Sunday, June 14, 2020

പ്രയാണപഥങ്ങൾ


പൂക്കുന്നിതാ മനസ്സിലൊരായിരം വർണ്ണച്ചിത്രങ്ങൾ
ശലഭങ്ങൾ, പൂക്കൾ ,വീശും മന്ദാനിലൻ
ചിറകു വെക്കുന്നിതാ സർഗ്ഗപഥങ്ങളും
പരവതാനി പട്ടുടുത്ത രാജവീഥികൾ
നിർന്നിമേഷയായ് നിൽപ്പൂയിവിടെ
യിങ്ങനെ ദിവാസ്വപ്ന താലവുമേന്തി
കരിവണ്ടുകളെ പോലെ മൂളിപ്പറക്കുന്നു
ചുറ്റും പുതിയ ചിന്തതൻ തേരൊലികൾ
താഴിട്ട ജനാലകൾ തളളിതുറക്കേണം
അതിജീവനത്തിൻ പാതകൾ താണ്ടുവാൻ
ആത്മശക്തി തൻ താക്കോലെടുത്തു
നീക്കണം പ്രപഞ്ചത്തിൻ സാക്ഷകൾ
കാണാമൊരായിരം അനുഭവത്തിന്നറകൾ
ഹർഷം ദൈന്യം കെട്ടുപിണഞ്ഞു കിടപ്പുണ്ടവിടെ
ബാല്യത്തിൻ മഞ്ചാടികൾ ,കണ്ണീരിൻ വളക്കിലുക്കങ്ങൾ,
സ്വപ്നത്തിൻ മയിൽപ്പീലിത്തുണ്ടുകൾ
പൂത്ത കൊന്നകൾ ,വിരഹത്തിന്നശോകങ്ങൾ
വിടർന്ന പാരിജാതങ്ങൾ, പൂത്ത തെച്ചികൾ
അക്ഷരത്തിൻ പരികൽപ്പനകളിങ്ങനെ
പൂത്തു പൊഴിക്കുന്നുജീവിതത്തിൻനിറഭേദങ്ങൾ
പച്ചയും കത്തിയും മിനുക്കും താടിയും കരിയും
വാർന്നു വീഴുന്നു വാങ്ങ്മയങ്ങളിങ്ങനെ
തോടുകൾ പൊട്ടിച്ചക്ഷരങ്ങളായ് പിറക്കുന്നു
സ്വപ്നലോകത്തിൻ പ്രയാണപഥങ്ങളും !

1 comment:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സിൽ പൂത്തുലഞ്ഞ മോഹവർണ്ണനകൾ നന്നായി...