കർഷകൻ മണ്ണിൽ വിത്തിറക്കിയാൽ മണ്ണിന്റെ മുഖപടം മാറ്റി പുറത്ത് കതിരായും പതിരായും വിത്തുകൾ ജനിക്കുന്നു .അത് പോലെത്തന്നെയാണല്ലൊ ജീവിതത്തിലെ ഏതൊന്നും. പുറത്ത് വരുന്നതും അകത്തളത്തിലേക്ക് മറയുന്നതും. എഴുത്തുകളും കതിരായും പതിരായും തീരാം. വായനയിൽ കതിരായി വിളഞ്ഞു നിൽക്കയും ഒപ്പം വ്യഥയായി പടർന്നു കയറുകയും ചെയ്ത ഒരു കവിതയെക്കുറിച്ചാണിവിടെ പരാമർശം. വിടാതെ നമുക്കൊപ്പം സഞ്ചരിക്കുന്ന ചില വരികൾ. മാറി നടക്കുമ്പോഴും കൂടെയുണ്ടെന്ന് വരിഞ്ഞുമുറുക്കി നനവായും ആഹ്ളാദമായും നോവായും അവ മനസ്സിന്റെ ചില്ലു പേടകത്തിൽ അള്ളിപ്പിടിച്ചിരിക്കും
.ഹിന്ദോള രാഗമായി നിറയുന്ന മായ ബാലകൃഷ്ണൻ എഴുതിയ "സ്മൃതിരാഗം'' എന്ന കവിത അതിന് നിദർശനമാണ്. അടർന്നു വീഴുന്ന വാക്കിന്റെ ഇലകളിലൂടെ അളന്നു തീർക്കുന്ന ജീവിതത്തിന്റെ ആഴവും ഈ കുഞ്ഞു കവിതയിൽ വരികളായി പെയ്യുന്നു.
മഴ വലിയൊരു പ്രതീകമാണ്. അനുഭവങ്ങളുടെ തുലാസിൽ അത് പല കിതപ്പുകളായി വേഷപ്പകർച്ചകളാടുന്നു. ആത്മാവിൽ പൂക്കുന്ന ഹിന്ദോളമായി നിറയുന്നു കവിക്കിവിടെ മഴ . മഴക്കെന്നത് പോലെ ആത്മാവിനെ പൂത്തുലയിപ്പിക്കാൻ ഹിന്ദോളരാഗത്തിനും കഴിയും. സ്മൃതി രാഗമായി നിറയുന്ന ഹിന്ദോളം മഴയായി പല രൂപഭാവങ്ങളോടെ കവിതയിൽ മിഴി തുറക്കുന്നു. ജീവന്റെ ഈണവും കുളിരുമായി മാറുമ്പോൾ തന്നെ മഴയിൽ പൊതിഞ്ഞ സ്വപ്ന സാഫല്യങ്ങളെ മണ്ണിൽ നിന്നും പൊടിഞ്ഞ് ക്ഷണിക നേരം കൊണ്ട് ചിറകടിച്ചു വീഴുന്ന മഴ പാറ്റകളോടാണ് കവി ഉപമിക്കുന്നത്. ഒരു നീർപ്പോളപ്പോലുള്ള ജീവിതത്തിന്റെ ക്ഷണികതയിലേക്കാണ് ഈ വരികൾ വിരൽ ചൂണ്ടുന്നത്. പ്രകൃതിയുടെ മനോഹാരിതയിൽ ലയിക്കുമ്പോഴും ജീവിതത്തിന്റെ അർത്ഥശൂന്യത കൃത്യമായി വരികൾക്കിടയിലെ മൗനങ്ങളിൽ നിറയുന്നു. ഈറനുടുത്ത സന്ധ്യകളിൽ, വെയിൽ മേലാപ്പിട്ട കസവണിപ്പാടങ്ങളിൽ ആകാശം ചുറ്റുന്ന വെൺകാവടികളിൽ ,നീലാകാശത്തിൽ പുഴയിൽ, മഴയിലുതിർക്കുന്ന വളപ്പൊട്ടുകളിൽ ഇലയിൽ തങ്ങിനിൽക്കുന്ന നീരണിമുത്തുകളിൽ എല്ലാം തംബുരു ശ്രുതിയിലുണരുന്ന ഹിന്ദോള രാഗം മുറുകുന്നു. ഓർമ്മത്തിളക്കങ്ങളിൽ സൊറ പറഞ്ഞിരുന്ന നിഷ്ക്കളങ്കതയുടെ കുട്ടിക്കാലവും കവിമനസ്സിൽ മഴയുടെ ഹിന്ദോളമായി നൃത്തം വെക്കുന്നു. അത് ആത്മരാഗമായി തൂലികത്തുമ്പിലെ സംഗീതമായി കവിതയായി മഴയായി ഹിന്ദോളത്തിന്റെ ആരോഹണാവരോഹണങ്ങളായി ആസ്വാദക മനസ്സിലും നിറയുന്നു. ജീവിതം എത്രയും പ്രിയപ്പെട്ടതാണെന്ന നിലയ്ക്കാത്ത അഭിവാഞ്ചയും കവിതയുടെ നിഴലായി വർത്തിക്കുന്നുണ്ടിവിടെ. പറയാതെ തന്നെ ജീവിതത്തിന്റെ അകങ്ങളും അകലങ്ങളും ദ്യോതിപ്പിക്കാൻ ഈ കവിതക്കാവന്നു എന്നതും എടുത്തു പറയേണ്ടതാണ്. ജീവിതത്തിന്റെ താക്കോൽപ്പഴുതുകൾ തുറക്കുമ്പോഴുള്ള കാഴ്ചകൾ വിസ്മയങ്ങളാണ് . അവ കാണാപ്പുറത്തേക്കും കാഴ്ചകളെ നയിക്കുന്നു. അത്തരമൊരു ഹർഷവും വ്യഥയും കെട്ടുപിണഞ്ഞു കിടക്കുന്ന കാഴ്ച ഈ കവിതയും നൽകുന്നു. വായിച്ചു കഴിയുമ്പോഴും നീറിപ്പടരുന്നൊരു നോവ് അതനുഭവിപ്പിക്കുന്നു. മായ ബാലകൃഷ്ണന്റെ തൂലികയിൽ ഇനിയുമേറെ കവിതമഴകൾ പൂത്തുലയട്ടെ.....!
No comments:
Post a Comment