ങൾ. ബാഹ്യ ചലനങ്ങളുടെ നൈമിഷികാനുഭൂതിയിലേക്കല്ല ഈ കവിതകളുടെ പ്രണയച്ചിറകുകൾ വീശുന്നത്. അത് ഉയർന്ന മാനത്ത് വിരിയുന്ന മഴവില്ലിനെപ്പോലെ കവിതയുടെ ആകാശ നിലങ്ങളിലേക്കാണ് കുതിക്കുന്നത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ സങ്കീർത്തനങ്ങളായി. സങ്കടങ്ങളേയും സംഗീതമാക്കി മാറ്റുന്ന കരവിരുതോടെ ....!

No comments: